ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസിയായിരുന്ന കെ.എ.കെ ഫൈസി നിര്യാതനായി

ജിദ്ദ: ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസിയായിരുന്ന പണ്ഡിതനും ഗ്രന്ഥകാരനും വാഗ്മിയുമായ കെ.എ കുഞ്ഞുമുഹമ്മദ് ഫൈസി എന്ന കെ.എ.കെ ഫൈസി (64) കൊട്ടപ്പുറം നിര്യാതനായി. പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അന്ത്യം. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് മലപ്പുറം കൊണ്ടോട്ടി കൊട്ടപ്പുറം പാണ്ടിയാട്ടുപുറം ജുമാമസ്ജിദില്‍ നടക്കും. ഏറെക്കാലമായി രോഗബാധിതനായിരുന്നെങ്കിലും ഗ്രന്ഥരചനയിലും സാമൂഹിക പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു ഇദ്ദേഹം. ഏറ്റവും അവസാനം എഴുതിയ 'പ്രവാചകരുടെ വിയോഗാനന്തര ഇടപെടലുകൾ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നടക്കാനിരിക്കെയാണ് മരണം.

ജിദ്ദ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കെ.എ.കെ ഫൈസി ഇസ്ലാമിക് ദഅവാ കൌണ്‍സിലിന്‍റെ മുഖ്യ സംഘാടകനും, ഐ.ഡി.സി പ്രസിദ്ധീകരിച്ച ജാലകം ദ്വൈമാസികയുടെ പത്രാധിപരുമായിരുന്നു. ഇസ്ലാമിക പണ്ഡിതരില്‍ അധികമാരും കൈകാര്യം ചെയ്യാത്ത മതത്തിലെ കല, സാഹിത്യം, വിനോദം, ചികിത്സ തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണം നടത്തി ശ്രദ്ധനേടിയിരുന്നു. ഇസ്ലാമിനെ ആധുനികതയുമായി ബന്ധപ്പെടുത്തി നിരവധി രചനകളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സാനിയ ഫൌണ്ടേഷന്‍റെ സ്ഥാപകനും മുഖ്യ സാരഥിയുമായിരുന്നു.

1980 ൽ പട്ടിക്കാട് ജാമിഅ നൂരിയയിൽ നിന്ന് ഫൈസി ബിരുദം നേടി. വിവിധ പള്ളി ദർസുകളിൽ മുദരിസായും കൊണ്ടോട്ടി ബുഖാരി ദഅവ കോളേജ്, പാണ്ടിയാട്ടുപുറം എം.എം അക്കാദമി കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. എസ്‌.എസ്‌.എഫ് കൊണ്ടോട്ടി മേഖലാ പ്രസിഡന്റ്, ഏറനാട് താലൂക്ക് പ്രസിഡന്റ്, പുളിക്കൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

പ്രവാചകരുടെ വിയോഗാനന്തര ഇടപെടലുകൾ, മുഹമ്മദ് (സ്വ) 1001 ചരിത്ര കഥകൾ, ഏഴ് വൻപാപങ്ങൾ, പെൺകുട്ടികളോടുള്ള ഉപദേശങ്ങൾ, 700 മഹാപാപങ്ങൾ, സ്വഹീഹ് മുസ്ലിമിൽ നിന്നുള്ള തെരഞ്ഞെടുത്ത ഹദീസ് പരിഭാഷ, സജ്ജന പൂവനം (ഹദീസ് പരിഭാഷ), മഹബ്ബത്ത് റസൂൽ കുട്ടികൾക്ക് (വിവർത്തനം),, ദക്ഷിണേന്ത്യൻ സിയാറത്ത് ഡയറി, കിഴിശ്ശേരി മുഹിയുദ്ദീൻ മുസ്‌ലിയാർ ജീവചരിത്രം, ഇസ്‌ലാം ദഅവ ജിഹാദ്, ഇസ്‌ലാം ആരോഗ്യ ദർശനം, ഇമാം ബുഖാരി ജീവചരിത്രം, ഉത്തരേന്ത്യൻ സിയാറത്ത് ഡയറി, കടപുഴകി വീണ ഒലീവ് മരങ്ങൾ, പാടാൻ മറന്ന ബുൽബുൽ പക്ഷികൾ എന്നിവ രചനകളാണ്. നിരവധി രചനകള്‍ ആനുകാലിക പത്രമാസികകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്.

കെ.മുഹമ്മദ്‌ കുട്ടി മൊല്ല, കെ.വി കുഞ്ഞു മുഹമ്മദ്‌ മുസ്‌ലിയാർ, കെ.കെ അഹ്മദ് മുസ്‌ലിയാർ, കെ.കെ മുഹമ്മദ് മുസ്‌ലിയാർ വലിയ പറമ്പ്, കെ.വി മുഹമ്മദ്‌ മുസ്‌ലിയാർ കക്കോവ്, ഹസ്സൻ കോയ മുസ്‌ലിയാർ പള്ളിക്കൽ ബസാർ, മുഹമ്മദ്‌ കുട്ടി മുസ്‌ലിയാർ ഒലിപ്രംകടവ്, കെ.കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ ചെറുമുക്ക്, കെ.കെ അബൂബക്കർ ഹസ്രത്ത്, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, എ.ടി അബ്ദുല്ല മുസ്‌ലിയാർ, മൊയ്തീൻ കുട്ടി മുസ്‌ലിയാർ, കെ. ആലിക്കുട്ടി മുസ്‌ലിയാർ എന്നിവരുടെ കീഴിലാണ് പല സമയങ്ങളിലായി മതപഠനം പൂർത്തിയാക്കിയത്. പിതാവ്: കാരിക്കുഴി ഐക്കരത്തൂടി അഹ്മദ് ഹാജി, മാതാവ്: കെ.സി ബിയ്യാത്തു ഹജ്ജുമ്മ, ഭാര്യ: ആമിന, മക്കൾ: ബിശ്ർ, ശഫീഖ്, നുസൈബ, സുആദ, ബശാർ ശഫീഖ്, ഹംദാൻ.

Tags:    
News Summary - KAK faizy obit news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.