റിയാദ്: നടനും മിമിക്രി കലാകാരനുമായ കലാഭവൻ മുഹമ്മദ് ഹനീഫിന്റെയും സൗദിയിലെ സാമൂഹികപ്രവർത്തകൻ സത്താർ കായംകുളത്തിന്റെയും നിര്യാണത്തിൽ റിയാദിലെ കൊച്ചി കൂട്ടായ്മ അനുശോചിച്ചു. ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന അനുശോചനയോഗത്തിൽ പ്രസിഡൻറ് കെ.ബി. ഷാജി അധ്യക്ഷത വഹിച്ചു.
കൊച്ചി മട്ടാഞ്ചേരിയിൽ ജനിച്ച ഹനീഫ് മിമിക്രി കലാകാരനായി കലാജീവിതം ആരംഭിച്ച് പിന്നീട് നാടകരംഗത്തും തിളങ്ങിയെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി. കൊച്ചിയിലെ കലാഭവൻ എന്ന പെർഫോമിങ് ആർട്സ് പഠനകേന്ദ്രത്തിൽ ചേർന്ന് മിമിക്രി ട്രൂപ്പിലെ പ്രമുഖനായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിൽ എത്തിച്ചത്. 1991ൽ ‘ചെപ്പുകിലുക്കണ ചങ്ങാതി’യിലൂടെ അഭിനയരംഗത്തെത്തിയ കലാഭവൻ ഹനീഫ് മലയാളത്തിൽ 150ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. സ്റ്റേജ്ഷോകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു.
റിയാദിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യരംഗത്തെ നിറസാന്നിധ്യവും റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക്കയുടെ ചെയർമാനും മലയാളി സാമൂഹിക, സാംസ്കാരിക പ്രവർത്തനത്തിന്റെ തുടക്കക്കാരിൽ ഒരാളുമായിരുന്നു സത്താർ കായംകുളമെന്നും അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം വലിയ നഷ്ടമാണെന്നും പ്രസംഗകർ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി ജിനോഷ് അഷ്റഫ്, ട്രഷറർ റഫീഖ് കൊച്ചി, എക്സിക്യൂട്ടിവ് അംഗങ്ങളായ ജലീൽ കൊച്ചി, റിയാസ്, സാജിദ്, ഷാജി, തൻവീർ, ഹസീബ്, നിസാർ, ഹാഫിസ്, ഷഹീൻ, അഷ്റഫ് എന്നിവർ സംസാരിച്ചു.
ആർട്സ് കൺവീനർ ജലീൽ കൊച്ചി കലാഭവൻ ഹനീഫുമായുള്ള ഓർമകൾ പങ്കിട്ടു. എം.എസ്.എഫ് കൺവീനർ മുഹമ്മദ് ഷഹീൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.