ജിദ്ദ: ഇൗ വർഷം (ഹിജ്റ 1443) രാജ്യത്തെ സ്കൂളുകൾ തുറന്നു പ്രവർത്തനം പുനരാരംഭിക്കാനായി തയാറാക്കിയ ക്രമീകരണങ്ങൾക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവ് അംഗീകാരം നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർഥികളുടെയും അവരുടെ കുടുംബങ്ങളുടെയും സമൂഹത്തിെൻറയും സുരക്ഷ ഉറപ്പുവരുത്താനായി ഉന്നത സമിതിയുടെ പഠനത്തിെൻറ വെളിച്ചത്തിൽ തയാറാക്കിയ ക്രമീകരണങ്ങൾക്കാണ് രാജകീയ അംഗീകാരം ലഭിച്ചിരിക്കുന്നത്.
വിദ്യാർഥികളുടെയും വിദ്യാഭ്യാസ ജീവനക്കാരുടെയും ആരോഗ്യസുരക്ഷയുടെ കാര്യത്തിൽ സർക്കാറിനുള്ള ജാഗ്രത വെളിപ്പെടുത്തുന്നതാണ് ഇതെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് സാധ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയശേഷമായിരിക്കും തുറക്കുകയെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സർവകലാശാലകൾ, ജനറൽ ഓർഗനൈസേഷൻ ഫോർ ടെക്നിക്കൽ ആൻഡ് വൊക്കേഷനൽ ട്രെയിനിങ് സ്ഥാപനങ്ങൾ, 12 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർക്കുള്ള പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഹാജരാകുന്നവർ കോവിഡ് പ്രതിരോധ കുത്തിവെപ്പ് രണ്ട് സോഡ് എടുത്തിരിക്കണം. സർവകലാശാല അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവർക്ക് ഇത് ബാധകമാണ്. ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശാനുസരണം മതിയായ അളവിൽ വാക്സിനുകൾ ലഭ്യമാക്കുകയും ഇനിയും കുത്തിവെപ്പെടുക്കാത്തവർക്ക് അത് നൽകുകയും വേണം. ഇതിനുള്ള രജിസ്ട്രേഷൻ വെബ്സൈറ്റിലൂടെയായിരിക്കണം. ഇൗ മാസം 22നുമുമ്പായി ഇത് പൂർത്തിയാക്കുകയും വേണം.
12 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള വാക്സിൻ ലഭിക്കാത്ത വിദ്യാർഥികൾക്ക് വാക്സിൻ എടുക്കാനുള്ള ബുക്കിങ് രജിസ്ട്രേഷൻ ആരോഗ്യ മന്ത്രാലയം തയാറാക്കണം.
12 വയസ്സിനു താഴെയുള്ളവരുടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരും ജോലിക്കാരും ഹാജരാകുന്നതിന് രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം. വാക്സിനേഷൻ ജനസംഖ്യയുടെ 70 ശതമാനമെത്തുകയോ അല്ലെങ്കിൽ ഇൗ വർഷം ഒക്ടോബർ 30 പൂർത്തിയാകുകയോ ചെയ്താൽ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തനമാരംഭിക്കാം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനാവശ്യമായ മുൻകരുതൽ നടപടികളും ആരോഗ്യ പ്രോട്ടോകോളുകളും ഒരാഴ്ചക്കുള്ളിൽ വിദ്യാഭ്യാസ മന്ത്രാലയത്തെയും സർവകലാശാലകളെയും സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷനെയും പൊതുജനാരോഗ്യ അതോറിറ്റി അറിയിക്കണം.
കോവിഡിനെ തുടർന്ന് 17 മാസത്തോളം അടച്ചിട്ടശേഷമാണ് സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ പോകുന്നത്. ഇതിന് മുന്നോടിയായി സ്കൂളുകൾ ശുചീകരിക്കുന്നതടക്കമുള്ള വിപുലമായ ഒരുക്കങ്ങളാണ് അതത് മേഖല വിദ്യാഭ്യാസ കാര്യാലയത്തിന് കീഴിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. കോവിഡിനെ തുടർന്ന് കഴിഞ്ഞവർഷം മാർച്ച് എട്ടിനാണ് സൗദിയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ആരോഗ്യസുരക്ഷ കണക്കിലെടുത്ത് വെർച്വൽ സംവിധാനത്തിലൂടെയാണ് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതുവരെ പ്രവർത്തിച്ചിരുന്നത്. വിദ്യാർഥികൾക്ക് കോവിഡ് കുത്തിവെപ്പ് പൂർത്തിയാകുന്നതോടെ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് നേരേത്ത വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.