റിയാദ്: കുദു കേളി 10ാമത് ഫുട്ബാൾ ടൂർണമെന്റിന്റെ ആറാം വാര മത്സത്തിൽ ലാന്റൺ എഫ്.സിക്കെതിരെ അസീസിയ സോക്കറിെൻറ ഗോൾമഴ. ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ഇസ്സ ഗ്രൂപ്പ് അസീസിയ സോക്കറിന് വിജയം. വാശിയേറിയ മത്സരത്തിെൻറ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ ഗോളുകളുടെ പെരുമഴ തന്നെ തീർത്തായിരുന്നു മത്സരം മുന്നേറിയത്. ആറു ഗോളുകളാണ് രണ്ടാം പകുതിയിൽ പിറന്നത്. വാർ ചെക്കിങ്ങിലൂടെ രണ്ടു ഗോളുകൾ ഓഫ് സൈഡിൽ കലാശിച്ചു. കളിയുടെ 36ാം മിനുട്ടിലും 60ാം മിനുട്ടിലും ഷുഹൈബ് സലീം അസീസിയക്ക് വേണ്ടി രണ്ടു ഗോളുകൾ നേടി. 50ാം മിനുട്ടിൽ ഫാസിലും 60ാം മിനുട്ടിൽ ഷുഹൈലും ഓരോ ഗോളുകൾ വീതവും നേടി.
ആദ്യ പകുതിയുടെ 23ാം മിനുട്ടിൽ ഫൗൾ ചെയ്തതിനെ തുടർന്ന് ലാന്റൺ എഫ്.സിയുടെ ലെഫ്റ്റ് വിങ് ബാക്ക് മുഹമ്മദ് അഹമ്മദ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നു. തുടർന്ന് പത്ത് പേരുമായാണ് ലാന്റൺ കളി പൂർത്തിയാക്കിയത്. അവസരം മുതലെടുത്ത് അസീസിയ സോക്കർ ശക്തമായ മുന്നേറ്റം നടത്തി. തുടർച്ചയായി ഗോളുകൾ വീണെങ്കിലും ഏകപക്ഷീയമായ കളിയായിരുന്നില്ല അവസാന നിമിഷം വരെയും. ഏത് നിമിഷവും ഒരു തിരിച്ചുവരവ് പ്രതീക്ഷ നിലനിർത്താൻ ലാൻറൺ എഫ്.സിക്കായി എന്നത് കളിയിൽ എടുത്ത് പറയേണ്ടത് തന്നെയാണ്.
അസീസിയ വിജയിച്ചതോടെ ഗ്രൂപ്പ് ബിയിൽ മത്സരം കൂടുതൽ കടുത്തു. മൂന്നു വീതം കളികളിൽ നിന്നായി നാല് പോയൻറുകൾ വീതം നേടി ഇരു ടീമുകളും പോയൻറ് നിലയിൽ തുല്യരായി. എന്നാൽ ഗോൾ ശരാശരിയിൽ അസീസിയക്കാണ് മുൻതൂക്കം. ഗ്രൂപ്പിലെ അടുത്ത ടീമുകളുടെ മത്സരം കൂടി പൂർത്തിയായാൽ മാത്രമേ സെമി സാധ്യതകൾ നിർണയിക്കാൻ സാധിക്കൂ. മികച്ച കളിക്കാരനായി അസീസിയ സോക്കറിെൻറ ഷുഹൈബ് സലീമിനെ തെരഞ്ഞെടുത്തു. മികച്ച കളിക്കാരന് ഹൈബിടെക് നൽകുന്ന ഉപഹാരം ടൂർണമെൻറ് ടെക്നിക്കൽ കമ്മിറ്റിയംഗം ഇംതിയാസ് നