അബഹ: ഖമീസ് മുശൈത്തിലെ ഫുഡ് ഡെലിവറി കമ്പനിയിൽ ജോലിക്കെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള 20ഓളം ഇന്ത്യക്കാർ ജോലി ഭാരവും ശമ്പളവിതരണത്തിലെ കൃത്യതയില്ലായ്മയും കാരണം ദുരിതത്തിലായിരുന്നു. വിഷയം ശ്രദ്ധയിൽപെട്ട ഉടൻ കെ.എം.സി.സി ഖമീസ് മുശൈത്ത് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബഷീർ മൂന്നിയൂരിെൻറ നേതൃത്വത്തിൽ തൊഴിലാളികളുടെ താമസസ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുകയും അവർക്കാവശ്യമായ ഭക്ഷ്യവിഭവങ്ങൾ എത്തിക്കുകയും ചെയ്തു.
നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കിത്തരണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. ബഷീർ മൂന്നിയൂർ മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ നാട്ടിൽ പോകേണ്ടവർക്ക് എക്സിറ്റ് വിസ നൽകാനുള്ള സന്നദ്ധത കമ്പനി അറിയിച്ചു. തുടർന്ന് ഏതാനും തൊഴിലാളികൾ സ്വന്തം ടിക്കറ്റിൽ നാട്ടിലേക്ക് മടങ്ങി.
പ്രശ്നം ഏറ്റെടുത്ത ശറഫിയ്യ കെ.എം.സി.സി നേതൃത്വം എക്സിറ്റ് വിസ നേടിയ മൂന്ന് പേർക്ക് വിമാന ടിക്കറ്റ് നൽകി നാട്ടിലയച്ചു. സൗദിയിൽ ജോലിചെയ്യാൻ താൽപര്യപ്പെട്ട രണ്ടു പേരുടെ സ്പോൺസർഷിപ് മാറ്റി. നിയമസഹായവും കമ്മിറ്റി ഏർപ്പാടാക്കി. ഉസ്മാൻ കിളിയമണ്ണിൽ, സത്താർ ഒലിപ്പുഴ, അനീസ് കുറ്റിയാടി, സാബിത് അരീക്കോട്, സാദിഖ് ഒതുക്കുങ്ങൽ, മജീദ് മണ്ണാർക്കാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.