ജിദ്ദ: കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന മലപ്പുറം ജില്ലാകമ്മിറ്റി പുസ്തക പ്രസാധന രംഗത്തേക്ക്. ചരിത്ര ഗവേഷണ വിദ്യാർഥികൾക്ക് അധിക പഠനത്തിനുതകുന്ന റഫറൻസ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മലപ്പുറത്തിെൻറ മതേതര വഴികളിലൂടെയുള്ള വാർത്താ യാത്ര വരച്ചുകാണിക്കുന്ന 'മലപ്പുറം മനസ്സ്' എന്ന പുസ്തകത്തിെൻറ പ്രകാശനം വെള്ളിയാഴ്ച നടക്കും. രാത്രി എട്ടിന് ഇമ്പാല ഗാർഡനിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസൽ പി. ഹരിദാസൻ പുസ്തകം പ്രകാശനം ചെയ്യും. മലപ്പുറം പ്രസ് ക്ലബ് പ്രസിഡൻറും മലയാള മനോരമ സീനിയർ സബ് എഡിറ്ററുമായ ശംസുദ്ദീൻ മുബാറക്കാണ് പുസ്തകം രചിച്ചത്.
മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനുമപ്പുറം മലപ്പുറത്തിെൻറ നന്മയും സ്നേഹപാരമ്പര്യവും നിറഞ്ഞ നൂറോളം വാർത്താ ഫീച്ചറുകളാണ് പുസ്തകത്തിൽ ചിത്രങ്ങൾ സഹിതം ഉൾപ്പെടുത്തിയിരിക്കുന്നത്. രൂപവത്കരണം മുതൽ തെറ്റിദ്ധരിക്കപ്പെട്ട ജില്ലയാണ് മലപ്പുറം. അമ്പത് വർഷം പിന്നിട്ടിട്ടും മലപ്പുറത്തെക്കുറിച്ചുള്ള അപവാദങ്ങളും വിവാദങ്ങളും തുടരുകയാണ്. മനുഷ്യമനസുകളിൽ അർബുദംപോലെ വെറുപ്പ് പടരുന്ന ഈ കാലത്ത് മനുഷ്യസ്നേഹം മരിച്ചുപോകാതിരിക്കാനുള്ള മരുന്നാണ് 'മലപ്പുറം മനസ്സ്' എന്ന പുസ്തകമെന്ന് ഭാരവാഹികൾ പറഞ്ഞു.
മതനിരപേക്ഷതയും സാഹോദര്യവും സമഭാവനയും ഓരോ മലപ്പുറത്തുകാരെൻറയും അഭിമാനമാണെന്ന് പുസ്തകം വിളിച്ചു പറയുന്നു. പാരമ്പര്യമായി വ്യത്യസ്ത സമുദായങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രാദേശിക തനിമകളുടെയും സ്നേഹസുഗന്ധങ്ങൾ അണിഞ്ഞുനിൽക്കുന്ന മലപ്പുറത്തിെൻറ മതേതര വഴികളിലൂടെ ഒരു വാർത്തായാത്രയാണിത്. മലപ്പുറത്തിെൻറ യഥാർഥ സ്നേഹത്തിെൻറ നേർക്കാഴ്ച വരച്ചു കാണിക്കാനുള്ള എളിയ ശ്രമം കൂടിയാണ് ഈ പുസ്തകമെന്നും ഭാരവാഹികൾ പറഞ്ഞു.
പുസ്തകം ജില്ലയിലെ സർക്കാർ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലെ ലൈബ്രറികളിലേക്ക് സൗജന്യമായി നൽകും. മലപ്പുറം ജില്ല കെ.എം.സി.സി ചരിത്രം വിളിച്ചോതുന്ന സുവനീർ 'മരുഭൂവസന്തം കെ.എം.സി.സി', കേരള നിയമസഭയിൽ മുസ്ലിം ലീഗ് സാമാജികരുടെ ഇടപെടലുകളിലൂടെ നടപ്പായ നിയമങ്ങളും ചട്ടങ്ങളും പ്രതിപാദിക്കുന്ന 'നിയമ നിർമാണത്തിലെ മുസ്ലിംലീഗ്' എന്നീ പുസ്തകങ്ങളും ഉടൻ പ്രസിദ്ധീകരിക്കും. ജില്ല കെ.എം.സി.സിയുടെ ഉപഘടകമായ ആസ്പെയർ പബ്ലിക്കേഷൻസ് ആണ് പുസ്തകങ്ങളുടെ പ്രസാധകർ. ഹബീബ് കല്ലൻ, സീതി കൊളക്കാടൻ, ബാബു നഹ്ദി, ഇല്യാസ് കല്ലിങ്ങൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.