കോൺസുലേറ്റിൽ അമിത തിരക്ക്; പാസ്പോർട്ട് സേവനങ്ങൾ നിർത്തിവെച്ചു

ജിദ്ദ: സൗദിയിലെ കർഫ്യു നിയന്ത്രണങ്ങൾ കാരണം ഇന്ത്യൻ സമൂഹത്തിന് പാസ്പോർട്ട് സംബന്ധമായ അത്യാവശ്യ സേവനങ്ങൾ നൽകാനായി ജിദ്ദ ഇന്ത്യൻ  കോൺസുലേറ്റിൽ ചൊവ്വാഴ്​ച മുതൽ ഒരുക്കിയിരുന്ന സൗകര്യങ്ങൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായി കോൺസുലേറ്റ് വാർത്താക്കുറിപ്പിൽ  അറിയിച്ചു.

അഭൂതപൂർവമായ തിരക്ക് കാരണമാണ് സേവനങ്ങൾ നിർത്തിവെക്കുന്നത്. തിങ്കളാഴ്ച മുതൽ നേരത്തെ നൽകിയ ടെലിഫോണിലും ഇമൈലിലും ബന്ധപ്പെട്ട്  മുൻകൂട്ടി രജിസ്​റ്റർ ചെയ്തവർക്ക് ചൊവ്വാഴ്ച മുതൽ കോൺസുലേറ്റിൽ എത്താനുള്ള സമയവും മറ്റും നൽകിയിരുന്നു. എന്നാൽ ഇതൊന്നും പാലിക്കാതെ, രജിസ്​റ്റർ  പോലും ചെയ്യാതെ ധാരാളം പേർ കോൺസുലേറ്റിൽ എത്തിയതാണ് തിരക്കിന് കാരണം. ഇത് സൗദി സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങളുടെ ലംഘനം  ആയതുകൊണ്ടാണ് സേവനങ്ങൾ നിർത്തുന്നതെന്ന് കോൺസുലേറ്റ് അറിയിച്ചു.

എന്നാൽ സമൂഹ അകലം പാലിക്കുന്നതുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ അനുസരിച്ച്‌  പടിഞ്ഞാറൻ മേഖലയിലെ വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന വിസ, പാസ്പോർട്ട് സേവന കേന്ദ്രങ്ങൾ ഭാഗികമായി തുറന്നുപ്രവർത്തിക്കാനുള്ള അനുമതിക്കായി സൗദി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള വിമാനസർവിസ് ആരംഭിക്കുന്ന മുറക്ക്  ആളുകളുടെ യാത്ര മുടങ്ങാതിരിക്കാൻ പാസ്പോർട്ട് കാലാവധി തീർന്നവർക്കും മറ്റും കോൺസുലേറ്റ് സേവനങ്ങൾ ലഭ്യമാക്കുമെന്നും അറിയിപ്പിൽ പറയുന്നു. കോവിഡ്  പടരാതിരിക്കാനായി സൗദി സർക്കാർ നിർദേശിക്കുന്ന നിയന്ത്രണങ്ങളും മുൻകരുതലുകളും പാലിക്കാൻ മുഴുവൻ ഇന്ത്യൻ സമൂഹത്തോടും കോൺസുലേറ്റ് ആവർത്തിച്ച്  അഭ്യർഥിച്ചു.

Tags:    
News Summary - Indian Consulate Crowd Passport Services Stopped -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.