ജിദ്ദ: മൂന്നാമത് ജിദ്ദ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി. മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ മേള ഉദ്ഘാടനം ചെയ്തു. ‘പുസ്തകം സംസ്കാരമാണ്’ എന്ന തലക്കെട്ടിലൊരുക്കിയ മേള പത്ത് ദിവസം നീളും. ജിദ്ദ ഗവർണർ അമീർ മിശ്അൽ ബിൻ മാജിദ്, മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുല്ല ബിൻ ബന്ദർ, ഗവർണറേറ്റ് സുരക്ഷ കാര്യ അണ്ടർ സെക്രട്ടറി അമീർ സഉൗദ് ബിൻ അബ്ദുല്ല ബിൻ ജലവി, സാംസ്കാരിക വാർത്താ വകുപ്പ് മന്ത്രി ഡോ. അവാദ് അൽഅവാദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ ഡോ. അഹ്മദ് ദബീബ്, ഡോ. അബ്ബാസ് താശ്ഖന്ദി, യഹ്യ ബിൻ ജുനൈദ്, അബ്ദുറഹ്മാൻ അൽമുഅ്മർ, ഡോ. ഹുദാ അൽഅമൂദി, ഖാലിദ് അൽയൂസുഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. അടുത്തിടെ അന്തരിച്ച ദേശീയ കവിയും ദേശീയ ഗാനരചയിതാവുമായ ഇബ്രാഹീം ഖഫാജിയെ പ്രത്യേകം അനുസ്മരിച്ചു. ഉദ്ഘാടന ശേഷം പവലിയനുകൾ മക്ക ഗവർണർ സന്ദർശിച്ചു. അമേരിക്കൻ ആർട്ടിസ്റ്റ് ഡേവിഡ് ഡാറ്റുനാ ഡിസൈൻ ചെയ്ത സൗദി പതാക, കാലിഗ്രഫികളും അദ്ദേഹം കണ്ടു. വിവിധ രാജ്യങ്ങളിലെ പ്രസാധകർ മേളയിൽ പെങ്കടുക്കുന്നതിനാൽ സ്വദേശികൾക്ക് പ്രത്യേകിച്ച് യുവാക്കൾക്ക് അറബ്, യൂറോപ്പ്, ഏഷ്യൻ സംസ്കാരങ്ങൾ മനസ്സിലാക്കാൻ കവാടം തുറക്കുകയാണെന്ന് ഉദ്ഘാടന ശേഷം ജിദ്ദ ഗവർണറും മേളയുടെ ഉന്നതാധികാര കമ്മിറ്റി അധ്യക്ഷനുമായ അമീർ മിശ്അൽ ബിൻ മാജിദ് പറഞ്ഞു. മുൻവർഷത്തേക്കാൾ 30 ശതമാനം കൂടുതൽ സ്ഥലത്താണ് ഇത്തവണ പുസ്തകമേള ഒരുക്കിയിരിക്കുന്നത്. സമൂഹത്തിലെ ഒരോ പ്രായക്കാർക്കനുസരിച്ച് വിവിധ സാംസ്കാരിക പരിപാടികൾ മേളയിൽ അരങ്ങേറും.
വിവിധ രാജ്യങ്ങളുടെ സംസ്കാരങ്ങളെ മനസ്സിലാക്കാനുള്ള വലിയ അവസരം കൂടിയാണ് പുസ്തകമേളയെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ദിവസം നിരവധി പേരാണ് മേള സന്ദർശിച്ചത്. ഇന്നും നാളെയും അവധി ദിനങ്ങളായതിനാൽ കൂടുതൽ പേർ മേള കാണാനെത്തുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. അബ്ഹുർ തീരത്ത് 27500 ചതുരശ്ര മീറ്ററിലാണ് പുസ്തക മേള ഒരുക്കിയിരിക്കുന്നത്. 3.5 ദശലക്ഷം പുസ്തകങ്ങളുമായി 42 ഒാളം രാജ്യങ്ങളിൽ നിന്ന് ഏകദേശം 500 ലധികം പ്രസാധകൾ ഇത്തവണ മേളയിൽ പെങ്കടുക്കുന്നുണ്ട്. 142 ഒാളം പ്രസാധകർ ജിദ്ദ മേളയിൽ ആദ്യമായി പെങ്കടുക്കുന്നവരാണ്. 60 ഒാളം സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.