റിയാദ്: ബാങ്ക് വായ്പ മുടങ്ങിയതിനാൽ വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതറിഞ്ഞ് സൗദിയിൽ ജീവനൊടുക്കിയ പ്രവാസിയുടെ കുടുംബം ഉദാരമതികളുടെ സഹായം തേടുന്നു. ദവാദ്മിക്ക് സമീപം സാജിറിൽ ഹൗസ് ൈഡ്രവറായിരുന്ന ആലപ്പുഴ അമ്പലപ്പുഴ വണ്ടാനം സ്വദേശി നൗഷാദ് അബൂബക്കറാണ് (51) താമസസ്ഥലത്ത് കഴിഞ്ഞ മാസം ആത്്മഹത്യ ചെയ്തത്. ആദ്യം കുവൈത്തിലായിരുന്ന ഇദ്ദേഹം വീടുവെക്കാൻ വേണ്ടിയാണ് ബാങ്കിൽ നിന്ന് ആറു ലക്ഷം രൂപ വായ്പയെടുത്തത്.
വീടുനിർമാണം പൂർത്തിയാക്കിയെങ്കിലും ദുർവിധികളുടെ വേട്ടയാടലാണ് പിന്നീടുണ്ടായത്. നൗഷാദിന് ഹൃദയാഘാതമുണ്ടാവുകയും ബൈപാസ് സർജറിക്ക് വിധേയനാവുകയും ചെയ്തു. കടം വാങ്ങിയാണ് ചികിത്സ നടത്തിയത്. ഇതിനിടെ മകൻ നൗഫിന് കാൻസർ ബാധയുണ്ടായി. അതുകൂടിയായപ്പോൾ കുടുംബം ആകെ തകർന്ന അവസ്ഥയിലായി. മകെൻറ ചികിത്സക്ക് വേണ്ടി മാത്രം പ്രതിമാസം 27,000 ത്തോളം രൂപ വേണമായിരുന്നു.
ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങി. പലിശയും കൂട്ടുപലിശയുമായി. മറ്റ് കടബാധ്യതകൾ കൂടിയായപ്പോൾ നിൽക്കക്കള്ളിയില്ലാതായി. ഹൃദ്രോഗിയായിട്ടും ഹൗസ് ൈഡ്രവർ വിസ തരപ്പെടുത്തി സൗദിയിലെത്തിയത് ഇതിനെല്ലാം പരിഹാരം തേടിയാണ്. 1,200 റിയാലായിരുന്നു ശമ്പളം. നൂറു റിയാൽ നൗഷാദിന് നൽകി ബാക്കി 1,100 റിയാൽ തൊഴിലുടമ തന്നെ നാട്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു പതിവ്.
വായ്പ തിരിച്ചടക്കാൻ വൈകിയതിന് ബാങ്ക് ജപ്തി നോട്ടീസ് പതിച്ച വിവരം ഭാര്യയാണ് വിളിച്ചറിയിച്ചത്. രണ്ടാഴ്ച മുമ്പാണ് സംഭവം. അന്ന് വൈകീട്ട് മുറിയിൽ തൂങ്ങിമരിച്ചു. വിവരമറിഞ്ഞ് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് വിഷയത്തിലിടെപട്ടു. ദവാദ്മി കെ.എം.സി.സി പ്രവർത്തകനായ ഹുസൈൻ കള്ളിയാരകത്തും ബോബൻ ഡേവിഡ് എന്നിവർ മുൻകൈയ്യെടുത്ത് നടപടികൾ പൂർത്തിയാക്കി മൃതദേഹം ദവാദ്മിയിൽ ഖബറടക്കി.
അർബുദരോഗിയായ നൗഫിന് പുറമെ നഹാന എന്നൊരു മകളുമുണ്ട്. വായ്പ തിരിച്ചടക്കാനും മകെൻറ ചികിത്സക്കും പണമില്ലാതെ കഷ്ടപ്പെടുകയാണ് ഭാര്യ ലൈല.
ആളുകളുടെ സഹായമില്ലാതെ ഇൗ ദുരിതക്കയത്തിൽ നിന്ന് കുടുംബത്തിന് കരകയറാൻ കഴിയില്ല. ഉദാരമതികളുടെ കാരുണ്യം തേടുകയാണ് കുടുംബം. അമ്പലപ്പുഴ കനറാ ബാങ്കിൽ ലൈലയുടെ പേരിൽ 3266101005659 എന്ന നമ്പറിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.