ജിദ്ദ: റിയാദിലെ കിങ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറിയും ഹൗസ് ഓഫ് വിസ്ഡം ചൈനയും തമ്മിൽ സാംസ്കാരിക മേഖലകളിൽ സംയുക്ത സഹകരണത്തിനുള്ള ധാരണയിൽ ഒപ്പുവെച്ചു.
റിയാദിലെ ഖുറൈസ് റോഡിലെ ആസ്ഥാനത്ത് വെച്ചാണ് കിങ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറിയെ പ്രതിനിധാനംചെയ്ത് ലൈബ്രറി മേധാവി ഡോ. ബന്ദർ ബിൻ അബ്ദുല്ല അൽമുബാറക്കും ഹൗസ് ഓഫ് വിസ്ഡം ഗ്രൂപ് ഫോർ കൾച്ചറൽ ഇൻഡസ്ട്രീസിനെ പ്രതിനിധാനം ചെയ്ത് മായോങ് ലിയാങ്ങും ധാരണപത്രത്തിൽ ഒപ്പുവെച്ചത്. സംസ്കാരം, വിജ്ഞാനം, ഭാഷ, ഇതര മേഖലകൾ എന്നീ രംഗങ്ങളിൽ സൗദി അറേബ്യയും ചൈനയും തമ്മിലുള്ള ആഴത്തിലുള്ള സഹകരണം വർധിപ്പിക്കുകയാണ് ധാരണയിലൂടെ ലക്ഷ്യമിടുന്നത്.
സഹകരണം ഇരുകക്ഷികൾക്കും പൊതുവായ താൽപര്യമുള്ള മേഖലകളിലായിരിക്കും. പുസ്തകങ്ങളുടെ മൊഴിമാറ്റം, പ്രസിദ്ധീകരണത്തിെൻറയും കൈമാറ്റം, പരസ്പര സാംസ്കാരിക സന്ദർശനങ്ങൾ, ശാസ്ത്ര-വിജ്ഞാന യോഗങ്ങൾ, പ്രത്യേക പ്രദർശനങ്ങൾ എന്നിവയിലുള്ള സഹകരണം ധാരണയിൽ ഉൾപ്പെടുന്നു. കൂടാതെ ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള പങ്കാളിത്തത്തെയും സംരംഭങ്ങളെയും പിന്തുണയ്ക്കാൻ ശ്രമിക്കും. സാംസ്കാരിക പങ്കാളിത്തം സജീവമാക്കുന്നതിനും സാംസ്കാരിക പൈതൃകത്തെ പരിചയപ്പെടുത്തുന്നതിനുംവേണ്ടി പ്രവർത്തിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരാഗത സംസ്കാരത്തെയും സാംസ്കാരിക പൈതൃകത്തെയും കുറിച്ച് സംയുക്തമായി ഫോറങ്ങളും വിദഗ്ധ സംഭാഷണങ്ങളും എക്സിബിഷനുകളും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും സൗദിയിലും ചൈനയിലും സംഘടിപ്പിക്കും.
വിവിധ പ്ലാറ്റ്ഫോമുകൾ, സ്ഥാപനങ്ങൾ, പ്രാദേശികവും അന്തർദേശീയവുമായ സാംസ്കാരിക, സാമൂഹിക സംഘടനകൾ എന്നിവയുമായി ആശയവിനിമയം നടത്താനും സംവദിക്കാനുമുള്ള ലൈബ്രറിയുടെ താൽപര്യത്തിെൻറ പശ്ചാത്തലത്തിലാണ് വിസ്ഡം ചൈനയുമായുള്ള ധാരണയെന്ന് ലൈബ്രറി മേധാവി ഡോ. ബന്ദർ മുബാറക് പറഞ്ഞു.
ലൈബ്രറിയുടെ സാംസ്കാരിക പ്രവർത്തനത്തിെൻറ ചക്രവാളങ്ങൾ വിപുലീകരിക്കുന്നതിനും സൗദി സംസ്കാരത്തെ അതിെൻറ വിവിധ ഘടകങ്ങളുമായി ലോകവുമായി ആശയവിനിമയം നടത്തുന്നതിനും വേണ്ടിയാണിത്. പീക്കിങ് യൂനിവേഴ്സിറ്റിയിൽ കിങ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറി ശാഖ ആരംഭിച്ചതു മുതൽ ലൈബ്രറിയും ചൈനീസ് സംസ്കാരവും തമ്മിൽ നിലവിലുള്ള സഹകരണം മുൻനിർത്തിയുമാണ് ചൈനയുമായുള്ള സഹകരണം. സൽമാൻ രാജാവിെൻറയും കിരീടാവകാശിയുടെയും പിന്തുണ ഇതിനുണ്ട്. ഇതിലൂടെ പരിഷ്കൃതവും വിശിഷ്ടവുമായ ഒരു സാംസ്കാരിക വിനിമയത്തിനുള്ള പ്രതീക്ഷ കൈവരിക്കുമെന്ന് പ്രത്യാശിക്കുന്നു.
പ്രത്യേകിച്ച് അറബ്, ചൈനീസ് നാഗരികതകൾ ലോകത്ത് ശാസ്ത്രത്തിെൻറ അറിവിെൻറയും വെളിച്ചം വ്യാപിപ്പിക്കുന്നതിന് വ്യക്തമായ സംഭാവന നൽകിയ പുരാതന നാഗരികതകളിൽ ഉൾപ്പെടുന്നു.
സ്വദേശത്തും വിദേശത്തും വിവിധ ശാഖകളുള്ള കിങ് അബ്ദുൽ അസീസ് പബ്ലിക് ലൈബ്രറി അറിവും സംസ്കാരവും പ്രചരിപ്പിക്കുന്നതിനും അറിവിെൻറ ഉറവിടങ്ങൾ നൽകുന്നതിനുമായി പ്രവർത്തിക്കുന്നുവെന്നും ലൈബ്രറി മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.