റിയാദ്: ലോകത്തിെൻറ രുചിവൈവിധ്യം വിളംബരം ചെയ്ത് റിയാദിൽ ത്രിദിന ‘ഇൻഫ്ലേവർ’ ഭക്ഷ്യമേള സമാപിച്ചു. സൗദിയിലെ ഏറ്റവും വലിയ ഭക്ഷ്യമേളകളിലൊന്നാണ് റിയാദ് നഗരത്തിൽനിന്ന് 90 കിലോമീറ്ററകലെ മൽഹമിലെ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ നടന്നത്. 400 ഓളം പ്രദർശകർ പങ്കെടുത്ത മേളയിൽ 15 ഇന്ത്യൻ കമ്പനികൾക്ക് സ്റ്റാളുണ്ടായിരുന്നു. ഭക്ഷണ പ്രദർശന നഗരിയിൽ എരിവും പുളിയും ചേർത്ത ബനാന ചിപ്സ് കൊറിക്കാൻ അറബികളെത്തുന്നത് ഇന്ത്യൻ പവിലിയനിലേക്കായിരുന്നു.
ആലപ്പുഴയിൽനിന്നെത്തിയ ഭക്ഷ്യനിർമാണ കമ്പനിയായ ‘ആലപ്പി’യുടെ സ്റ്റാളിലാണ് അറബ് സന്ദർശകർക്ക് പുതുരുചി പരിചയപ്പെടുത്തിയത്. അറേബ്യയിലെ പ്രധാന ഭക്ഷണ നിർമാണ കമ്പനികൾ വിവിധ തരം കോഫികൾ, ഷവർമ, പാസ്തകൾ, മാംസം, കിഴങ്ങ് ഉൽപന്നങ്ങൾ തുടങ്ങി പ്രധാന ഭക്ഷണവിഭവങ്ങളെല്ലാം പ്രദർശനത്തിനും രുചിയറിയാനും ഒരുക്കി. എന്നാൽ തങ്ങൾക്ക് സുപരിചിതമല്ലാത്ത പുതിയ ഉൽപന്നങ്ങൾ പരിചയപ്പെടാനാണ് ഇന്ത്യൻ പവിലിയനിലെത്തിയതെന്ന് അറബ് സന്ദർശകരിൽ ചിലർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മുളകുപൊടിയിട്ട കപ്പ പൊരിച്ചതും തമിഴ്നാട്ടിൽനിന്നുള്ള കപ്പലണ്ടി കാൻഡിയും യുവ തലമുറക്ക് ഇഷ്ടപ്പെടുന്നുണ്ടെന്ന് സന്ദർശകർ പറയുന്നു.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിക്ഷേപകർ, നിർമാതാക്കൾ, ഉപഭോക്താക്കൾ, ചില്ലറ വ്യാപാരികൾ, സേവന കമ്പനികൾ തുടങ്ങി ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ടവർ പ്രദർശനത്തിൽ പങ്കെടുത്തു. ഭക്ഷ്യവ്യാപാര രംഗത്തെ ആശയങ്ങൾ പരസ്പരം പങ്കുവെക്കുന്നതിനും അതിവേഗം വളരുന്ന സൗദി വിപണിയുടെ സാധ്യതകൾ അറിയാനും ഉപയോഗപ്പെടുത്താനുമാണ് ഈ രംഗത്തെ വിദഗ്ധർ മേളയിലെത്തിയത്. ‘സമൃദ്ധമായ നാളെകൾ ഉറപ്പാക്കുന്നു’ എന്ന ശീർഷകത്തിൽ നടന്ന പ്രദർശനമേളയിൽ രാജ്യത്തിെൻറ കാർഷിക സാധ്യതകളും പുരോഗതിയും ചർച്ച ചെയ്തു. ലോകത്തുടനീളമുള്ള പ്രമുഖ കമ്പനികളുടെ സ്ഥാപകർ, സി.ഇ.ഒമാർ ഉൾപ്പെടെ 200-ഓളം പ്രഭാഷകർ വ്യത്യസ്ത വിഷയങ്ങളിൽ സംസാരിച്ചു. 200-ലേറെ സംരംഭകർ പങ്കെടുത്ത മേള 40,000-ഓളം ആളുകൾ സന്ദർശിച്ചു. മൂന്ന് ദിവസവും ഉച്ചക്ക് 12 മുതൽ രാത്രി എട്ട് വരെയായിരുന്നു പ്രദർശനം.
ജലദൗർലഭ്യം, ഫലഭൂയിഷ്ഠമല്ലാത്ത മണ്ണ്, ഉയർന്ന മരുഭൂമിയിലെ താപനില തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്ന് 1.6 കോടി ടൺ ഭക്ഷ്യവിഭവങ്ങളാണ് സൗദി ഉൽപാദിപ്പിക്കുന്നത്. ഇതിന് പുറമെ 11ലക്ഷം ടണ്ണിലധികം കോഴികളെ വളർത്തുന്നു. 3,75,000 ടണ്ണിലധികം മുട്ടകൾ വിപണിയിലെത്തിക്കുന്നു. ഏറ്റവും ആധുനികമായ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വയംപര്യാപ്തതയുടെ 80 ശതമാനവും പ്രതിനിധീകരിക്കുന്ന 30 ലക്ഷം ടൺ പച്ചക്കറികൾ സൗദി അറേബ്യയിൽ ഉൽപാദിപ്പിക്കുന്നുണ്ട്.
മത്സ്യകൃഷി നടത്തുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്ന് സൗദി അറേബ്യയിലാണ്. 70,000 ടൺ മറ്റ് മത്സ്യയിനങ്ങളും ചെമ്മീനും ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. ഉൽപാദനത്തിലും ഭക്ഷ്യസുരക്ഷയിലും ഗുണനിലവാരത്തിലും ലോകത്തെ ഏറ്റവും ഉയർന്ന നിലവാരമാണ് രാജ്യം പിന്തുടരുന്നത്. ഈത്തപ്പഴം കയറ്റുമതിയിൽ ലോകത്ത് ഒന്നാം സ്ഥാനം സൗദിക്കാണ്. 300-ലധികം ഇനങ്ങളിലായി 16 ലക്ഷം ടൺ ഈത്തപ്പഴമാണ് സൗദിയുടെ വാർഷിക ഉൽപാദനം. 111-ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. രാജ്യത്തിെൻറ തനത് ഉൽപന്നങ്ങൾ വ്യത്യസ്ത രാജ്യങ്ങളിൽനിന്നെത്തുന്നവർക്ക് പരിചയപ്പെടുത്താനും അതുവഴി പുതിയ കച്ചവടകരാറുകൾ ഒപ്പുവെക്കാനും ഇൻഫ്ലേവർ മേളനഗരി വേദിയായി. ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്ന സ്റ്റാർട്ടപ്പുകൾ ലോകത്തെ പരിചയപ്പെടുത്താൻ പുതുതലമുറയിലെ സംരംഭകർ മേളയെ ഉപയോഗപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.