റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിൽ അതിശക്തമായ മഴ. ഉച്ചകഴിഞ്ഞത് മുതൽ ആകാശം മൂടിക്കെട്ടിയിരുന്നെങ്കിലും മേഘ പെയ്ത്താരംഭിച്ചത് വൈകീട്ട് ആറോടെയാണ്. നഗരത്തിന്റെ ചില ഭാഗങ്ങളിൽ കോരിച്ചൊരിയുന്നത് പോലെയാണ് മഴ പെയ്തിറങ്ങിയത്. ചാറിപ്പോയ ഭാഗങ്ങളുമുണ്ട്. എന്നാൽ അതിശക്തമായ കാറ്റുവീശി. ഇടിമിന്നലുമുണ്ടായി. മഴപെയ്തതോടെ അന്തരീക്ഷത്തിന് തണുപ്പും കൂടിയിട്ടുണ്ട്.
നഗരത്തിന്റെ വടക്കുഭാഗത്ത് റോഡുകളിൽ വെള്ളക്കെട്ടുകളുണ്ടായി. കാറുകൾ പോലുള്ള ചെറിയ വാഹനങ്ങളുടെ ടയറുകൾ മുങ്ങിപ്പോകും വിധം പലയിടങ്ങളിലും റോഡുകളിൽ വെള്ളം നിറഞ്ഞു. ഗതാഗതത്തിന് നേരിയ തടസ്സം അനുഭവപ്പെട്ടു. തണുപ്പിലേക്ക് രാജ്യത്തിന്റെ കാലാവസ്ഥ മാറുന്നതിന്റെ സൂചനയായി ഒരാഴ്ചയിൽ കൂടുതലായി പല ഭാഗങ്ങളിലും വ്യാപകമായ മഴ പെയ്യുന്നുണ്ടെങ്കിലും റിയാദിൽ നല്ല മഴയുണ്ടായത് ഇന്നാണ്.
മഴ കാണാൻ കാത്തിരുന്നവർക്ക് ഇത് നല്ല ആഘോഷവുമായി. മഴയുടെയും ഇടിമിന്നലിന്റെയും കാറ്റടിക്കുന്നതിന്റെയും ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തി നഗരവാസികൾ സോഷ്യൽ മീഡിയകളിൽ നിറച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം ജിദ്ദയിലും മക്കയിലും അതിശക്തമായ മഴയും തുടർന്ന് വെള്ളപ്പൊക്കവുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.