മക്ക: സ്രഷ്ടാവിെൻറ വിളിക്കുത്തരം നൽകാനുള്ള തിടുക്കവുമായി തീർഥാടക ലക്ഷങ്ങൾ മിനായിലെ തമ്പുകളിലേക്ക്. ബുധനാഴ്ചയാണ് തമ്പുകളിലെ രാപാർക്കലിന് തുടക്കം. മലയാളികളുൾപെടെ ഇന്ത്യൻ ഹാജിമാർ ഇന്ന് രാത്രിതന്നെ മിനായിലേക്ക് നീങ്ങും. വിശുദ്ധഹജ്ജ് കർമത്തിെൻറ സുപ്രധാന ചടങ്ങായ അറഫാ സംഗമം വ്യാഴാഴ്ചയാണ്. അതിന് മുമ്പ് ഒരു രാത്രി മിനായിലെ തമ്പിൽ കഴിച്ചുകൂട്ടി ദുൽഹജ്ജ് ഒമ്പതിെൻറ പുലരിയിൽ ഹാജിമാർ അറഫാ മൈതാനിയിലേക്ക് ഒഴുകും. അറഫ കഴിഞ്ഞ് മുസ്ദലിഫയിലെ ആകാശച്ചോട്ടിൽ അന്തിയുറങ്ങി ഹാജിമാർ തമ്പുകളിൽ മടങ്ങിയെത്തും. നാല് ദിവസം അവിടെ രാപാർത്ത് കർമങ്ങൾ കഴിഞ്ഞേ മടങ്ങൂ.
ഹജ്ജ് കർമങ്ങൾ തുടങ്ങാൻ രണ്ടുദിനം മാത്രം ബാക്കി നിൽക്കുേമ്പാഴും വിവിധ ദേശങ്ങളിൽ നിന്ന് ഹാജിമാർ മക്കയിലേക്ക് ഒഴുകുകയാണ്. 17,35391 വിദേശ ഹാജിമാർ മക്കയിലെത്തിക്കഴിഞ്ഞതായി സൗദി പാസ്പോർട്ട് വിഭാഗം മേധാവി മേജർ സുലൈമാൻ അൽ യഹ്യ ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രണ്ടര ലക്ഷത്തോളം ആഭ്യന്തര തീർഥാടകർ മക്കയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു.
കൊടുംതിരക്കിൽ വീർപുമുട്ടുകയാണ് നഗരം. മസ്ജിദുൽ ഹറാമിലും ചുറ്റുവട്ടങ്ങളിലും സൂചി കുത്താൻ ഇടമില്ലാത്തത്ര തിരക്ക്. ചൂട് അസഹ്യമായി തുടരുന്നു. കാറ്റിനും തീച്ചൂടാണിവിടെ. കർശന സുരക്ഷയിലാണ് മക്ക ഹജ്ജിനായി ഒരുങ്ങിയിരിക്കുന്നത്. തിരക്കിൽ അപകടങ്ങൾ ഇല്ലാതിരിക്കാൻ എല്ലാവിധ മുൻകരുതലുകളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്. രാജ്യത്തെ 20 ലധികം സൈനികവിഭാഗങ്ങളെ പുണ്യനഗരിയിൽ വിന്യസിച്ചു. ഹജ്ജുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍, പരാതികള്‍ എന്നിവക്ക് സൗദി ഹജ്ജ് മന്ത്രാലയം അന്താരാഷ്ട്ര ഏകീകൃത നമ്പര്‍ ഏര്‍പ്പെടുത്തി. 8003404444 എന്ന നമ്പറിൽ സൗദിക്കകത്തും പുറത്തും നിന്ന് വിളിക്കാം.
മന്ത്രാലയത്തിെൻറ www.haj.gov.sa എന്ന വെബ്സൈറ്റ് വഴി ഹജ്ജ് വിവരങ്ങള്‍ ലഭ്യമാണ്. തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനം പരമാവധി മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായാണ് അന്താരാഷ്ട്ര ഏകീകൃത നമ്പര്‍ ഏര്‍പ്പടുത്തിയതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. മിനായിൽ ഇന്ത്യൻ ഹാജിമാരുടെ സേവനത്തിനായി ഹജ്ജ് മിഷൻ ഒാഫിസ് പ്രവർത്തനസജ്ജമായി. ഇന്ന് രാത്രി എട്ട് മണിയോടെ മിനായിലേക്ക് പുറപ്പെടാൻ ഹജ്ജ് മിഷൻ ഇന്ത്യൻ ഹാജിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.