സൗദിയിൽ ഭക്ഷ്യമേഖലയിലും സൂപർ മാർക്കറ്റുകളിലും സ്വദേശിവത്​കരണം നടപ്പായി

ജിദ്ദ: സൗദിയിൽ റസ്​റ്ററൻറുകൾ, ക​ഫേകൾ, കാറ്ററിങ് സർവിസ്​​, സൂപർ - സെൻട്രൽ മാർക്കറ്റുകൾ എന്നിവിടങ്ങളിലെ തൊഴിലുകളിൽ സ്വദേശിവത്കരണ തീരുമാനം നടപ്പായി. ഈ വിഭാഗം സ്ഥാപനങ്ങളിലെ തൊഴിലുകളിൽ നിശ്ചിത ശതമാനം സൗദി പൗരന്മാർക്ക്​ മാറ്റിവെക്കണം. ഈ വർഷം ശഅ്​ബാൻ മാസത്തിലാണ്​ ഇതു സംബന്ധിച്ച തീരുമാനം മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്​മദ്​ ബിൻ സുലൈമാൻ അൽറാജിഹി പ്രഖ്യാപിച്ചത്​.

സ്വദേശിവത്​കരണം നടപ്പാക്കുന്നതിന്​ സ്ഥാപനങ്ങൾക്ക്​ അനുവദിച്ച കാലാവധി അവസാനിച്ചതിനെ തുടർന്നാണ്​ ഈ മാസം രണ്ട്​ മുതൽ നിയമം പ്രാബല്യത്തിലായത്​. റസ്​റ്ററൻറുകളിലെ സ്വദേശിവത്​കരണം 20 ശതമാനമാണ്​. റസ്​റ്ററൻറുകൾ, മത്​ബഖുകൾ, ഫാസ്​റ്റ്​ ഫുഡ്​ കടകൾ, ജ്യൂസ്​ കടകൾ എന്നിവ ഈ വിഭാഗത്തിലുൾപ്പെടും. റെസ്​റ്ററൻറുകൾ ഷോപ്പിങ്​ മാളുകളിലും വാണിജ്യ കേന്ദ്രങ്ങൾക്കുള്ളിലുള്ളിലുമാണെങ്കിൽ സ്വദേശിവത്​കരണ അനുപാതം 40 ശതമാനമാണ്​. എന്നാൽ ഇവയിലെ ചില തൊഴിലുകൾ സ്വദേശിവത്​കരണത്തിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. ഒരു ഷിഫ്​റ്റിൽ നാലിൽ കൂടുതൽ തൊഴിലാളികളുണ്ടെങ്കിൽ അതിൽ നിശ്ചിത ശതമാനം സ്വദേശി തൊഴിലാളികളുണ്ടാവണം.

