ജിദ്ദ: ഹജ്ജ് തീർഥാടകരുടെ തിരിച്ചു പോക്ക് തുടങ്ങി. യാത്രാനടപടികൾ എളുപ്പമാക്കുന്നതിന് പ്രവേശന കവാടങ്ങളിൽ വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ കര,േവ്യാമ, കടൽ പ്രവേശന കവാടങ്ങളിലാണ് സിവിൽ ഏവിയേഷൻ, പാസ്പോർട്ട്, ഹജ്ജ് മന്ത്രാലയം, മതകാര്യം വകുപ്പുകൾ ഒരുങ്ങിയത്. ജിദ്ദ വിമാനത്താവളം വഴി തിങ്കളാഴ്ച മുതൽ തീർഥാടകരുടെ മടക്കയാത്ര ആരംഭിച്ചു. ആദ്യദിവസം ആഭ്യന്തര തീർഥാടകരായ 15000 പേർ യാത്ര തിരിച്ചതായാണ് കണക്ക്. ഇന്നലെ മുതലാണ് വിദേശ ഹാജിമാരെയും വഹിച്ചുള്ള വിമാനങ്ങളുടെ മടക്കയാത്ര തുടങ്ങിയത്. ഏകദേശം 12 ലക്ഷം തീർഥാടകർ ജിദ്ദ വിമാനത്താവളം വഴി യാത്ര തിരിക്കുമെന്ന് സിവിൽ ഏവിയേഷൻ പബ്ളിക് റിലേഷൻ മേധാവി തുർക്കി അൽദീബ് പറഞ്ഞു.
മുഹറം പകുതി വരെ മടക്കയാത്ര തുടരും. ഗവൺമെൻറ്, സ്വകാര്യ വകുപ്പുകൾക്ക് കീഴിലെ 13000 പേർ തീർഥാടകരുടെ സേവനത്തിനായി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് ടെർമിനലിൽ തീർഥാടകരുടെ മടക്കയാത്രക്കുള്ള ഒരുക്കങ്ങൾ സൗദി പാസ്പോർട്ട് മേധാവി കേണൽ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽയഹ്യ സന്ദർശിച്ചു വിലയിരുത്തി.
മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിലും വിപുലമായ ഒരുക്കങ്ങളാണ് മടക്കയാത്രക്ക് പൂർത്തിയാക്കിയിരിക്കുന്നത്. 5000 പേർ സേവനത്തിനായി രംഗത്തുണ്ട്. സിവിൽ ഏവിയേഷൻ മേധാവി അബ്ദുൽ ഹക്കീം ബിൻ മുഹമ്മദ് അൽതമീമി വിമാനത്താവളം സന്ദർശിച്ചു ഒരുക്കങ്ങൾ വിലയിരുത്തി. സിവിൽ ഏവിയേഷനും അനുബന്ധ വകുപ്പുകളുകളുമായി സഹകരിച്ചു തീർഥാടകരുടെ മടക്കയാത്ര നടപടികൾക്കാവശ്യമായ കാര്യങ്ങൾ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.
മദീന വിമാനത്താവളം വഴി തിരിച്ചുപോകുന്ന തീർഥാടകർ മുൻ വർഷത്തേക്കാൾ ഏകദേശം 45 ശതമാനം കൂടുമെന്ന് ഒാപറേഷൻ കമ്പനി മേധാവി എൻജിനീയർ സുഫ്യാൻ അബ്ദുൽസലാം പറഞ്ഞു. വിമാനത്താവള സേവനവുമായ ബന്ധപ്പെട്ട മുഴുവൻ വകുപ്പുകളുമായി സഹകരിച്ചു വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. 6,76000 തീർഥാടകർ ഇത്തവണ മദീന വിമാനത്താവളം വഴി എത്തിയിട്ടുണ്ട്. മുൻവർഷത്തേക്കാൾ 23 ശതമാനം കൂടുതലാണിത്. ഇന്നു മുതൽ തീർഥാടകരുടെ മടക്കയാത്ര ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരമാർഗം തീർഥാടകരെത്തുന്ന പ്രവേശന കവാടങ്ങളിലും ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.