ദമ്മാം: അൽ അഹ്സയിലെ മരുഭൂമിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയെ കത്തികൊണ്ട് കഴുത്തറുത്ത ശേഷം ഭർത്താവ് അതേ കത്തികൊണ്ട് സ്വയം കഴുത്ത് മുറിച്ച് മരിക്കുകയായിരുന്നു എന്ന് നിഗമനം. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ കത്തിയിൽ ഭർത്താവ് കുഞ്ഞബ്ദുല്ലയുടെ വിരലടയാളം മാത്രമേ പതിഞ്ഞിട്ടുള്ളൂവെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. മറ്റൊരാളെ സംശയിച്ചിരുന്നെങ്കിലും ഇത് ദമ്പതികൾക്കിടയിലെ കൊലപാതകവും ആത്മഹത്യയുമാണെന്ന നിഗമനത്തിലാണ് പൊലീസ്. 15 റിയാൽ വിലയുള്ള ചെറിയ കത്തി കൊണ്ടാണ് കൃത്യം നടത്തിയത്. പുതിയ കത്തി കൊല നടത്താൻ വേണ്ടി വാങ്ങിയതായാണ് സൂചന. വില രേഖപ്പെടുത്തിയ സ്റ്റിക്കർ പോലും പൊളിച്ചിരുന്നില്ല. ഞായറാഴ്ച രാത്രിയാണ് സൗദിയിലെ പ്രവാസലോകം ഞെട്ടിയ സംഭവം.
കോഴിക്കോട് നാദാപുരം കക്കട്ടിൽ പുളിച്ചാലിൽ മൊയ്തു^ കുഞ്ഞാമി ദമ്പതികളുടെ മകൻ കുഞ്ഞബ്ദുല്ല (37), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തൽ ഇബ്രാഹിം ഹാജി^ഖദീജ ദമ്പതികളുടെ മകൾ റിസ്വാന (30) എന്നിവരെയാണ് അൽ അഹ്സയിെല അയൂണിൽ വിജനമായ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കാറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. റിസ്വാന കാറിനടുത്തും കുഞ്ഞബ്ദുല്ല അൽപമകലെയും മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. കുഞ്ഞബ്ദുല്ല ഒരു ഹൈപ്പർമാർക്കറ്റിലെ ഡ്രൈവറാണ്. മൂന്ന് മാസം മുമ്പ് സന്ദർശക വിസയിലാണ് റിസ്വാന സൗദിയിലെത്തിയത്. സംഭവ ദിവസം ഇവർ ദമ്മാമിൽ ഡോക്ടറെ കാണിച്ചതായി വിവരമുണ്ട്. നാല് വർഷം മുമ്പാണ് വിവാഹിതരായത്. ഇവർക്ക് മക്കളില്ല.
സ്വരച്ചേർച്ചക്കുറവാണ് ഭാര്യയെ കൊലപ്പെടുത്തുന്നതിലേക്ക് കുഞ്ഞബ്ദുല്ലയെ എത്തിച്ചതെന്ന് സുഹൃത്തുക്കൾ കരുതുന്നു. ഹെവി ഡ്രൈവിങ് ലൈസൻസുള്ള കുഞ്ഞബ്ദുല്ല വർഷങ്ങളായി സൗദിയിലാണ് ജോലി ചെയ്യുന്നത്. ഒന്നര വർഷം മുമ്പാണ് അൽ അഹ്സയിലെ ഒരു ഹൈപർമാർക്കറ്റിൽ ജോലിയിൽ പ്രവേശിച്ചത്.സംഭവത്തിൽ മറ്റ് സംശയങ്ങളൊന്നും പൊലീസിന് ഇല്ലാത്തതിനാൽ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ഉടൻ വിട്ടുകൊടുക്കുമെന്നാണ് അറിയിച്ചത്. കുഞ്ഞബ്ദുല്ലയുടെ പിതാവിെൻറ സഹോദരൻ റിയാദിൽ നിന്ന് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ അൽഅഹ്സയിൽ തന്നെ സംസ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.