റിയാദ്: പ്രവാസലോകത്ത് ചിത്രംവരക്കാർ ധാരാളമുണ്ട്. എന്നാൽ, ഒരു കുടുംബം ഒന്നാകെ ചിത്രം വരക്കാരാകുന്നത് അപൂർവമാണ്. നിലമ്പൂർ പൂക്കോട്ടുംപാടം സ്വദേശി ഇസ്ഹാഖും രണ്ട് പെൺമക്കളും റിയാദിലിരുന്ന് വരച്ചുകൊണ്ടിരുന്നത് ആ അപൂർവതയുടെ വിസ്മയ ചിത്രങ്ങളാണ്.
മൂന്നര പതിറ്റാണ്ടിലേറെ പ്രായമെത്തിയ പ്രവാസത്തിെൻറ കാൻവാസിൽ അവസാന ചിത്രം വരച്ച് അടിയിൽ കൈയൊപ്പിട്ട് ആ കുടുംബം ഒടുവിൽ നാട്ടിലേക്ക് മടങ്ങുന്നു. ഉറക്കത്തിലും ഉണർവിലും ചിത്രവരയെ കുറിച്ചുമാത്രം ചിന്തിക്കുന്ന ഇൗ കുടുംബത്തിെൻറ വിശേഷം ഇതിനകം അറബിക്, ഇംഗ്ലീഷ്, മലയാള മാധ്യമങ്ങളിലടക്കം വലിയ വാർത്തപ്രാധാന്യം നേടിയതാണ്.
റിയാദിലെ മലയാളി സമൂഹത്തിന് മാത്രമല്ല, സൗദി പൗരന്മാരുൾപ്പെടെ ചിത്രകലാസ്വാദകരായ വലിയൊരു സമൂഹത്തിെൻറ പ്രിയം പിടിച്ചെടുക്കാൻ ഇസ്ഹാഖിെൻറയും മക്കളായ രിസാമ ആരിഫയുടെയും ജുമാനയുടെയും വരസിദ്ധിക്ക് കഴിഞ്ഞിട്ടുണ്ട്. ഇസ്ഹാഖിെൻറ ഭാര്യ നജ്മയും ചിത്രകലയിൽ കഴിവുള്ളയാളാണെങ്കിലും ബാക്കി മൂന്നുപേരും ചിത്രകലയിൽ മുഴുകികഴിയുന്നതിനാൽ കുടുംബകാര്യം നോക്കാൻ വേണ്ടി ബ്രഷ് താഴെ വെച്ചതാണ്.
പൂക്കോട്ടുംപാടത്തെ വട്ടപ്പറമ്പിൽ കുടുംബാംഗമായ ഇസ്ഹാഖിേൻറത് അങ്ങനെ സമ്പൂർണ സചിത്ര കുടുംബമായി. സൗദി അറേബ്യയിലെ പ്രമുഖ അറബ് ദിനപത്രങ്ങളിലൊന്നായ അൽയൗമിെൻറ സഹോദര പ്രസിദ്ധീകരണം 'അൽമുബവബ'യുടെ റിയാദ് എഡിഷനിൽ 14 വർഷം സീനിയർ ഡിസൈനറായിരുന്നു ഇസ്ഹാഖ്. ശേഷം ഒന്നര വർഷമായി മെയ്ഡ് ഇൻ സൗദിയ എന്ന പരസ്യ കമ്പനിയുടെ റിയാദ് ശാഖയിൽ സ്റ്റോറി ബോർഡ് ആർട്ടിസ്റ്റായി ജോലി ചെയ്യുന്നതിനിടെയാണ് സ്വന്തം ഇഷ്ടപ്രകാരം പ്രവാസം അവസാനിപ്പിക്കുന്നത്.
