ജിദ്ദ: കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി വനിത വിങ് ജിദ്ദയിലെ ഹറാസാത്ത് അൽബുർജ് വില്ലയിൽ ‘സലാം ഹബീബത്തീസ്’ എന്ന പേരിൽ സംഘടിപ്പിച്ച വിമൻസ് മീറ്റ് 2023 വ്യത്യസ്തമായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. സംഘാടനം കൊണ്ടും സാന്നിധ്യം കൊണ്ടും നൂറുശതമാനം വനിതകൾ മാത്രമായി നേതൃത്വം നൽകി നടത്തിയ കലാ, കായിക മാമാങ്കം തികച്ചും വ്യത്യസ്തമായിരുന്നു.
പാലക്കാട് ജില്ല വനിത ലീഗ് പ്രസിഡൻറ് ജമീല ടീച്ചർ മീറ്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മുംതാസ് പാലോളി അധ്യക്ഷത വഹിച്ചു. റിയാദിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുത്ത മലയാളി പെൺകുട്ടി ഫാത്തിമ നൂറ വഫിയക്ക് പരിപാടിയിൽ സ്വീകരണം നൽകി. ജനറൽ സെക്രട്ടറി ഷമീല മൂസ സ്വാഗതവും കുബ്ര ലത്തീഫ് നന്ദിയും പറഞ്ഞു. ഹജ്ജ് സമയത്ത് മക്കയിൽ സേവനം ചെയ്ത് മഹിള സാന്നിധ്യമായി മാറിയ കെ.എം.സി.സി വനിതാവിങ് മുതിർന്ന അംഗം ഫാത്തിമ സിദ്ദീഖിനെയും ജീവകാരുണ്യരംഗത്ത് പെൺകരുത്തായി ശോഭിക്കുന്ന കെ.എം.സി.സി വനിത വിങ്ങിന്റെ ഉപാധ്യക്ഷ കൂടിയായ സലീന ഇബ്രാഹിമിനുമുള്ള സ്നേഹാദരങ്ങൾ യോഗത്തിൽ കൈമാറി.
കഴിഞ്ഞ സി.ബി.എസ്.ഇ, എസ്.എസ്.എൽ.സി പരീക്ഷയിൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾക്കിടയിൽ 96.4 ശതമാനം മാർക്ക് നേടി ആറാം റാങ്കോട് കൂടി ഉന്നതവിജയം കൈവരിച്ച കോഴിക്കോട് ജില്ല കെ.എം.സി.സി നേതാവ് അബ്ദുൽ വഹാബിന്റെയും വനിതാവിങ് എക്സിക്യൂട്ടിവ് അംഗമായ ശാലിയാ അബ്ദുൽ വഹാബിന്റെയും പുത്രിയായ ആയിഷ ഷെസയെയും യോഗത്തിൽ അനുമോദിച്ചു. സ്തനാർബുദ ബോധവത്കരണ സെഷന് ജിദ്ദ അബീർ മെഡിക്കൽ സെന്ററിലെ പ്രമുഖ ഗൈനക്കോളജിസ്റ്റും ഐ.വി.എഫ് സ്പെഷലിസ്റ്റുമായ ഡോ. സാജിറ ജാഫർ ഖാൻ നേതൃത്വം നൽകി. ഹജ്ജ് വളന്റിയർ സേവനത്തിൽ പങ്കെടുത്ത വനിതകൾ അവരുടെ അനുഭവങ്ങളും ആത്മസംതൃപ്തിയും സംഗമത്തിൽ പങ്കുവെച്ചു.
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വനിത വിങ്ങിന്റെ നേതൃത്വത്തിൽ ‘ഓർമകളിലെ സി.എച്ച്’ എന്ന പേരിൽ മുമ്പ് നടത്തിയ പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി. വനിതകൾക്കും കുട്ടികൾക്കുമായുണ്ടായ മത്സരങ്ങൾക്ക് ബസ്മ സാബിൽ, മിസ്രിയ ഹമീദ്, സുരയ്യ, ഇർഷാദ ഇല്യാസ്, സലീന ഇബ്രാഹിം ,സാബിറ മജീദ്, ശാലിയ വഹാബ്, ഹസീന അഷ്റഫ്, ഹാജറ ബഷീർ, ജസ്ലിയ ലത്തീഫ്, ജംഷിന, നസീമ ഹൈദർ, നസീഹ മർജാൻ, ഖദീജ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.