റിയാദ്: വേഗമാർന്ന പാസുകൾ കൊണ്ട് എതിരാളികളുടെ ഗോൾ മുഖങ്ങളിൽ ഇരച്ചുകയറുകയും പ്രതിരോധത്തിന്റെ കനത്ത മതിൽ കൊണ്ട് അവയെ ചെറുക്കുകയും ചെയ്യുന്ന സെവൻസ് ഫുട്ബാളിന്റെ കരുത്തും സൗന്ദര്യവും പങ്കുവെച്ച നിമിഷങ്ങളായിരുന്നു കഴിഞ്ഞദിവസം നടന്ന റോയൽ റിഫാ മെഗാകപ്പ് ക്വാർട്ടർ ഫൈനൽ വേദി.
യുവരക്തങ്ങൾക്ക് പ്രാമുഖ്യം നൽകിയും അനുഭവസമ്പത്തുള്ള കളിക്കാരെ വ്യന്യസിച്ചുമാണ് ഓരോ ക്ലബുകളും ക്വാർട്ടറിൽ മത്സരിക്കാനെത്തിയത്. മികച്ച കളി പുറത്തെടുത്തെങ്കിലും നിർഭാഗ്യം കൊണ്ടാണ് പല ടീമുകളും പുറത്തുപോകേണ്ടി വന്നത്.
ഇതോടെ സെമി ഫൈനൽ റൗണ്ടിലേക്കുള്ള ടീമുകളുടെ ചിത്രം വ്യക്തമായി. സ്പോർട്ടിങ് എഫ്.സിയും പ്രവാസി സോക്കർ സ്പോർട്ടിങ്ങും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് സ്പോർട്ടിങ് എഫ്.സി വിജയിച്ചു. ഗോൾ സ്കോർ ചെയ്ത മുഹമ്മദ് സാലിഹ് മാൻ ഓഫ് ദ മാച്ച് പുരസ്കാരം റോയൽ ട്രാവൽസ് എം.ഡി സമദിൽ നിന്നും ഏറ്റുവാങ്ങി.
റിയാദ് ബ്ലാസ്റ്റേഴ്സിനെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്സ് എഫ്.സി വാഴക്കാട് തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്. ആഷിക്കിലൂടെയും സഹലിലൂടെയുമാണ് നേട്ടം കൊയ്തത്.
കളിയിലെ താരമായ ആഷിഖിന് മാൻ ഓഫ് ദ മാച്ച് അവാർഡ് മൻസൂർ റെന്റ് എ കാർ എം.ഡി സലാം സമ്മാനിച്ചു. മൂന്നാമത്തെ മാച്ചിൽ റോയൽ ഫോക്കസ് ലൈനിനെ ഗോൾ രഹിത സമനിലയിൽ പിടിച്ചുകെട്ടിയ കേരള ഇലവൻ ടൈ ബ്രേക്കറിലൂടെ വിജയം സ്വന്തമാക്കുകയായിരുന്നു. ബാറിന് കീഴിൽ കോട്ടയായി മാറിയ കേരള ഇലവന്റെ ഗോൾ കീപ്പർ ഫാസിലാണ് കിങ് ഓഫ് ദി മാച്ച്.
ടൂർണമെന്റ് കമ്മിറ്റിയംഗം മുസ്തഫ മമ്പാട് അദ്ദേഹത്തിനുള്ള ബഹുമതി സമ്മാനിച്ചു. ആക്രമണത്തിലും പ്രത്യാക്രമണത്തിലും തുല്യപ്രകടനം കാഴ്ചവെച്ച ലന്റേൺ എഫ്.സിയും റിയൽ കേരളയും അവസാന നിമിഷം വരെ മത്സരം ഉദ്വേഗഭരിതമാക്കി.
അജ്നാസും ഇബ്നുവും ഓരോ ഗോളുകളടിച്ച് ലാന്റേണിന് ലീഡ് നൽകിയെങ്കിലും ഇർഷാദിലൂടെയും ശഹജാസിലൂടെയും റിയൽ കേരള മറുപടി നൽകി. ടൈ ബ്രേക്കറിലും മത്സരത്തിന് ഫലം കാണാതെ വന്നപ്പോൾ ടോസ്സിലൂടെ വിജയികളെ നിർണയിക്കുകയായിരുന്നു. കാണികളുടെയും ടീം അനുകൂലികളുടെയും ആരവാരവങ്ങൾക്കിടയിൽ അവസാന ചിരി ലാന്റേൺ എഫ്.സിയുടേതായി മാറി.
പരിചയസമ്പന്നനായ ലാന്റേൺ ഗോൾ കീപ്പർ മുജീബ് അരീക്കോടിന് ടൂർണമെന്റ് കമ്മിറ്റിയംഗങ്ങളായ ആഷിഖ്, അഷ്റഫ് എന്നിവർ മികച്ച കളിക്കാരനുള്ള പുരസ്കാരം നൽകി. ഒക്ടോബർ നാലിന് അൽഖർജ് റോഡിലെ ഇതേ സ്റ്റേഡിയത്തിൽ സെമി, ഫൈനൽ മത്സരങ്ങൾ അരങ്ങേറുമെന്ന് റിഫ മെഗാ കപ്പ് ടൂർണമെന്റ് കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.