റിയാദ്: നിർധന പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ എംബസികളിലും കോൺസുലേറ്റുകളിലുമുള്ള ക്ഷേമനിധി ഉപയോഗിച്ച് ടിക്കറ്റിന് പണം നൽകണമെന്ന് കേരള ഹൈകോടതി വിധിച്ചു. ഗൾഫിലെ ഇന്ത്യൻ എംബസികളിലുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് (സാമൂഹിക ക്ഷേമനിധി) ടിക്കെറ്റടുക്കാൻ നിവൃത്തിയില്ലാത്തവർക്കായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും പ്രവാസി സംഘടനകളും വ്യക്തികളും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അനു ശിവരാമൻ ബുധനാഴ്ച വിധി പുറപ്പെടുവിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ സഹായം തേടുന്നതായിരുന്നു ഹർജിയെങ്കിലും കോടതി വിധി ഫലത്തിൽ എക്കാലത്തേക്കുമുള്ളതായി മാറുകയാണ്. വിദേശത്തുള്ള മുഴുവൻ ഇന്ത്യൻ മിഷനുകൾക്കും വിധി ബാധകമാണ്. പാവപ്പെട്ട തൊഴിലാളികൾ വ്യക്തമായ കാരണം ചൂണ്ടിക്കാട്ടി ടിക്കറ്റിന് പണം ആവശ്യപ്പെട്ടാൽ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും നൽകേണ്ടിവരും.
കേന്ദ്രസർക്കാറിനെയും സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളെയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിനെയും എതിർ കക്ഷികളാക്കി മേയ് 15നാണ് കോടതിയിൽ ഹർജി ഫയൽ ചെയ്തത്. വടകര പാലോളിത്താഴയിൽ ജിഷ, തിരുവനന്തപുരം മടവൂർ പുലിയൂർക്കോണത്ത് ഷീബ മൻസിലിൽ ഷീബ, കോഴിക്കോട് ഒഞ്ചിയം പുലിക്കോട്ട് കുനിയിൽ വീട്ടിൽ മനീഷ, മനുഷ്യാവകാശ പ്രവർത്തകൻ ജോയ് കൈതാരത്ത് എന്നീ വ്യക്തികളും റിയാദിലെ ‘ഇടം’ സാംസ്കാരികവേദി, ദുബൈയിലെ ‘ഗ്രാമം’, ദോഹയിലെ ‘കരുണ’ എന്നീ സംഘടനകളുമായിരുന്നു ഹർജിക്കാർ.
എംബസികളിലെ സാമൂഹിക ക്ഷേമനിധി ഇൗ ആവശ്യത്തിന് ഉപയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രസർക്കാറിന് വേണ്ടി അസിസ്റ്റൻറ് സോളിസിറ്റർ ജനറൽ വിജയകുമാർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ബുധനാഴ്ച കോടതി ഹർജിയിന്മേൽ അന്തിമവിധി പുറപ്പെടുവിച്ചത്. ഉത്തരവിനെക്കുറിച്ച് കേസിലെ എതിർകക്ഷികളായ സൗദിയിലെയും ഖത്തറിലെയും ഇന്ത്യൻ എംബസികൾക്കും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിനും കോടതി അറിയിപ്പ് നൽകും.
ക്ഷേമനിധി പാവപ്പെട്ട പ്രവാസികളുടെ തിരിച്ചുപോക്കിന് ഉപയോഗിക്കണമെന്ന് ആവശ്യപ്പെടും. കോടതി ഉത്തരവിൻെറ അടിസ്ഥാനത്തിൽ, പണമില്ലെന്ന് പറഞ്ഞ് സമീപിക്കുന്ന പാവപ്പെട്ട പ്രവാസികൾക്ക് ടിക്കറ്റിന് പണം നൽകാൻ എംബസികളും കോൺസുലേറ്റുകളും ബാധ്യസ്ഥമാകും. സാമ്പത്തികശേഷി ഇല്ല എന്നു ബോധിപ്പിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ കുറിപ്പിനോടൊപ്പം ടിക്കറ്റിനുള്ള അപേക്ഷയും പാസ്പോർട്ട് കോപ്പിയും വിസ (ഫൈനൽ എക്സിറ്റ്, എക്സിറ്റ് / റീ-എൻട്രി) കോപ്പിയും അതത് രാജ്യത്തെ തൊഴിൽ/താമസ ഐ.ഡി കോപ്പിയും അപേക്ഷകരുടെ മൊബൈൽ നമ്പറും സഹിതം പ്രവാസികൾക്ക് അതത് എംബസി/കോൺസുലേറ്റുകളിൽ അപേക്ഷ സമർപ്പിക്കാം.
അപേക്ഷ കിട്ടിയാൽ ഉടനെ തന്നെ എംബസി അധികൃതർ മറുപടി നൽകണമെന്നും കോടതി നിർദേശത്തിലുണ്ട്. ഹർജിക്കാർക്ക് വേണ്ടി അഡ്വ. പി. ചന്ദ്രശേഖരൻ, അഡ്വ. ജോൺ കെ. ജോർജ്, അഡ്വ. ആർ. മുരളീധരൻ എന്നിവരാണ് കോടതിയിൽ ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.