റിയാദ്: ഇന്ത്യ, സൗദി വാണിജ്യസംരംഭങ്ങൾക്ക് ഊർജം പകർന്ന് റിയാദിൽ ഗൾഫ് മാധ്യമം സംഘടിപ്പിച്ച ‘ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ്’ എക്സ്പോയിൽ ഇസ്മ പോളിക്ലിനിക് ആൻഡ് മെഡിക്കൽ സെന്റർ ഒരുക്കിയ ഫ്രീ മെഡിക്കൽ ക്യാമ്പ് രണ്ടായിരത്തിലേറെ ആളുകൾ പ്രയോജനപ്പെടുത്തി.
റിയാദിലെ വിദേശികൾക്കും സ്വദേശികൾക്കുമിടയിൽ ബത്ഹ ന്യൂ സഫാ മക്ക പോളിക്ലിനിക്കിലൂടെ സുപരിചിതനായി മാറിയ മലയാളി സംരംഭകൻ വി.എം. അഷ്റഫിന്റെ പുതിയ സംരംഭമായി റിയാദ് റൗദയിലെ ഇസ്ബീലിയയിൽ പ്രവർത്തനം ആരംഭിച്ച ഇസ്മ പോളിക്ലിനിക്കിന്റെ ഔപചാരിക ഉദ്ഘാടനത്തിന് മുന്നോടിയായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് ഏർപ്പെടുത്തിയ ‘ഇസ്മ കെയർ പ്ലസ്’ അംഗത്വ കാമ്പയിനും ജനങ്ങളിൽനിന്ന് വലിയ പ്രതികരണമാണുണ്ടായതെന്നും ആയിരക്കണക്കിനാളുകൾ രജിസ്ട്രേഷൻ നടത്തിയെന്നും മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ക്യാമ്പിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധന (ജി.ആർ.ബി.എസ്), സ്മാർട്ട് ബോഡി അനലൈസർ ഉപയോഗിച്ച് സൗജന്യ ബി.എം.ഐ പരിശോധന, വൈറ്റൽ അടയാള പരിശോധന എന്നിവ സൗജന്യമായി നടത്തിയിരുന്നു. എക്സ്പോ നഗരിയിലെ ഇസ്മ പവലിയനിലെത്തിയ എല്ലാ ആളുകളും ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി. എക്സ്പോ ഉദ്ഘാടനം ചെയ്ത ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജ്, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് എന്നിവർ ഇസ്മ പവലിയൻ സന്ദർശിച്ചു.
‘ഇസ്മ കെയർ പ്ലസ്’ അംഗത്വം നേടുന്നവർക്ക് ഒരു വർഷം വരെ സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ (ഏതെങ്കിലും സ്പെഷാലിറ്റി ഡോക്ടർമാരുടെ കൺസൾട്ടേഷൻ ഉൾപ്പടെ), മാസത്തിലൊരിക്കൽ പഞ്ചസാര, ക്രിയാറ്റിനിൻ, എസ്.ജി.ഒ.ടി, എസ്.ജി.പി.ടി, കൊളസ്ട്രോൾ, യൂറിക് ആസിഡ് എന്നിവയുടെ സൗജന്യ പരിശോധന തുടങ്ങിയ ആനുകൂല്യങ്ങളാണ് ലഭിക്കുകയെന്ന് ക്ലിനിക്ക് അധികൃതർ അറിയിച്ചു.
കാമ്പയിനിലൂടെ രജിസ്റ്റർ ചെയ്തവരിൽനിന്ന് നറുക്കെടുപ്പിലൂടെ ഒന്നും രണ്ടും മൂന്നും സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്ക് യഥാക്രമം ഐഫോൺ 16 പ്രോ, ഐ പാഡ്, ആപ്പിൾ വാച്ച് എന്നിവ സമ്മാനമായി ലഭിക്കും. ക്ലിനിക്കിൽ നടന്ന നറുക്കെടുപ്പിൽ അമീർ ജാവേദ്, എൻ.പി. എൽദോ, ദയ ആൻ പ്രഡിൻ എന്നിവർ യഥാക്രമം വിജയികളായി.
ഇവർക്കുള്ള സമ്മാനങ്ങൾ അടുത്ത മാസം നടക്കുന്ന ക്ലിനിക്കിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ വിതരണം ചെയ്യും. നറുക്കെടുപ്പിന് മാനേജിങ് ഡയറക്ടർ വി.എം. അഷ്റഫ്, ഓപറേഷൻസ് മാനേജർ മുസാഅദ് അൽ ഹാർതി, മാർക്കറ്റിങ് മാനേജർ ഫഹദ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.