ജിദ്ദ: സൗദി അറേബ്യയുടെ ദക്ഷിണ പ്രവിശ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ചൊവ്വാഴ്ച യമൻ വിമത സായുധ സംഘമായ ഹൂതികൾ നടത്തിയ രണ്ട് ഡ്രോൺ ആക്രമണത്തെ ബഹ്റൈൻ, ഇൗജിപ്ത്, കുവൈത്ത്, ഖത്തർ, യു.എ.ഇ, ജോർഡൻ, പാകിസ്താൻ, ജിബൂതി എന്നീ രാജ്യങ്ങളും അറബ് പാർലമെൻറ്, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി), അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ എന്നിവയും ശക്തമായി അപലപിച്ചു.
ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമത്തിെൻറയും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും വ്യക്തവും സ്പഷ്ടവുമായ ലംഘനമാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. രണ്ട് ഡ്രോണുകളെയും തടഞ്ഞു നശിപ്പിക്കാൻ സാധിച്ച സൗദി വ്യോമ പ്രതിരോധ സേനയുടെ ജാഗ്രതയും കാര്യക്ഷമതയും പ്രശംസ അർഹിക്കുന്നതായും ബഹ്റൈൻ വിദേശകാര്യാലയം പറഞ്ഞു.
നിരപരാധികളായ ഏതാനും പേർക്ക് പരിക്കേൽക്കാനും സ്വത്ത് നാശത്തിനും കാരണമായ ആക്രമണത്തെ ഇൗജിപ്ത് അപലപിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾ തടയാൻ സൗദി അറേബ്യയുമായി പൂർണമായും സഹകരിക്കും. മേഖലയുടെ സിവിൽ ഏവിയേഷൻ, എയർ നാവിഗേഷൻ, സമാധാനം എന്നിവക്കായി പൂർണ പിന്തുണ നൽകുന്നു.
രാജ്യാന്തര നിയമങ്ങളെ ലംഘിച്ച്, സുരക്ഷക്ക് ഭീഷണിയുയർത്തി നടത്തുന്ന ഹീനമായ ആക്രമണങ്ങൾക്കു നേരെ സൗദി അറേബ്യ അതിെൻറ സുരക്ഷയും സുസ്ഥിരതയും രാജ്യവാസികളുടെയും സുരക്ഷയും നിലനിർത്താൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയുണ്ടാകുമെന്നും ഇൗജിപ്ത് വ്യക്തമാക്കി.
ഹൂതികൾ നടത്തുന്ന തുടർച്ചയായ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ചട്ടങ്ങളുടെയും കടുത്ത ലംഘനമാണ് ഹൂതികളുടെ ആക്രമണം. ഈ ഭീഷണി തടയാൻ അന്താരാഷ്ട്ര സമൂഹം വേഗത്തിലും നിർണായകമായും പ്രവർത്തിക്കേണ്ടതുണ്ട്. സൗദി അറേബ്യ അതിെൻറ സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികളിലും കുവൈത്തിെൻറ പൂർണ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സിവിലിയന്മാരെയും സുപ്രധാന സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണം എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമായ അട്ടിമറിക്കലാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
അക്രമം, കുറ്റകൃത്യങ്ങൾ, അട്ടിമറി പ്രവർത്തനങ്ങൾ എന്നിവക്കെതിരെ ഖത്തറിന് ഉറച്ച നിലപാടാണുള്ളത്. ആക്രമത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും ഖത്തർ വിദേശ മന്ത്രാലയം ആശംസിച്ചു.
ഭീകരാക്രമണം അപകടകരവും ഭീരുത്വപരവുമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. യുദ്ധകുറ്റമാണത്. സിവിലിയന്മാരുടെയും യാത്രക്കാരുടെയും സുരക്ഷക്ക് ഭീഷണിയാണ്. ഹൂതി ഭീഷണികളിൽനിന്ന് സിവിലിയന്മാരെയും വസ്തുക്കളെയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്നും യു.എ.ഇ വിദേശകാര്യാലയം പറഞ്ഞു.അബഹ വിമാനത്താവളത്തിനു നേരെയുള്ള ആക്രമണം മത മാനുഷിക മൂല്യങ്ങൾക്ക് വിരുദ്ധവും ഭീരുത്വവുമാണെന്ന് ജോർഡൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിടുന്നത് സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. അന്തർദേശീയ മാനുഷിക നിയമത്തിെൻറ കടുത്ത ലംഘനമാണെന്നും ജോർഡൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അബഹ വിമാനത്താവളത്തിനു നേരെയുള്ള ആക്രമണമെന്നും സൗദി അറേബ്യയുടെ സുരക്ഷക്ക് ഭീഷണിയാകുന്ന ഇത്തരം ചെയ്തികളെ അപലപിക്കുന്നുവെന്നും സൗദിക്ക് പൂർണ പിന്തുണയും െഎക്യദാർഢ്യവും ആവർത്തിക്കുന്നുവെന്നും പാകിസ്താൻ പറഞ്ഞു.
ആക്രമണത്തെ 'ഭീരുത്വത്തിെൻറ തീവ്രവാദ ചെയ്തി' എന്നാണ് അറബ് പാർലമെൻറ് സ്പീക്കർ ആദിൽ അബ്ദുറഹ്മാൻ അൽഅസൂമി കുറ്റപ്പെടുത്തിയത്. അബഹ വിമാനത്താവളത്തിനുനേരെ ഡ്രോൺ വിക്ഷേപിച്ചു ഹൂതികൾ നടത്തിയ ആക്രമണം ആസൂത്രിതവും യാത്രക്കാരെ ലക്ഷ്യമിട്ടുള്ളതുമാണ്. ആക്രമണം സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തു. ആയിരക്കണക്കിന് വിവിധ രാജ്യക്കാരായ യാത്രക്കാർ ദിവസേന കടന്നുപോകുന്ന അബഹ വിമാനത്താവളത്തിനു നേരെയുള്ള ആക്രമണം നിരപരാധികളായവരെ ലക്ഷ്യമിട്ടുള്ള ഭീരുത്വമുള്ള ഭീകരപ്രവർത്തനമാണെന്നും അറബ് പാർലമെൻറ് സ്പീക്കർ പറഞ്ഞു. അന്താരാഷ്ട്ര നിയമത്തിനും അന്തർദേശീയ മാനുഷിക നിയമത്തിനും അനുസൃതമായി ഹൂതികളുടെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് എതിരെ അടിയന്തര അന്താരാഷ്ട്ര നടപടി ആവശ്യമാണ്. അറബ് ലോകത്തെ സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ട് ഇറാെൻറ ആക്രമണാത്മകമായ പദ്ധതിയാണ് ഹൂതികൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.