സൗദി ഇഖാമ, റീ എൻട്രി, സന്ദർശക വിസ കാലാവധി സൗജന്യമായി ജൂലൈ 31 വരെ നീട്ടും

ജിദ്ദ: സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ ഇഖാമ, റീ-എൻട്രി, സന്ദർശന വിസ എന്നിവയുടെ കാലാവധി സൗജന്യമായി ജൂലൈ 31 വരെ സ്വമേധയാ പുതുക്കി നൽകുമെന്ന് സൗദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. നേരത്തെ ജൂൺ രണ്ട് വരെ പുതുക്കി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ ഉത്തരവ് ഉണ്ടായിരുന്നു. ഈ ഉത്തരവ് അനുസരിച്ചാണ് കാലാവധി ജൂലൈ അവസാനം വരെ നീട്ടുന്നത്.

ഫെബ്രുവരി രണ്ടിന് സൗദി ആഭ്യന്തര മന്ത്രാലയം യാത്രാ വിലക്ക് പ്രഖ്യാപിച്ച 20 രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് തിരിച്ചെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികളുടെ രേഖകളാണ് പുതുക്കുക. ഇവിടങ്ങളിലുള്ള സൗദി പ്രവാസികളുടെ കാലാവധി കഴിഞ്ഞ ഇഖാമ, എക്സിറ്റ് റീ-എൻട്രി വിസ, സന്ദർശക വിസയിൽ സൗദിയിലേക്ക് വരാനായി കാത്തിരിക്കുകയും നിലവിൽ അത്തരം സന്ദർശക വിസകളുടെ കാലാവധി അവസാനിക്കുകയും ചെയ്തവരുടെ വിസാ കാലാവധി എന്നിവയാണ് സൗജന്യമായി പുതുക്കുക. രേഖകൾ പുതുക്കാനാവശ്യമായ ചെലവുകൾ ധനകാര്യ മന്ത്രാലയം വഹിക്കും. പാസ്പോർട്ട് ഓഫീസുകൾ സന്ദർശിക്കാതെ തന്നെ നാഷനൽ ഇൻഫർമേഷൻ സെന്‍ററുമായി സഹകരിച്ച് രേഖകളുടെ പുതുക്കൽ സ്വമേധേയാ പൂർത്തിയാക്കും.

നിലവിൽ കോവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്കുണ്ട്. ഇതുകാരണം നിരവധി ആളുകളുടെ ഇഖാമയും റീ-എൻട്രി വിസയും സന്ദർശക വിസയുമെല്ലാം കാലാവധി കഴിഞ്ഞിരുന്നു. ഇത്തരം രേഖകളുടെ കാലാവധി ജൂൺ രണ്ട് വരെ പുതുക്കുമെന്ന് ദിവസങ്ങൾക്ക് മുമ്പ് സൽമാൻ രാജാവിന്റെ ഉത്തരവ് വന്നെങ്കിലും ആരുടേയും രേഖകൾ പുതുക്കി ലഭിച്ചിരുന്നില്ല.

അക്കാരണത്താൽ ആയിരക്കണക്കിന് പ്രവാസികൾ നിരാശരായി ഇരിക്കുമ്പോൾ രേഖകൾ ജൂലൈ അവസാനം വരെ നീട്ടുമെന്ന പുതിയ പ്രഖ്യാപനം ഇവർക്കെല്ലാം ആശ്വാസമായിരിക്കുകയാണ്. താൽക്കാലിക യാത്രാവിലക്കിൽ ഇളവ് ലഭിച്ച് ഇന്ത്യയിൽ നിന്നും നേരിട്ട് സൗദിയിലേക്ക് വിമാനസർവീസ് ആരംഭിക്കുന്ന പ്രഖ്യാപനം കൂടി വരും ദിവസങ്ങളിൽ ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയിലാണ് ഈ പ്രവാസികൾ. 

Tags:    
News Summary - saudi iqama, exit, re-entry and visit visa validity will extend until july 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.