ജിദ്ദ: റാസ് തനൂറ തുറമുഖം, ദഹ്റാനിലെ ആരാംകോ സ്ഥാപനങ്ങൾ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണശ്രമങ്ങൾ രാജ്യത്തിെൻറ സുരക്ഷയെയും അതിെൻറ സാമ്പത്തിക ശേഷിയെയും മാത്രമല്ല ആഗോള സമ്പദ്വ്യവസ്ഥയുടെ പ്രധാന കേന്ദ്രങ്ങളെയും എണ്ണവിതരണത്തെയും ലക്ഷ്യമിട്ടാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഹ്രസ്വ സന്ദർശനാർഥം സൗദിയിലെത്തിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോഫുമൊത്ത് റിയാദിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ആഗോള ഉൗർജസുരക്ഷ സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉൗർജവിതരണത്തിെൻറ സ്ഥിരതയും പെട്രോൾ കയറ്റുമതിയുടെയും സമുദ്ര ഗതാഗതത്തിെൻറയും അന്താരാഷ്ട്ര വ്യാപാരത്തിെൻറയും സുരക്ഷ ഉറപ്പുവരുത്താനും തീവ്രവാദ ആക്രമണങ്ങൾ തടയാനും വേണ്ട നടപടികൾ സ്വീകരിക്കും. ഹൂതി ആക്രമണത്തിനെതിരെ ഉറച്ച അന്താരാഷ്ട്ര നിലപാട് ഉണ്ടാകണം. റാസ് തനൂറ തുറമുഖത്തിന് നേരെയുള്ള ആക്രമണത്തെ അന്താരാഷ്ട്രതലത്തിൽ വ്യാപകമായി അപലപിച്ചിട്ടുണ്ട്. സമ്പൂർണ വെടിനിർത്തലിൽ എത്തിച്ചേരുക എന്നതാണ് യമനിലെ മുൻഗണന. ഒരു വർഷംമുമ്പ് യമനിൽ സഖ്യസേന എകപക്ഷീയമായി വെടിനിർത്തൽ നടത്തിയിരുന്നു. ഹൂതികളെ സമ്മർദത്തിലാക്കാൻ അന്താരാഷ്ട്ര സമൂഹത്തിന് വലിയ ഉത്തരവാദിത്തമുണ്ടെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.
യമനിലെ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരമുണ്ടാകാൻ സൗദിയുടെ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യമന്ത്രി ആവർത്തിച്ചു. റിയാദ് കരാർ നടപ്പാക്കുന്നതും പുതിയ യമൻ ഗവൺമെൻറ് രൂപവത്കരിക്കുന്നതും പ്രതിസന്ധിക്ക് സമഗ്ര രാഷ്ട്രീയ പരിഹാരത്തിലേക്ക് വഴിതുറക്കുന്നതിനുള്ള സുപ്രധാന ഘട്ടമാണ്. സമഗ്രമായ വെടിനിർത്തലിലേർപ്പെടാനും രാഷ്ട്രീയപ്രക്രിയ ആരംഭിക്കാനും യു.എൻ പ്രതിനിധി നടത്തിയ ശ്രമങ്ങൾക്ക് രാജ്യത്തിെൻറ പിന്തുണയുണ്ടായിരുന്ന കാര്യവും മന്ത്രി സൂചിപ്പിച്ചു. ഇറാൻ ആണവായുധങ്ങളും ബാലിസ്റ്റിക് മിസൈലുകളും വികസിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ രാജ്യം പിന്തുണക്കുന്നു.
ഗൾഫ് മേഖലയെ വൻ നാശമുണ്ടാക്കുന്ന ആയുധങ്ങളിൽനിന്ന് മുക്തമാക്കുന്നതിനും രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ബഹുമാനിക്കുന്നതിനും അവരുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതിരിക്കാനുമാണിത്. മേഖലയുടെ സുരക്ഷയെക്കുറിച്ച് റഷ്യയുമായി തുടർന്നും സംഭാഷണവും കൂടിയാലോചനകളും പ്രതീക്ഷിക്കുന്നു. സിറിയിൻ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കേണ്ടതിെൻറ പ്രാധാന്യം വീണ്ടും ആവർത്തിക്കുന്നു. എല്ലാത്തരം തീവ്രവാദ സംഘടനകളുടെയും വിഭാഗീയ മിലീഷ്യകളുടെയും ഇടപെടലുകൾ തടഞ്ഞ് സിറിയൻ ജനതക്ക് സുരക്ഷ ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.
ആശങ്കയുണ്ടെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി
ജിദ്ദ: യമനിലെ സംഭവവികാസങ്ങളിൽ റഷ്യക്ക് ആശങ്കയുണ്ടെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോഫ് പറഞ്ഞു. സൗദി വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കിടയിൽ വിശദവും ഉപകാരപ്രദവുമായ ചർച്ചകൾ ഉൾപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ഇരുരാജ്യങ്ങൾ തമ്മിൽ സൗഹാർദപരവും ബഹുമുഖവുമായ ബന്ധങ്ങളുണ്ട്. വാണിജ്യ, സാമ്പത്തിക, ശാസ്ത്രീയ മേഖലകളിലെ സഹകരണത്തിനായുള്ള റഷ്യൻ സൗദി കമ്മിറ്റിയുടെ പങ്കിനെ സ്വാഗതം ചെയ്യുന്നു.
കോവിഡ് വ്യാപനത്തിനെതിരെ പേരാടുന്നതിലും സഹകരണമുണ്ട്. റഷ്യൻ കോവിഡ് വാക്സിനിെൻറ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം സൗദിയിൽ സംഘടിപ്പിക്കുന്നതിനും അതിെൻറ ഉൽപാദനം പ്രാദേശിവത്കരിക്കുന്നതിനെക്കുറിച്ചും പഠിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ചർച്ചകളിലേക്ക് മടങ്ങുകയും സമവായത്തിലൂടെ പ്രതിസന്ധി അവസാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നും റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.