ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ ഇനി ആൺപെൺ വേർതിരിവില്ല

ജിദ്ദ: ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ ഒരേ ക്ലാസിൽ ഇനി ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നു പഠിക്കും. അടുത്ത അധ്യായന വർഷത്തോടെ ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ കോ-എജുക്കേഷൻ സംവിധാനം നടപ്പാക്കുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ അറിയിച്ചു. ലിംഗസമത്വം, പരസ്പര ബഹുമാനം, മത്സരാധിഷ്ഠിത അന്തരീക്ഷം എന്നിവയുടെ വികസനം, ചെറുപ്രായത്തിൽ തന്നെ മികച്ചതും ആരോഗ്യകരവുമായ പഠനാന്തരീക്ഷം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നും പ്രിൻസിപ്പൽ അറിയിച്ചു.


പുതിയ സംവിധാനം ലിംഗഭേദത്തിന്‍റെ ക്രിയാത്മകമായ സംയോജനത്തിന് കാരണമാകുമെന്നും ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള പരസ്പര ബഹുമാനവും ധാരണയും പ്രോത്സാഹിപ്പിക്കുമെന്നും തങ്ങൾ പ്രതീക്ഷിക്കുന്നതായി പ്രിൻസിപ്പൽ പറഞ്ഞു. സ്‌കൂളിന്‍റെ അക്കാദമിക് രീതികളിലെ ഈ മാറ്റം ക്ലാസ്​ മുറികളിലെ പരസ്പര സഹകരണം സുഗമമാക്കുമെന്നും ഇത് കുട്ടികൾക്കിടയിൽ പരസ്പരമുള്ള ബൗദ്ധിക കാഴ്ചപ്പാടുകളെ സാമൂഹികമായി വികസിപ്പിക്കാനും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കാനും സഹായിക്കുമെന്നും പ്രിൻസിപ്പൽ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.


കോ-എജുക്കേഷൻ സംവിധാനത്തിലൂടെ വിദ്യാർഥികൾ പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസത്തിൽ വിജയിക്കുന്നതിനും തൊഴിൽ മേഖലയിൽ പ്രവേശിക്കുന്നതിനും നന്നായി തയാറെടുക്കുന്നുവെന്നുമാണ് കരുതുന്നത്. അത് കുട്ടികളിൽ തങ്ങളുടെ പ്രതിച്ഛായ വളർത്താനും ഭാവി നേതാക്കളാകേണ്ട വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വളർത്തിയെടുക്കാനും സഹായിക്കുമെന്നും സർക്കുലറിൽ പ്രിൻസിപ്പൽ അറിയിച്ചു.

Tags:    
News Summary - Jeddah International Indian School no longer discriminates between males and females

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.