റിയാദ്: ഓക്‌സിജൻ ക്ഷാമം രൂക്ഷമായ ഇന്ത്യയിലേക്ക് സൗദി അറേബ്യയുടെ സഹായ ഹസ്തം. രാജ്യത്തേക്ക് ഓക്‌സിജനും ഐ.എസ്.ഒ ക്രയോജനിക് ടാങ്കുകളും എത്തിക്കാൻ സൗദി തീരുമാനിച്ചു. അദാനി ഗ്രൂപ്പുമായും എം.എസ് ലിൻഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് ഓക്‌സിജൻ ഇന്ത്യയിലെത്തിക്കുന്നത്. റിയാദിലെ ഇന്ത്യൻ എംബസി ട്വിറ്റർ വഴിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.
ആദ്യ ഘട്ടമായി 80 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനും നാല് ഐ.എസ്.ഒ ക്രയോജനിക് ടാങ്കുകളും ഉൾപ്പെടുന്ന കണ്ടൈനറുകൾ ദമ്മാം തുറമുഖത്തു നിന്നും കപ്പലിൽ കയറ്റുന്ന ചിത്രങ്ങളും എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്. കണ്ടൈനറുകൾ ഗുജറാത്തിലെ മുണ്ട്ര തുറമുഖത്തേക്കാണ് കയറ്റി അയച്ചത്. ഇതിനുപുറമെ എം.എസ് ലിൻഡെ ഗ്രൂപ്പുമായി സഹകരിച്ച് 5,000 മെഡിക്കൽ ഗ്രേഡ് ഓക്സിജൻ സിലിണ്ടറുകൾ കൂടി സൗദിയിൽ നിന്നും ഉടൻ ഇന്ത്യയിലേക്ക് അയക്കുമെന്ന് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ട്വീറ്റ് ചെയ്തു.
സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. അദാനിയുമായും ലിൻഡെയുമായും സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും ഇതിന് പിന്തുണയും സഹായവും നൽകിയ സൗദി ആരോഗ്യ മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നതായും ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.
സൗദി അറേബ്യയിൽ നിന്നുള്ള സഹായ ഹസ്തം ഇന്ത്യയിൽ ഓക്സിജൻ കിട്ടാതെ പ്രയാസപ്പെടുന്ന ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.