പാനീയങ്ങൾ, ശീതീകരിച്ച ഭക്ഷണ വസ്​തുക്കൾ, ഐസ്ക്രീം എന്നിവ വിൽക്കുന്ന കഫേകളിലെ സ്വദേശിവത്​കരണ അനുപാതം 30 ശതമാനമാണ്​. മാളുകളിലും വാണിജ്യ കേന്ദ്രങ്ങൾക്കുള്ളിലുള്ളിലുമാണെങ്കിൽ സ്വദേശിവത്​കരണ അനുപാതം 50 ശതമാനമാണ്. ഒരു ഷിഫ്റ്റിൽ രണ്ടോ അതിലധികമോ തൊഴിലാളികൾ ഉണ്ടെങ്കിൽ ഇൗ അനുപാതം ബാധകമാണ്. ഐസ്ക്രീം, പാനീയങ്ങൾ, മറ്റ്​ ഭക്ഷ്യവസ്​തുക്കൾ എന്നിവ വിൽപന നടത്തുന്ന ഫുഡ്​ ട്രക്കുകളിലെ തൊഴിലാളികൾ 100 ശതമാനവും സ്വദേശികളായിരിക്കണം. ഫുഡ്​ ട്രക്ക്​ മേഖലയിൽ സ്വദേശിവത്​കരണം സമ്പൂർണമാണ്​. അതിൽ ഒരു ജോലിയിലും വിദേശികൾ പാടില്ല. ഈ തീരുമാനം രാജ്യത്തെ എല്ലാ ഭാഗങ്ങളിലുമുള്ള ഫുഡ്​ ട്രക്കുകൾക്ക്​ ബാധകമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കഫ്​റ്റീരിയ, ഫുഡ് പ്രോസസ്സിങ്​ അല്ലെങ്കിൽ കാറ്ററിങ്​ കോൺട്രാക്ടർമാർ, കാറ്ററിങ്​ ഓപറേറ്റർമാർ എന്നിവയും ഫാക്​ടറികൾ, ഓഫീസുകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവിടങ്ങളിലെ കാൻറീനുകൾ, കഫ്​റ്റീരിയകൾ എന്നിവയും ഹോട്ടലുകൾ, അപാർട്ട്​മെൻറുകൾ, ഹോട്ടൽ വില്ലകൾ എന്നിവയ്ക്കുള്ളിലെ റെസ്​റ്റാറൻറുകൾ, കഫേകൾ എന്നിവയും സ്വദേശിവത്​കരണ തീരുമാനത്തിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. ക്ലീനിങ്​ തൊഴിലാളി, ലോഡിങ്​, അൺലോഡിങ്​ തൊഴിലാളി എന്നീ തൊഴിലുകളെയും തീരുമാനത്തിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. ഇവരുടെ അനുപാതം ഒരു ഷിഫ്​റ്റിൽ 20 ശതമാനത്തിൽ കൂടരുതെന്നും നിർബന്ധമായും യൂനിഫോറം ധരിച്ചിരിക്കണമെന്നും വസ്​ത്രത്തിന്​ പിറകിൽ ചെയ്യുന്ന തൊഴിൽ ഏതാണെന്ന്​ രേഖപ്പെടുത്തിയിരിക്കണമെന്നും നിയമമുണ്ട്​.

300 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള സൂപർ​മാർക്കറ്റുകളും 500 ചതുരശ്ര മീറ്റർ വിസ്​തീർണത്തിൽ കുറയാത്ത സെ​ൻട്രൽ മാർക്കറ്റുകളും സ്വദേശിവത്​കരണ തീരുമാനം ബാധകമാവുന്നവയിൽ ഉൾപ്പെടും. രണ്ട്​ ഘട്ടങ്ങളായാണ്​ സൂപർമാർക്കറ്റുകളിലെയും സെൻട്രർ മാർക്കറ്റുകളിലെയും ജോലികൾ സ്വദേശിവത്​കരിക്കുന്നത്​. ആദ്യഘട്ടത്തിൽ കസ്​റ്റമർ അക്കൗണ്ടൻറ്​​, അക്കൗണ്ടിങ്​ സൂപർവൈസർ, കസ്​റ്റമർ സർവിസ്​, കസ്​റ്റമർ റിലേഷൻസ്​ എന്നീ ​ജോലികൾ നൂറു ശതമാനം സ്വദേശികൾക്കായിരിക്കും.

സെക്ഷൻ സൂപർവൈസർ തസ്​തികകളിൽ പകുതിയും സ്വദേശികൾക്ക്​ മാത്രമായി നീക്കിവെക്കണം. ഈ മേഖലകളിലെല്ലാമുള്ള സ്വദേശിവത്​കരണം രണ്ടാംഘട്ടം ആറ്​ മാസത്തിനു ശേഷം ആരംഭിക്കും. ഇൗ ഘട്ടത്തിൽ സെയിൽസ്​ ഒൗട്ട്​ലറ്റുകളിലെ സെയിൽസ്​ സൂപർവൈസർ ജോലികൾ നൂറ്​ ശതമാനം സ്വദേശികൾക്ക്​ മാത്രമായിരിക്കും. വകുപ്പ്​ മാനേജർ, ബ്രാഞ്ച്​ മാനേജർ, അസിസ്​റ്റൻറ്​ ബ്രാഞ്ച്​ മാനേജർ എന്നീ ജോലികളിൽ 50 ശതമാനം സ്വദേശികൾക്ക്​ മാത്രമായിരിക്കണമെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - In Saudi Arabia, indigenization took place in the food sector and supermarkets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.