സൗദിയിൽ ഭക്ഷ്യമേഖലയിലും സൂപർ മാർക്കറ്റുകളിലും സ്വദേശിവത്കരണം നടപ്പായി
text_fieldsജിദ്ദ: സൗദിയിൽ റസ്റ്ററൻറുകൾ, കഫേകൾ, കാറ്ററിങ് സർവിസ്, സൂപർ - സെൻട്രൽ മാർക്കറ്റുകൾ എന്നിവിടങ്ങളിലെ തൊഴിലുകളിൽ സ്വദേശിവത്കരണ തീരുമാനം നടപ്പായി. ഈ വിഭാഗം സ്ഥാപനങ്ങളിലെ തൊഴിലുകളിൽ നിശ്ചിത ശതമാനം സൗദി പൗരന്മാർക്ക് മാറ്റിവെക്കണം. ഈ വർഷം ശഅ്ബാൻ മാസത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി പ്രഖ്യാപിച്ചത്.
സ്വദേശിവത്കരണം നടപ്പാക്കുന്നതിന് സ്ഥാപനങ്ങൾക്ക് അനുവദിച്ച കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ഈ മാസം രണ്ട് മുതൽ നിയമം പ്രാബല്യത്തിലായത്. റസ്റ്ററൻറുകളിലെ സ്വദേശിവത്കരണം 20 ശതമാനമാണ്. റസ്റ്ററൻറുകൾ, മത്ബഖുകൾ, ഫാസ്റ്റ് ഫുഡ് കടകൾ, ജ്യൂസ് കടകൾ എന്നിവ ഈ വിഭാഗത്തിലുൾപ്പെടും. റെസ്റ്ററൻറുകൾ ഷോപ്പിങ് മാളുകളിലും വാണിജ്യ കേന്ദ്രങ്ങൾക്കുള്ളിലുള്ളിലുമാണെങ്കിൽ സ്വദേശിവത്കരണ അനുപാതം 40 ശതമാനമാണ്. എന്നാൽ ഇവയിലെ ചില തൊഴിലുകൾ സ്വദേശിവത്കരണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരു ഷിഫ്റ്റിൽ നാലിൽ കൂടുതൽ തൊഴിലാളികളുണ്ടെങ്കിൽ അതിൽ നിശ്ചിത ശതമാനം സ്വദേശി തൊഴിലാളികളുണ്ടാവണം.
പാനീയങ്ങൾ, ശീതീകരിച്ച ഭക്ഷണ വസ്തുക്കൾ, ഐസ്ക്രീം എന്നിവ വിൽക്കുന്ന കഫേകളിലെ സ്വദേശിവത്കരണ അനുപാതം 30 ശതമാനമാണ്. മാളുകളിലും വാണിജ്യ കേന്ദ്രങ്ങൾക്കുള്ളിലുള്ളിലുമാണെങ്കിൽ സ്വദേശിവത്കരണ അനുപാതം 50 ശതമാനമാണ്. ഒരു ഷിഫ്റ്റിൽ രണ്ടോ അതിലധികമോ തൊഴിലാളികൾ ഉണ്ടെങ്കിൽ ഇൗ അനുപാതം ബാധകമാണ്. ഐസ്ക്രീം, പാനീയങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ വിൽപന നടത്തുന്ന ഫുഡ് ട്രക്കുകളിലെ തൊഴിലാളികൾ 100 ശതമാനവും സ്വദേശികളായിരിക്കണം. ഫുഡ് ട്രക്ക് മേഖലയിൽ സ്വദേശിവത്കരണം സമ്പൂർണമാണ്. അതിൽ ഒരു ജോലിയിലും വിദേശികൾ പാടില്ല. ഈ തീരുമാനം രാജ്യത്തെ എല്ലാ ഭാഗങ്ങളിലുമുള്ള ഫുഡ് ട്രക്കുകൾക്ക് ബാധകമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കഫ്റ്റീരിയ, ഫുഡ് പ്രോസസ്സിങ് അല്ലെങ്കിൽ കാറ്ററിങ് കോൺട്രാക്ടർമാർ, കാറ്ററിങ് ഓപറേറ്റർമാർ എന്നിവയും ഫാക്ടറികൾ, ഓഫീസുകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവിടങ്ങളിലെ കാൻറീനുകൾ, കഫ്റ്റീരിയകൾ എന്നിവയും ഹോട്ടലുകൾ, അപാർട്ട്മെൻറുകൾ, ഹോട്ടൽ വില്ലകൾ എന്നിവയ്ക്കുള്ളിലെ റെസ്റ്റാറൻറുകൾ, കഫേകൾ എന്നിവയും സ്വദേശിവത്കരണ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ക്ലീനിങ് തൊഴിലാളി, ലോഡിങ്, അൺലോഡിങ് തൊഴിലാളി എന്നീ തൊഴിലുകളെയും തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവരുടെ അനുപാതം ഒരു ഷിഫ്റ്റിൽ 20 ശതമാനത്തിൽ കൂടരുതെന്നും നിർബന്ധമായും യൂനിഫോറം ധരിച്ചിരിക്കണമെന്നും വസ്ത്രത്തിന് പിറകിൽ ചെയ്യുന്ന തൊഴിൽ ഏതാണെന്ന് രേഖപ്പെടുത്തിയിരിക്കണമെന്നും നിയമമുണ്ട്.
300 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള സൂപർമാർക്കറ്റുകളും 500 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ കുറയാത്ത സെൻട്രൽ മാർക്കറ്റുകളും സ്വദേശിവത്കരണ തീരുമാനം ബാധകമാവുന്നവയിൽ ഉൾപ്പെടും. രണ്ട് ഘട്ടങ്ങളായാണ് സൂപർമാർക്കറ്റുകളിലെയും സെൻട്രർ മാർക്കറ്റുകളിലെയും ജോലികൾ സ്വദേശിവത്കരിക്കുന്നത്. ആദ്യഘട്ടത്തിൽ കസ്റ്റമർ അക്കൗണ്ടൻറ്, അക്കൗണ്ടിങ് സൂപർവൈസർ, കസ്റ്റമർ സർവിസ്, കസ്റ്റമർ റിലേഷൻസ് എന്നീ ജോലികൾ നൂറു ശതമാനം സ്വദേശികൾക്കായിരിക്കും.
സെക്ഷൻ സൂപർവൈസർ തസ്തികകളിൽ പകുതിയും സ്വദേശികൾക്ക് മാത്രമായി നീക്കിവെക്കണം. ഈ മേഖലകളിലെല്ലാമുള്ള സ്വദേശിവത്കരണം രണ്ടാംഘട്ടം ആറ് മാസത്തിനു ശേഷം ആരംഭിക്കും. ഇൗ ഘട്ടത്തിൽ സെയിൽസ് ഒൗട്ട്ലറ്റുകളിലെ സെയിൽസ് സൂപർവൈസർ ജോലികൾ നൂറ് ശതമാനം സ്വദേശികൾക്ക് മാത്രമായിരിക്കും. വകുപ്പ് മാനേജർ, ബ്രാഞ്ച് മാനേജർ, അസിസ്റ്റൻറ് ബ്രാഞ്ച് മാനേജർ എന്നീ ജോലികളിൽ 50 ശതമാനം സ്വദേശികൾക്ക് മാത്രമായിരിക്കണമെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.