ജിദ്ദ: സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്ന് റിയാദിലെത്തിച്ച ഇറാഖി സയാമീസ് ഇരട്ടകളായ ഉമർ, അലി കുട്ടികളെ വേർപ്പെടുത്തുന്ന ശസ്ത്രക്രിയ ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ ഏഴ് മണിക്കാണ് ശസ്ത്രകിയാ സംഘം തലവൻ ഡോ. അബ്ദുല്ല അൽറബീഅയുടെ മേൽനോട്ടത്തിൽ റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ആശുപത്രിയിൽ ശസ്ത്രക്രിയ ആരംഭിച്ചത്. സംഘത്തിൽ 27 കൺസൾട്ടൻറുകൾ, സ്പെഷ്യലിസ്റ്റുകൾ, നഴ്സിങ്, ടെക്നിക്കൽ കേഡർമാർ എന്നിവരടക്കം 27 പേരുണ്ട്.
ആറ് ഘട്ടങ്ങളിലായി നടക്കുന്ന ശസ്ത്രക്രിയ 11 മണിക്കൂർ സമയമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. അൽറബീഅ പറഞ്ഞു. ഇരട്ടകൾ നെഞ്ചിലും വയറിലും ഒട്ടിപ്പിടിച്ചതിനാലും കരൾ, പിത്തരസം, കുടൽ എന്നിവ പങ്കിടുന്നതിനാലും ശസ്ത്രക്രിയയുടെ വിജയം 70 ശതമാനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. വേർപിരിയലിനുശേഷം ശസ്ത്രക്രിയാ സ്ഥലം മറയ്ക്കാൻ സഹായിക്കുന്ന സ്കിൻ എക്സ്റ്റൻഷൻ ഉപകരണങ്ങൾ ഘടിപ്പിക്കുന്ന ശസ്ത്രക്രിയയ്ക്കും ഇരട്ടകളെ വിധേയമാക്കി.
പ്ലാസ്റ്റിക് സർജറി ടീമാണ് ഇത് ചെയ്തതതെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇറാഖി സയാമീസുകളെ മാതാപിതാക്കളോടൊപ്പം റിയാദിലെത്തിച്ചത്. കുട്ടികളുടെ ആരോഗ്യ സ്ഥിതികളും ശസ്ത്രക്രിയ സാധ്യതകളും പഠിച്ച ശേഷമാണ് ഇന്ന് വേർപ്പെടുത്തൽ ശസ്ത്രക്രിയ നടക്കുന്നത്. ഇറാഖിൽ നിന്നുള്ള സയാമീസ് ഇരട്ടകളെ വേർപെടുത്തുന്ന അഞ്ചാമത്തെ ശസ്ത്രക്രിയയാണിത്. 1990 മുതലാണ് സയാമീസുകളെ വേർപെടുത്തുന്നതിനുള്ള സൗദി പദ്ധതി ആരംഭിച്ചത്. ഇപ്പോൾ നടക്കുന്നത് 54ാമത്തെ ശസ്ത്രക്രിയയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.