ജിദ്ദ: കരിപ്പൂരിൽ വലിയ വിമാനം ഇറങ്ങാൻ ഡി.ജി.സി.എ ഉത്തരവ് വന്നത് ഏറെ സന്തോഷത്തോടെയും ആഹ്ലാദത്തോടെയുമാണ് സൗദിയിലെ പ്രവാസികൾ ശ്രവിച്ചത്. പ്രത്യേകിച്ച് മലബാറിൽ നിന്നുള്ള ജിദ്ദയിലേയും റിയാദിലേയും പ്രവാസികൾ. മൂന്നു വർഷത്തോളമായി തങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന യാത്രാദുരിതത്തിന് അറുതിയാവുന്ന സന്തോഷത്തിലാണ് ഇവർ.
2015ൽ അറ്റകുറ്റപ്പണികൾക്ക് വേണ്ടി കരിപ്പൂർ വിമാനത്താവളം വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുമ്പോൾ ഇത് ഇത്രക്കും ദുരിതം വിതക്കുമെന്ന് കരുതിയിരുന്നില്ല സൗദിയിലെ പ്രവാസികൾ. ജിദ്ദയിൽ നിന്നും റിയാദിൽ നിന്നും നേരിട്ട് കരിപ്പൂരിലേക്ക് യാത്ര ചെയ്തിരുന്നവർ ഇക്കാലയളവിൽ കൊച്ചിയിലേക്കു പറന്നു അവിടെ നിന്നും റോഡ് മാർഗം യാത്ര ചെയ്തോ മറ്റു വിമാനത്താവളങ്ങൾ വഴി ചുറ്റിത്തിരിഞ്ഞു മാത്രം കരിപ്പൂരിൽ വന്നിറങ്ങിയോ ആയിരുന്നു വീട്ടിലെത്തിയിരുന്നത്. രണ്ടു മാർഗങ്ങളായാലും നീണ്ട യാത്രക്ക് മാത്രമായി മണിക്കൂറുകളുടെ നഷ്്ടം.
കുറഞ്ഞ അവധിയിൽ നാട്ടിലേക്കു പോകുന്നവർക്കായിരുന്നു ഇതുമൂലം കൂടുതൽ നഷ്്ടം. മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുമുണ്ടായിരുന്നു ഒട്ടനവധി ബുദ്ധിമുട്ടുകൾ. റിയാദിൽ നിന്ന് ചെറിയ വിമാനങ്ങൾ നേരിട്ട് റിയാദിലേക്ക് ഉള്ളത് കൊണ്ട് കുറച്ച് ആശ്വാസം ഉണ്ടായിരുന്നു. പക്ഷെ ജിദ്ദയിൽ നിന്ന് നേരിട്ട് കരിപ്പൂരിലേക്ക് ഒരു വിമാനം ഇല്ലാത്ത് ജിദ്ദക്കാരെയാണ് ഏറെയും ബുദ്ധിമുട്ടിലാക്കിയത്. വിലക്ക് ഏർപ്പെടുത്തുന്നതിന് മുമ്പ് ആഴ്ചകളിൽ അഞ്ച് ദിവസവും നേരിട്ട് 400 ഓളം സീറ്റുള്ള സൗദി എയർലൈൻസും 420 സീറ്റുകളുള്ള എയർ ഇന്ത്യയും കരിപ്പൂരിലേക്ക് ഉണ്ടായിരുന്നു. വൈകീട്ട് ജോലി കഴിഞ്ഞ് പുറപ്പെട്ടാൽ പുലർച്ചെ നാട്ടിലെത്തുന്നത് ഏറെ പേർക്ക് ഉപകാരമായിരുന്നു. ഈ സൗകര്യമില്ലാതെ മൂന്ന് വർഷമാണ് പ്രവാസികൾ ബുദ്ധിമുട്ടിലായത്. നാട്ടിൽ നിന്നും സൗദി സന്ദർശിക്കാൻ വരുന്ന എല്ലാ രാഷ്്ട്രീയ നേതാക്കളോടും പ്രവാസികൾ ആവശ്യപ്പെട്ടിരുന്നതും കരിപ്പൂരിനെ പൂർവ്വ സ്ഥിതിയിലെത്തിക്കണം എന്ന് മാത്രമായിരുന്നു.
കഴിഞ്ഞ മൂന്നു വർഷങ്ങളായി കരിപ്പൂരിനുവേണ്ടി സമരരംഗത്തുണ്ടായിരുന്ന മുഴുവൻ സംഘടനകൾക്കും അകമഴിഞ്ഞ പിന്തുണയാണ് സൗദിയിലെ പ്രവാസികൾ നൽകിയിരുന്നത്. അവരുടെ പ്രതീക്ഷയാണ് ഇന്നലെ വലിയ വിമാനങ്ങൾക്ക് ഡി.ജി.സി.എ അനുമതി നൽകിയതിലൂടെ സാക്ഷാൽക്കരിച്ചിരിക്കുന്നത്. പ്രവാസ ലോക്ക് ഇതിന് വേണ്ടി നിരവധി പ്രക്ഷോപങ്ങളും ചർച്ചകളും മറ്റും വിവിധ രാഷ്്ട്രീയ പാർട്ടിയുടെ നേതൃത്വത്തിലും കൂട്ടായ്മയുടെ നേതൃത്വത്തിലും മറ്റും സംഘടിപ്പിച്ചിരുന്നു.
സൗദി എയർലൈൻസും പിറകിൽ മറ്റു വിമാന കമ്പനികളും കരിപ്പൂരിലേക്ക് എന്നുമുതൽ സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനത്തിനു കാത്തിരിക്കുകയാണ് സൗദി പ്രവാസികൾ. കരിപ്പൂർ പൂർവസ്ഥിതിയിലേക്ക് മടങ്ങുന്നുവെന്ന വാർത്തയിൽ ഏറെ സന്തോഷിക്കുന്നതും വാർത്ത സാമൂഹിക മാധ്യമങ്ങളിൽ കൂടിയും മറ്റും ആഘോഷിക്കുന്നതും സൗദി പ്രവാസികൾ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.