റിയാദ്: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി)യുടെ പ്രവാസിഘടകമായ ഒ.െഎ.സി.സിയുടെ സൗദി നാഷനൽ കമ്മിറ്റി പുനഃസംഘടന വിവാദത്തിൽ. കൂടുതൽ ഭാരവാഹികളെ ഉൾപ്പെടുത്തി കമ്മിറ്റി പുനഃസംഘടിപ്പിച്ച നടപടി കെ.പി.സി.സി റദ്ദാക്കി. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഒ.െഎ.സി.സി ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി. അനിൽകുമാർ സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് പി.എം. നജീബിന് അയച്ച കത്ത് പുറത്തായി.
ഇൗ മാസം 26ാം തീയതി അയച്ച കത്തിൽ ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കെ.പി.സി.സിയുടെ അറിവോ സമ്മതമോ നിർദേശമോ ഇല്ലാതെ സൗദി അറേബ്യയിൽ നാഷനൽ കമ്മിറ്റി പുനസംഘടിപ്പിച്ച നടപടി ഗുരുതരമായ വീഴ്ചയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ആയതിനാൽ കമ്മിറ്റി പുനസംഘടിപ്പിച്ച തീരുമാനം (കെ.പി.സി.സി) പ്രസിഡൻറിെൻറ നിദേശാനുസരണം റദ്ദ് ചെയ്തതായി ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ഇതേകുറിച്ച് താങ്കളുടെ (സൗദി നാഷനൽ പ്രസിഡൻറ് പി.എം. നജീബ്) വിശദീകരണം ഏഴ് ദിവസത്തിനുള്ളിൽ രേഖാമൂലം കെ.പി.സി.സിയെ അറിയിക്കേണ്ടതാണ് എന്ന് പറഞ്ഞ് അഡ്വ. കെ.പി. അനിൽകുമാറിെൻറ ഒപ്പോട് കൂടി കത്ത് അവസാനിക്കുന്നു.
കഴിഞ്ഞയാഴ്ചയാണ് കൂടുതൽ പേരെ വിവിധ പദവികളിൽ അവരോധിച്ച് നാഷനൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. ഇക്കാര്യം മുഴുവൻ മാധ്യമങ്ങളിലൂടെയും അറിയിക്കുകയും പുതിയ ഭാരവാഹികളുടെ സ്ഥാനമേറ്റെടുക്കൽ വെർച്വലായി ആഘോഷപൂർവം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇൗ പുനഃസംഘടന കെ.പി.സി.സിയുടെയും സൗദി അറേബ്യയിലെ ഒ.െഎ.സി.സി റീജനൽ കമ്മിറ്റികളുടെയും അവയ്ക്ക് കീഴിലെ ജില്ലാകമ്മിറ്റികളുടെയും അറിവോടെയല്ല എന്ന് അന്ന് തന്നെ വിവാദമുയർന്നിരുന്നു. ഇക്കാര്യത്തിൽ വിവിധ റീജനൽ കമ്മിറ്റികൾ ഉടക്കി നിൽക്കവേയാണ് അവരുടെ വാദത്തിന് ബലം പകർന്ന് കെ.പി.സി.സിയുടെ ഇടപെടൽ.
ഭരണഘടനാപ്രകാരം ഒ.െഎ.സി.സി സംഘടനാതെരഞ്ഞെടുപ്പ് കെ.പി.സി.സി നിർദേശാനുസരണം മാത്രമേ നടത്താൻ പാടുള്ളൂ എന്നാണ് പുനസംഘടനയെ എതിർക്കുന്നവർ പറയുന്നത്. 10 വർഷം മുമ്പ് റിയാദ്, ജിദ്ദ, ദമ്മാം, അബഹ (ദക്ഷിണ സൗദി മേഖല) റീജനൽ കമ്മിറ്റികൾ രൂപവത്കരിച്ചത് അന്നത്തെ കെ.പി.സി.സി ഭാരവാഹികളായ കെ.സി. രാജൻ, മാന്നാർ അബ്ദുല്ലത്തീഫ് എന്നിവർ സൗദിയിൽ നേരിെട്ടത്തിയാണ്. അവരുടെ മേൽനോട്ടത്തിലായിരുന്നു കമ്മിറ്റി രൂപവത്കരണങ്ങൾ. 2015 ജൂണിലാണ് സൗദി നാഷനൽ കമ്മിറ്റി രൂപവത്കരിച്ചത്. കെ.പി.സി.സി ഭാരവാഹി എം.എം. നസീർ ജിദ്ദയിലെത്തിയാണ് നാഷനൽ കമ്മിറ്റി രൂപവത്കരണത്തിന് നേതൃത്വം നൽകിയത്. ഇൗ കീഴ്വഴക്കം ലംഘിച്ചു എന്നതാണ് ഇപ്പോഴത്തെ നാഷനൽ കമ്മിറ്റി പുനഃസംഘടന വിവാദത്തിലാഴ്ത്തിയത്. അതുകൊണ്ടാണ് കെ.പി.സി.സിയുടെ അടിയന്തര ഇടപെടലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.