യാംബു: സൗദി അറേബ്യയിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായ ജിദ്ദയുടെ പുരാവൃത്തം അറിയണോ? ‘ബലദ്’ എന്ന ഹിസ്റ്റോറിക്കൽ ജിദ്ദയിലേക്ക് കടന്നുവരൂ. 2014ൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച ബലദ് നിങ്ങൾക്ക് ധാരാളം ചരിത്ര കഥകൾ പറഞ്ഞുതരും. പുണ്യനഗരമായ മക്കയിലേക്കുള്ള കവാടമായ ‘ബാബ് മക്ക’ക്ക് സമീപമാണ് ഇത്.
500ലധികം പുരാതന വീടുകളാണ് ഇവിടെയുള്ളത്. പുരാവസ്തുക്കളുടെ അപൂർവ ശേഖരങ്ങളെ ഉള്ളിലടുക്കിവെച്ച് ചരിത്ര കുതുകികളെ കാത്തിരിക്കുന്ന ഇവിടുത്തെ ‘ബൈത് നസീഫ്’ എന്ന മ്യൂസിയം സന്ദർശകരുടെ വൈജ്ഞാനിക ദാഹമകറ്റും. ‘ഹിസ്റ്റോറിക് ജിദ്ദ’യുടെ ഉത്ഖനന വേളയിൽ കണ്ടെത്തിയ പുരാവസ്തുക്കളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. സാംസ്കാരിക മന്ത്രാലയമാണ് മേൽനോട്ടം.
ഈ വർഷം കണ്ടെത്തിയതാണ് ഹിജ്റ ഒന്നാം നൂറ്റാണ്ടിലെ അതായത് എ.ഡി ഏഴാം നൂറ്റാണ്ടിലെ അപൂർവ പുരാവസ്തുക്കൾ. ഇവയാണ് മ്യൂസിയത്തിലെ ഏറ്റവും ആകർഷകം.
ജിദ്ദയിലെ പൗരാണിക പള്ളിയായ ഉസ്മാൻ ബിൻ അഫ്ഫാൻ മസ്ജിദിലെ മിഹ്റാബിന് ഉപയോഗിച്ചിരുന്ന തടിക്കഷണങ്ങൾ, ഖുർആൻ എഴുതിയ പൗരാണിക ഫലകങ്ങളുടെ ശേഷിപ്പുകൾ, സൗദിയുടെ സമ്പന്നമായ ഭൂതകാലം കുടികൊള്ളുന്ന കരകൗശല വസ്തുക്കൾ, പ്രാചീന കാലത്ത് ഉപയോഗിച്ചിരുന്ന വിവിധ നിത്യോപയോഗ വസ്തുക്കൾ, പഴയ കറൻസികൾ, നാണയങ്ങൾ തുടങ്ങിയവയും കൗതുകം ജനിപ്പിക്കുന്നതാണ്.
ചരിത്ര ഗവേഷകർക്ക് പൗരാണിക ജിദ്ദയെ കുറിച്ച് വിലപ്പെട്ട അറിവുകൾ നൽകും ബലദിലെ ‘അൽ അലാവി’ മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന ഈ മ്യൂസിയം. എല്ലാദിവസവും രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെയും വൈകിട്ട് അഞ്ച് മുതൽ രാത്രി ഒമ്പത് വരെയുമാണ് സന്ദർശനസമയം. പ്രവേശനം പൂർണമായും സൗജന്യമാണ്.
സഊദ് ബിൻ അബ്ദുൽ അസീസ് രാജാവ് ജിദ്ദയിൽ ഭരണം നടത്തിയ ആദ്യ കാലത്ത് ‘ബൈത് നസീഫ്’ മ്യൂസിയം ഉൾക്കൊള്ളുന്ന കെട്ടിടസമുച്ചയം കുറച്ചുകാലം ഔദ്യോഗിക വസതിയായി ഉപയോഗിച്ചിരുന്നത്രെ. സൗദിയിലെ ഹിജാസി വിഭാഗത്തിൽപെട്ട ജനതയുടെ ആസ്ഥാനമായിരുന്നു ബലദ് പ്രദേശം. അവരുടെ നാഗരിക ജീവിതം എത്രമാത്രം സന്തോഷകരവും കലാപരവും സൗന്ദര്യാത്മകവും ആയിരുന്നുവെന്ന് ഇവിടത്തെ ശേഷിപ്പുകൾ കാണുമ്പോൾ മനസ്സിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.