ജിദ്ദ: ഹജ്ജ് വേളയിൽ അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്തിയതിനു പിഴയും ശിക്ഷയുമായി 108 വിധികൾ പുറപ്പെടുവിച്ചതായി റിപ്പോർട്ട്. മക്കക്കടുത്ത പ്രവേശന കവാടങ്ങളിൽ പ്രവർത്തിച്ച പാസ്പോർട്ട് സമിതിയാണ് ഇത്രയും വിധികൾ പുറപ്പെടുവിച്ചത്. മൊത്തം പിഴ സംഖ്യ 50 ലക്ഷത്തിലധികം റിയാൽ വരും. 1540 ദിവസം ജയിൽ ശിക്ഷയും വിധിച്ചിട്ടുണ്ട്. 15 വാഹനങ്ങളാണ് പിടിച്ചെടുത്തത്.
ശിക്ഷക്കും പിഴക്കും ശേഷം നാട് കടത്താൻ വിധിച്ച വിദേശികളുടെ എണ്ണം 19 ആണ്. ഏറ്റവും വലിയ പിഴ 1,40,000 റിയാലും ഏറ്റവും കുറഞ്ഞത് 10,000 റിയാലുമാണ്. പിഴ, ശിക്ഷ വിധിച്ചവരിൽ സ്ത്രീകളാരും ഉൾപ്പെട്ടിട്ടില്ല. ഹജ്ജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്തുന്നവർക്കും ഹജ്ജ് നിയമങ്ങൾ ലംഘിക്കുന്നർക്കുമെതിരെ പിഴയും ശിക്ഷയും ചുമത്താൻ പാസ്പോർട്ട് വകുപ്പിന് കീഴിലെ പ്രത്യേക സമിതി മുഴുസമയം പ്രവേശന കവാടങ്ങളിൽ പ്രവർത്തിച്ചിരുന്നു.
ഹജ്ജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്തി പിടിയിലാകുന്നവർക്ക് ആദ്യതവണ 15 ദിവസം ജയിലും 10,000 റിയാൽ പിഴയും രണ്ടാം തവണയാണെങ്കിൽ രണ്ടു മാസം തടവും 25,000 റിയാൽ പിഴയും മൂന്നാം തവണയാണെങ്കിൽ ആറു മാസം തടവും 50,000 റിയാൽ പിഴയും വിദേശിയാണെങ്കിൽ ശിക്ഷക്കും പിഴക്കും ശേഷം നാട് കടത്തുമെന്നും പാസ്പോർട്ട് വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.