ജിദ്ദ മദീന റോഡിനോട് ചേർന്ന ഇന്റർനാഷണൽ ഷോപ്പിങ് സെന്ററിൽ വൻ തീപ്പിടിത്തം

ജിദ്ദ: നഗരത്തിലെ ഏറ്റവും മികച്ച വാണിജ്യ കേന്ദ്രങ്ങളിലൊന്നായ അൽ റൗദ ഡിസ്ട്രിക്റ്റിൽ മദീന റോഡിൽ മുറബ്ബ പാലത്തിനടുത്ത് ലെ-മെറിഡിയൻ ഹോട്ടലിനോട് ചേർന്നുള്ള ഇന്റർനാഷണൽ ഷോപ്പിംഗ് സെന്ററിൽ വൻ തീപ്പിടുത്തമുണ്ടായി. ഇന്ന് പുലർച്ചെ നാല് മണിക്കുണ്ടായ തീപിടുത്തത്തിൽ ഷോപ്പിംഗ് സെന്ററിനകത്തുള്ള സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ 100 കണക്കിന് ഷോപ്പുകൾ കത്തിയമർന്നിട്ടുണ്ട്.

സെന്ററിന്റെ നാലാം ഗേറ്റിൽ നിന്നും കത്തിപ്പടർന്ന തീനാളങ്ങൾ സെന്ററിനെ ആകെ വിഴുങ്ങുകയായിരുന്നു. പുലർച്ചെ ആയതിനാൽ തീപിടുത്തത്തിൽ ആളപായം ഒന്നും ഉണ്ടായിട്ടില്ലെങ്കിലും കോടിക്കണക്കിന് റിയാലിന്റെ നാശനഷ്ടമാണ് കണക്കാക്കുന്നത്. അഗ്‌നിശമന രക്ഷാസേനയുടെ നിരവധി യൂനിറ്റുകൾ മണിക്കൂറുകൾ നീണ്ട കഠിനപ്രയ്തനത്തിലൂടെ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.


നിരവധി മലയാളികൾ ജോലിചെയ്യുന്നതും സ്വന്തമായി നടത്തുന്നതുമായ വിവിധ ഷോപ്പുകൾ അഗ്നിക്കിരയായിട്ടുണ്ട്. നാലര പതിറ്റാണ്ട് മുമ്പ് നിലവിൽ വന്ന 75,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഷോപ്പിംഗ് സെന്ററാണിത്. സൂപ്പർ മാർക്കറ്റ്, ആഭരണങ്ങൾ, ഇലക്ട്രോണിക് വസ്തുക്കൾ, വസ്ത്രങ്ങൾ, വാച്ചുകൾ, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങി 200 ഓളം വിത്യസ്ത ഷോപ്പുകൾ സെന്ററിനകത്തുണ്ട്. നിരവധി അന്താരാഷ്ട്ര ബിസിനസ് എക്സ്‌പോകൾക്ക് വേദിയായ ഇന്റർനാഷണൽ ഷോപ്പിംഗ് സെന്റർ വിനോദസഞ്ചാരികളുടെ സ്ഥിരം സന്ദർശന കേന്ദ്രമായിരുന്നു.

Tags:    
News Summary - huge fire broke out in the International Shopping Center next to Jeddah Madina Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.