വിവാഹിതയായ മൂത്ത മകൾ രിസാമ ആരിഫ ഇതിനകം നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. ഇളയ മകൾ ജുമാന തിരുവനന്തപുരം ടെക്നോപാർക്കിലെ ടൂൺസ് ആനിമേഷൻ അക്കാദമിയിൽ ആനിമേഷൻ ആൻഡ് ഫിലിം മേക്കിങ്, വി.എഫ്.എക്സ് കോഴ്സുകൾ പൂർത്തിയാക്കി. ഇരുവരെയും കൂട്ടി നാട്ടിൽ സ്വന്തമായി പരസ്യകമ്പനി തുടങ്ങാനാണ് ഇസ്ഹാഖിെൻറ തീരുമാനം.
മരുമകൻ ഷെഫീഖ് അലി ജിദ്ദയിൽ ജോലി ചെയ്യുന്നു. ഭാര്യ നജ്മയോടൊപ്പം വെള്ളിയാഴ്ച റിയാദിൽനിന്ന് കോഴിക്കോേട്ടക്കുള്ള ചാർേട്ടഡ് വിമാനത്തിൽ ഇസ്ഹാഖ് യാത്ര തിരിക്കും. ചിത്രകാരെൻറ വിസയെന്ന് മോഹിപ്പിച്ച് അറബിയുടെ ൈഡ്രവർ പണിക്ക് കയറ്റിവിട്ട ഏജൻറിെൻറ ചതിയിൽനിന്നാണ് ഇസ്ഹാഖിെൻറ പ്രവാസജീവിതം ആരംഭിക്കുന്നത്. ജന്മസഹജമായ കഴിവ് സ്വന്തം പരിശ്രമത്തിലൂടെ വികസിപ്പിച്ച ചിത്രകലാ പാടവവുമായി 1984ൽ 18ാമത്തെ വയസ്സിലാണ് റിയാദിൽ എത്തിയത്.
കുടുംബത്തിന് ചിത്രകലാപാരമ്പര്യമുണ്ടായിരുന്നു. അമ്മാവനും രണ്ട് എളാപ്പമാരും നാട്ടിൽ അറിയപ്പെടുന്ന ചിത്രകാരന്മാരായിരുന്നു. ഉമ്മ ബീയുമ്മയും ചിത്രം വരക്കുമായിരുന്നു. ആ പാരമ്പര്യമാണ് തുടർന്നത്. മറ്റൊരു വീട്ടിൽ നിന്നെത്തിയ ഭാര്യ നജ്മയും യാദൃശ്ചികമായിട്ടാണെങ്കിലും ചിത്രകലയിൽ സിദ്ധിയുള്ളയാളായി. റിയാദിൽ വിവിധ പരസ്യ കമ്പനികളിൽ ആർട്ടിസ്റ്റായായിരുന്നു ഇസ്ഹാഖ് തുടങ്ങിയത്. പത്രത്തിൽ ജോലി കിട്ടിയത് വഴിത്തിരിവായി. മൂത്ത മകൾ ആരിഫക്ക് ഒമ്പത് മാസം പ്രായമുള്ളപ്പോൾ മുതൽ കുടുംബവും റിയാദിൽ ഒപ്പം വന്നു. പിന്നീട് കുടുംബമൊത്താണ് പ്രവാസജീവിതം തുഴഞ്ഞത്.
സമൂഹ മാധ്യമങ്ങളിൽ സജീവമായ ഉപ്പയും മക്കളും ചിത്രകലക്ക് വേണ്ടി ബ്ലോഗുകൾ തുടങ്ങിയിരുന്നു. ഫേസ്ബുക്കിൽ ഇസ്ഹാഖ് 'ദിനവര' എന്ന പേരിൽ എല്ലാ ദിവസവും കണ്ണിൽപ്പെടുന്ന ഒരു കാഴ്ച വരച്ചിടുന്നത് ശീലവുമാക്കിയിരുന്നു. നാലുവർഷം അങ്ങനെ 1200ലേറെ ചിത്രങ്ങൾ വരച്ചു. ഇങ്ങനെ സജീവമായിരുന്ന പ്രവാസം ചാലിച്ച വർണക്കൂട്ടുകളാൽ വിരിഞ്ഞ മനോഹരമായ ഒാർമചിത്രങ്ങൾ മനസ്സിൽ ബാക്കിയാക്കിയാണ് ഇൗ വര കുടുംബം മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.