ജിദ്ദ: പ്രവാസി ശ്രദ്ധിക്കേണ്ട സാമ്പത്തിക നിയമങ്ങളുടെ സമഗ്രമായ വിശദീകരണം നൽകി കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) ജിദ്ദ ചാപ്റ്റർ അംഗങ്ങൾക്കായി ‘ഫിൻഡമെന്റൽ’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. ഔട്ട് റൈറ്റ് ഫിനാൻഷ്യൽ കൺസൾട്ടൻസി ഡയറക്ടർ പി.എം.എ. ശമീർ പ്രവാസികൾ ശ്രദ്ധിക്കേണ്ട സാമ്പത്തിക നിയമങ്ങളും അതിൽ വീഴ്ച വന്നാൽ നേരിടേണ്ടിവരുന്ന ഗുരുതര പ്രയാസങ്ങളും ഉദാഹരണ സഹിതം സദസ്സിനു വിശദീകരിച്ചു നൽകി.
പ്രവാസികൾക്ക് നിക്ഷേപം അനുവദിക്കപ്പെട്ട മേഖലകൾ, വാങ്ങിക്കാൻ അനുവാദം ഇല്ലാത്ത വസ്തുവകകൾ തുടങ്ങിയ പൂർണ വിവരങ്ങൾ പലർക്കും പുതിയ അറിവായിരുന്നു. കെ.ഇ.എഫ് നൂതനാശയങ്ങൾ കേരളത്തിൽ പ്രാവർത്തികമാക്കാൻ പ്രാപ്തിയുള്ള ഒരു പ്രഫഷനൽ സംഘമാണെന്നും കോർപറേറ്റ് സി.എസ്.ആർ ഫണ്ട് പ്രയോജനപ്പെടുത്തി മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ചാലകശക്തിയാവണം സംഘടന എന്നും പി.എം.എ. ശമീർ അഭിപ്രായപ്പെട്ടു.
സൗദിയിലെ കോർപറേറ്റ് നിയമങ്ങൾ, നികുതി നിയമങ്ങൾ, നിക്ഷേപക അന്തരീക്ഷം എന്നീ വിഷയങ്ങളിലുള്ള പാനൽ ചർച്ച നടന്നു. സി.എ. ആശിർ, ജസീൽ എന്നിവർ നേതൃത്വം നൽകി. സൗദിയിലെ വിദേശ നിക്ഷേപ സൗഹൃദാന്തരീക്ഷത്തിൽ ബിസിനസിലേക്ക് പ്രവേശിക്കുന്നവർക്ക് മുതൽക്കൂട്ടായിരുന്നു പാനൽ ചർച്ച.
പ്രസിഡൻറ് പി.എം. സഫ്വാൻ അധ്യക്ഷത വഹിച്ചു. പരിപാടി അവതരിപ്പിച്ച ഔട്ട് റൈറ്റ് ടീമിന് കെ.ഇ.എഫ് സ്ഥാപക അംഗം മുഹമ്മദ് ഇക്ബാൽ ഉപഹാരം നൽകി. കെ.ഇ.എഫ് സെക്രട്ടറി പി.കെ. ആദിൽ സ്വാഗതവും വൈസ് പ്രസിഡൻറ് അൻസാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.