റിയാദ്: നിയമലംഘകരായി സൗദി നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞ 580 ഇന്ത്യക്കാരെ കൂടി നാടുകടത്തി. തൊഴിൽ, വിസാനിയമങ്ങൾ ലംഘനത്തിന് പിടിയിലായി റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിലെത്തിയ ഇവർ ബുധൻ, വെള്ളി ദിവസങ്ങളിലാണ് സൗദി എയർലൈൻസ് വിമാനത്തിൽ ഡൽഹിയിലേക്ക് പോയത്.
രണ്ടുദിവസങ്ങളിലും 290പേരെ വീതമാണ് നാട്ടിലെത്തിച്ചത്. 15 മലയാളികളും 37 തമിഴ്നാട്ടുകാരും 27 തെലങ്കാന ആന്ധ്ര സ്വദേശികളും 49 ബിഹാറികളും 219 ഉത്തർപ്രദേശുകാരും 202 പശ്ചിമ ബംഗാൾ സ്വദേശികളും 31 രാജസ്ഥാനികളുമാണ് നാട്ടിലെത്തിയത്. ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴിൽ നിയമലംഘനം എന്നീ കുറ്റങ്ങൾക്കാണ് ഇവർ പിടിയിലായത്.
ദമ്മാമിൽ പിടിയിലായവരെയും റിയാദിലെത്തിച്ചാണ് കയറ്റിവിട്ടത്. അൽഖർജ് റോഡിലെ ഇസ്കാനിലുള്ള പുതിയ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിലാണ് ഇവരെ പാർപ്പിച്ചിരുന്നത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാർ, യൂസുഫ് കാക്കഞ്ചേരി, അബ്ദുൽ സമദ്, തുഷാർ എന്നിവരാണ് നാട്ടിൽ അയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്.
കോവിഡ് തുടങ്ങിയ ശേഷം എട്ട് മാസത്തിനിടെ സൗദിയിൽ നിന്ന് നാടുകടത്തിയ ഇന്ത്യൻ തടവുകാരുടെ എണ്ണം ഇതോടെ 4323 ആയി. കോവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പൊലീസ് പരിശോധന സൗദിയിൽ ശക്തമായി തുടരുകയാണ്.
ഇന്ത്യക്കാരടക്കം നിരവധി വിദേശികളാണ് ദിനംപ്രതി പിടിയിലാകുന്നത്. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ പിടിയിലാകുന്നവരെ ഒടുവിൽ നാട്ടിലേക്ക് കയറ്റിവിടാൻ റിയാദിലും ജിദ്ദയിലുമുള്ള തർഹീലുകളിലാണ് എത്തിക്കുന്നത്. തടവുകാരുമായി 15ാമെത്ത സൗദി എയർലൈൻസ് വിമാനമാണ് വെള്ളിയാഴ്ച രാവിലെ 10ന് റിയാദിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.