ജിദ്ദ: 50 ആം വാർഷികത്തോടനുബന്ധിച്ച് വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി. 'അരനൂറ്റാണ്ടിന്റെ അഭിമാനം, ജിദ്ദ കെ.എം.സി.സി' എന്ന പേരിൽ 2025 ജനുവരി മുതൽ ഡിസംബർ വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന കാലയളവിൽ വിപുലമായ 50 വിത്യസ്ത പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ.എം.സി.സി എന്ന മഹാപ്രസ്ഥാനം പിന്നിട്ട വഴികൾ ഓരോന്നും അടയാളപ്പെടുത്തുന്നതിനൊപ്പം നിലവിൽ നടത്തികൊണ്ടിരിക്കുന്നതും ഭാവിയിൽ നടപ്പാക്കാനുദ്ദേശിക്കുന്നതുമായ വിവിധ പദ്ധതികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടികളാണ് നടപ്പിലാക്കുക. 1974 കാലഘട്ടത്തിൽ ജിദ്ദയിൽ 'ചന്ദ്രിക റീഡേഴ്സ് ഫോറം' എന്ന പേരിൽ നിലവിൽ വന്ന കൂട്ടായ്മയാണ് പിന്നീട് 1985 ൽ കെ.എം.സി.സി എന്ന വ്യവസ്ഥാപിത പ്രസ്ഥാനമായി നിലവിൽ വന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾ, സാംസ്കാരിക സായാഹ്നങ്ങൾ, മാതൃ പാർട്ടിയായ മുസ്ലിംലീഗിന് പിന്തുണയേകുന്ന നൂറു കണക്കിന് പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് കെ.എം.സി.സിയുടെ മുഖ്യപരിപാടികൾ.
50 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി ജനുവരി മുതൽ ഏപ്രിൽ വരെയുള്ള ആദ്യഘട്ട പരിപാടികൾ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വടംവലി ടൂർണമെന്റ് (ജനു. 17), സുരക്ഷാ കോഓർഡിനേറ്റർമാർക്കുള്ള സ്നേഹവിരുന്ന് (ജനു. 23), സ്ത്രീ കരുത്ത് വിളിച്ചോതി ഏകദിന ശില്പശാലയും പ്രദർശനവും (ജനു. 31), ലീഡേഴ്‌സ് ട്രെയിനിങ് ക്യാമ്പ് (ജനു. 31), ചരിത്ര പാഠശാല (ഫെബ്രു. 08), ഷട്ടിൽ ടൂർണമെന്റ് (ഫെബ്രു. 13), അഹ്‌ലൻ റമദാൻ (ഫെബ്രു. 20), ജിദ്ദ മാരത്തോൺ (ഫെബ്രു 22. സൗദി സ്ഥാപക ദിനം), മെഗാ ഇഫ്‌താർ (മാർച്ച് 14), മെഗാ ഫാമിലി ഇവന്റ് (ഏപ്രിൽ 25) തുടങ്ങിയവയാണ് ആദ്യ പരിപാടികൾ. സുവനീർ പ്രകാശനം, മെഗാഷോ, സാംസ്കാരിക സാഹിത്യ സെമിനാർ, കാരുണ്യകൂട്ടം, മോർണിംഗ് ഹെൽത്ത് ക്ലബ്ബ് വ്യാപനം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
ഒരു വർഷത്തെ പരിപാടികളുടെ ഉദ്ഘാടനവും അന്താരാഷ്‌ട്ര വടംവലി ടൂർണമെന്റും ജനുവരി 17ന് നടക്കും. കെ.എം.സി.സി സ്പോർട്സ് വിംഗിന്റെ നേതൃത്വത്തിൽ നടക്കുന്ന വടംവലി ടൂർണമെന്റിൽ യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ടീമുകളും മാറ്റുരക്കും. മത്സരത്തിനായി ജിദ്ദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലെ ഗ്രൗണ്ടിൽ ലോകനിലവാരത്തിലുള്ള കോർട്ടും പിച്ചും തയ്യാറാക്കും. വടംവലി ടൂർണമെന്റ് രംഗത്തുള്ള പ്രഗത്ഭരുടെ നേതൃത്വത്തിൽ പൊതുനിലവാരവും നിയമങ്ങളും പാലിച്ചുകൊണ്ടായിരിക്കും മത്സരം നടത്തുക. ഒന്നാം സ്ഥാനക്കാർക്ക് 6,001 റിയാലാണ് സമ്മാനം. 4,001, 2,001, 1,001 എന്നിങ്ങനെയാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനക്കാർക്ക് സമ്മാനമായി ലഭിക്കുക. മത്സരം വീക്ഷിക്കാനെത്തുന്നവർക്ക് ഭക്ഷണ സ്റ്റാളുകളും മറ്റും ഗ്രൗണ്ടിൽ ഒരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
സി.കെ റസാഖ് മാസ്റ്റർ, ഇസ്‌ഹാഖ് പൂണ്ടോളി, വി.പി അബ്ദുറഹിമാൻ, ഇസ്മായിൽ മുണ്ടക്കുളം, ലത്തീഫ് മുസ്ലിയാരങ്ങാടി, ജലാൽ തേഞ്ഞിപ്പലം, അഷ്‌റഫ് താഴേക്കോട്, നാസർ മച്ചിങ്ങൽ, സുബൈർ വട്ടോളി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.