ദമ്മാം: സൗദി നാവികസേനക്കായി സ്പെയിനിൽ നിർമിച്ച കപ്പൽ 'എച്ച്.എം.എസ് ജുബൈൽ' എത്തി. സൗദി നാവികസേനയെ ശക്തിപ്പെടുത്തുകയും ആധുനികവത്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ച സാരാവത് പദ്ധതിയുടെ ഭാഗമായി നിർമിച്ചതാണ് ഈ കപ്പൽ. സൗദി സ്വന്തമാക്കുന്ന ആദ്യ സ്പെയിൻ നിർമിത കപ്പലാണിത്.
വ്യാഴാഴ്ച സൗദി പടിഞ്ഞാറൻ തീരത്തെത്തിയ കപ്പലിന് വെസ്റ്റേൺ ഫ്ലീറ്റിലെ കിങ് ഫൈസൽ നേവൽ ബേസ് ചീഫ് ഓഫ് ജനറൽ ഫയാദ് ബിൻ ഹമദ് അൽറുവൈലിയുടെ സാന്നിധ്യത്തിൽ സൗദി നാവികസേന ഉജ്ജ്വല വരവേൽപ് നൽകി. അഞ്ച് അത്യന്താധുനിക കപ്പലുകൾ നിർമിക്കാനാണ് സൗദി അറേബ്യ സ്പെയിനുമായി കരാർ ചെയ്തിട്ടുള്ളത്. അതിലെ ആദ്യ കപ്പലാണ് സൗദി തീരത്ത് എത്തിയത്. സ്പാനിഷ് നഗരമായ സാൻ ഫെർണാണ്ടോയിലെ നവന്റിയ കപ്പൽശാലയിലാണ് നാല് വർഷമെടുത്ത് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. വിവിധ ഘട്ടങ്ങൾ കടന്നുപോയ കപ്പൽ നിർമാണത്തിന്റെ ഓരോ ഘട്ടവും സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമായി.
കടൽ പരപ്പിലെന്നപോലെ ഭൂഗർഭ ലക്ഷ്യങ്ങളും കാണാൻ കഴിയുന്ന ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങളുള്ള കപ്പലാണ് എച്ച്.എം.എസ് ജുബൈലെന്ന് റോയൽ സൗദി നേവൽ ഫോഴ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഫഹദ് ബിൻ അബ്ദുല്ല അൽ ഗുഫൈലി പറഞ്ഞു. സൗദി സായുധസേനക്ക് അഭിമാനിക്കാവുന്ന ചരിത്രനിമിഷമാണ് എച്ച്.എം.എസ് ജുബൈലിന്റെ വരവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.