അബൂദബി: ഹജ്ജിെൻറ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ആചരണത്തിലേക്കും വെളിച്ചം പകരുന്ന പ്രദർശനത്തിന് ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ തുടക്കമായി. ‘ഹജ്ജ്: സ്മരണകളുടെ സഞ്ചാരം’ എന്ന പേരിൽ ആറ് മാസത്തോളം നീണ്ടുനിൽക്കുന്ന പ്രദർശനമാണ് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെൻറർ (എസ്.ഇസഡ്.ജി.എം.സി) വിനോദസഞ്ചാര^സാംസ്കാരിക അതോറിറ്റിയുമായി (ടി.സി.എ അബൂദബി) സഹകരണത്തോടെ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത കാലങ്ങളിൽനിന്നും നാടുകളിൽനിന്നും സമാഹരിച്ച ഖുർആനിെൻറ അപൂർവ കൈയെഴുത്ത് പ്രതികൾ, ചരിത്രപ്രാധാന്യമുള്ള ഫോേട്ടാകൾ, കരകൗശലങ്ങളിൽ വിരിഞ്ഞ പുണ്യഗേഹങ്ങളുടെ മാതൃകകൾ, ഇൻസ്റ്റലേഷനുകൾ, പെയിൻറുങ്ങുകൾ, കലിഗ്രഫികൾ തുടങ്ങിയവ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തെ സമ്പന്നമാക്കുന്നു. മൾട്ടി മീഡിയ സംവിധാനങ്ങളുടെ സഹായത്തോടെയുള്ള വിവരണങ്ങളും ലഭ്യമാണ്.
ഇസ്ലാമിെൻറ പഞ്ചസ്തംഭമായ ഹജ്ജിെൻറ പൂർത്തീകരണത്തിന് നിശ്ചയദാർഢ്യം മാത്രം മുൻനിർത്തിയുള്ള ഒരുപിടി യാത്രാനുഭവങ്ങൾ പ്രദർശനത്തിൽ ഏറെ ആകർഷകമാണ്. 1979ൽ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ നടത്തിയ ഹജ്ജ് യാത്രയെ ദൃശ്യവത്കരിക്കുന്ന പ്രദർശനം വിവിധ വർഷങ്ങളിലൂടെ വിവിധ രാജ്യക്കാരുടെ ഹജ്ജ് യാത്രാ അനുഭവങ്ങളും വരച്ചുകാട്ടുന്നു. മുഗൾ രാജാവായ അക്ബറിെൻറ അമ്മായി ഗുൽബദാൻ ബീഗം കൊട്ടാരത്തിലെ മുതിർന്ന സ്ത്രീകൾക്കായി സംഘടിപ്പിച്ച ഹജ്ജ്യാത്രയും മനക്കരുത്തിെൻറ ഉത്തമോദാഹരണമാണ്. അവരുടെ 54ാം വയസ്സിലായിരുന്നു യാത്ര. മൂന്ന് വർഷം മക്കയിൽ താമസിച്ച അവരും സംഘവും നാലു തവണ ഹജ്ജ് നിർവഹിക്കുകയും ചെയ്തു.
പിന്നെയും ഹജ്ജ് ചെയ്യാൻ അനുമതിയില്ലാതിരുന്നതിനാൽ അവർ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. 22ാം വയസ്സിൽ ഏകനായി യാത്ര തുടങ്ങിയ പ്രശസ്ത സഞ്ചാരി ഇബ്നു ബത്തൂത്ത ലിബിയൻ സംഘത്തോടൊപ്പം ചേർന്ന് നിർവഹിച്ച ഹജ്ജും പ്രദർശനം വിവരിക്കുന്നു. ഹജ്ജ് തീർഥാടനത്തിനുള്ള പഴയകകല സമുദ്ര പാതകളെ ഇവിടെ പരിചയപ്പെടാം. മക്കയെയും മദീനയെയും അവയുടെ ചരിത്രത്തെയും അടുത്തറിയാം. ഹജ്ജുമായി ബന്ധപ്പെട്ട പൊതു സംവാദങ്ങളും ശിൽപശാലകളും പ്രദർശനത്തിെൻറ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.ശനി മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശനം. വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതൽ രാത്രി പത്ത് വരെ. പ്രവേശനം സൗജന്യമാണ്. പ്രദർശന സ്ഥലത്തിന് സമീപം പാർക്കിങ് സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.