റിയാദ്: റിയാദ് സീസണിന്റെ ഭാഗമായി സുവൈദി പാർക്കിൽ അരേങ്ങറിയ വിവിധ രാജ്യങ്ങളുടെ വാരാഘോഷങ്ങളിൽ ശ്രദ്ധേയമായി കേരളീയ കലാവിരുന്ന്. ആദ്യ ആഴ്ച ഇന്ത്യക്കായിരുന്നു പരിപാടികളുടെ ചുമതല. ‘ഇന്ത്യ വീക്കിൽ’ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കലാകാരന്മാരുടെ പരിപാടികൾ അരങ്ങേറി.
ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതും കാണികളെ ആവേശംകൊള്ളിച്ചതും കേരളത്തിന്റെ വിവിധ കലാപരിപാടികളായിരുന്നെന്ന് പ്രോഗ്രാം കോഓഡിനേഷൻ മാനേജർ വിഷ്ണു വിജയൻ പറഞ്ഞു.
വർണശബളമായ ഘോഷയാത്രകൾ കാണികളെ ആകർഷിച്ചു. ദിവസം രണ്ടുതവണ സുവൈദി പാർക്കിനെ ഘോഷയാത്രകൾ വലം വെച്ചു. കഥകളി, റിയാദ് ടാക്കീസ് ഒരുക്കിയ ചെണ്ടമേളം, പോൾ സ്റ്റാർ ഇന്റർനാഷനൽ ഡാൻസ് അക്കാദമിയിലെ കലാകാരന്മാരുടെ വിവിധ നൃത്തങ്ങൾ, കാവടി, ഭരതനാട്യം, മോഹിനിയാട്ടം, ഇന്ത്യൻ ബാൻഡ്, പഞ്ചാബി നൃത്തം, രാജസ്ഥാനി നൃത്തച്ചുവടുകൾ തുടങ്ങിയവ വിദേശികളെയും സ്വദേശികളെയും ആകർഷിച്ചു.
മലയാളി ഗായകരുടെ സംഗീതരാവുകളും ആസ്വാദകരെ പുളകംകൊള്ളിച്ചു. കഥകളിയും കാവടിയും ആദ്യമായി റിയാദ് സീസണിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വിഷ്ണു വിജയനും സൗദിയിലെ വേദിയിൽ കഥകളി അവതരിപ്പിക്കാൻ കഴിഞ്ഞത് ആഹ്ലാദകരമാണെന്നും കഥകളി ആചാര്യൻ ചാത്തന്നൂർ കൊച്ചുനാരായണ പിള്ളയും ആറ്റിങ്ങൽ സുബിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.