ദമ്മാം: ‘പ്രിയപ്പെട്ടവരൊക്കെ നമ്മെ വിട്ടുപോകുമ്പോൾ നാമ്മളൊക്കെ ചിറകറ്റശലഭങ്ങൾ ... എല്ലാ ബന്ധങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും എന്നെ മോചിപ്പിച്ചേക്കൂ എന്റെ പ്രിയപ്പെട്ടവരേ...ഞാൻ എന്റെ തൂലിക കടലിന്റെ അഗാധങ്ങളിലേക്ക് വലിച്ചെറിയുന്നു. അഗാധമായ ഉറക്കത്തിലേക്ക്... ഇനിയെന്നെ തേടി ആരും വരരുത്. എന്നെ തേടിവരാത്തവർ എനിക്ക് പ്രിയപ്പെട്ടവർ.... ഇതാ ഞാൻ യാത്രയാകുന്നു.....’ ദമ്മാമിൽ അരങ്ങേറിയ 'ഇതിഹാസ'മെന്ന നാടകത്തിൽ ഷേക്സ്പിയറായി ഒരിക്കലും മറക്കാനാവാത്തവിധം വേദിയിൽ ജീവിച്ച ജോബിയുടെ നാടകത്തിലെ അവസാന ഡയലോഗാണിത്. പ്രിയപ്പെട്ട റുക്സാനയെ കാണാൻ തിരികെ ലണ്ടൻ നഗരത്തിലേക്ക് ക്ഷണിച്ച ബാർബേജിനോട് പറയുന്ന ഷേക്സ്പിയറിന്റെ ഈ വാക്കുകൾ അത്രത്തോളം ജീവിതത്തോട് ചേർത്തുവെച്ചാണ് ജോബി വിട പറഞ്ഞത്. ഒരു ജീവിതകാലം മുഴുവൻ ഓർത്തുവെക്കാൻ പാകത്തിലുള്ള അഭിനന്ദനങ്ങളാണ് 'ഇതിഹാസ'ത്തിലെ അഭിനയത്തിന് ജോബിയും ഒപ്പം അഭിനയിച്ച ഭാര്യ ജിഷയും നേടിയെടുത്തത്. നക്ഷത്രങ്ങളെപ്പോലെ വെളിച്ചം പകർന്നു നിൽക്കെ ഉൾക്കാശിലപോലെ കത്തിമയരുകയാണ് ജോബി. അഭിനയത്തികവിന് കിട്ടിയ അഭിനന്ദനങ്ങളുടെ മധുരം മാറും മുമ്പേ തന്നെ അർബുദബാധ സ്ഥിരീകരിക്കുകയായിരുന്നു. ദമ്മാമിലെ ആയിരക്കണക്കിന് പ്രേക്ഷകരുടെ അഭിനന്ദനം ഏറ്റുവാങ്ങിയ ജോബിയുടെ അടുത്ത നാടകങ്ങൾക്കായുള്ള കാത്തിരിപ്പിനിടെയാണ് അദ്ദേഹത്തിന്റെ മരണം.
രണ്ട് പതിറ്റാണ്ടായി ദമ്മാമിൽ തുടരുന്ന ജോബിയുടെ സൗമ്യവും, ഹൃദ്യവുമായ പെരുമാറ്റം നിരവധി സൗഹൃദങ്ങളെ നേടിക്കൊടുത്തിരുന്നു. കനിവ് സംസ്കാരിക വേദിയിലൂടെ അനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ജോബി നേതൃത്വം നൽകിയിരുന്നു. പ്രവാസ കാലത്ത് ഷിജു കലയപുരം എഴുതിയ മൂന്നോളം ബൈബിൽ നാടകങ്ങളിൽ അവിസ്മരണീയ വേഷങ്ങൾ ചെയ്തതിന് ശേഷമാണ് ജോബി ഇതിഹാസത്തിൽ നായകനാകുന്നത്. ഇതിഹാസം നാടകത്തിലെ കേന്ദ്ര കഥാപാത്രമായ വിശ്വവിഖ്യാത എഴുത്തുകാരൻ ഷേക്സ്പിയറിനായി സംവിധായകൻ ബിജു പി നീലേശ്വരം നിരവധി ആളുകളെ പരിഗണിച്ചിരുന്നു. ഏറ്റവും അവസാനമാണ് ജോബിയിലേക്ക് ഈ വേഷമെത്തുന്നത്. ഒരു പഴുതുപോലും നൽകാതെ ജോബി തനിക്ക് ലഭിച്ച വേഷം അവിസ്മരണീയമാക്കി. പലപ്പോഴും അദ്ദേഹം സ്ഥാപിച്ച ഗ്ലോബ് നാടകശാലയും അതിലെ നാടകങ്ങളും, ഷേക്സ്പിയറും കാണികൾ കാലം മറന്നും അനുഭവിച്ചു. ജോബി യാത്രയാകുമ്പോൾ വാക്കുകൾ പറയാനാവാത്ത ഹൃദയ ശൂന്യതയാണ് താൻ അനുഭവിക്കുന്നതെന്ന് ബിജു പി. നീലേശ്വരം പറഞ്ഞു. അപ്രതീക്ഷിതമായാണ് ജോബി തന്റെ നാടകത്തിലേക്ക് എത്തുന്നത്. വേദിയിലെത്തിയ അദ്ദേഹത്തിന്റെ പ്രകടനംകണ്ടു ഞാൻപോലും അത്ഭുതപ്പെട്ടുപോയി. ഒരു പക്ഷേ അണയാനുള്ള ദീപത്തിന്റെ അവസാന ആളിക്കത്തലായിരുന്നിരിക്കണം. ബിജു ഇടറിയ കണ്ഠത്തോടെ പറഞ്ഞു. ജോബിയുടെ ശൂന്യത ഞങ്ങൾക്ക് എങ്ങനെ നികത്താകും. ഞാൻ നാടകം എഴുതിത്തുടങ്ങുമ്പോഴേ ജോബിക്കുള്ള വേഷം നിശ്ചയിച്ചിരിക്കും. അത്രക്ക് ഉറപ്പായിരുന്നു എനിക്ക്. ഇനിയാര്? വിതുമ്പലോടെ നാടക രചയിതാവ് ഷിജു കലയപുരം പറഞ്ഞു. കഴിഞ്ഞ ദിവസം ജോബിയെ അവസാനമായി കാണാൻ നിരവധി പേരാണ് മെഡിക്കൽ കോംപ്ലക്സ് പരിസരത്ത് എത്തിച്ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.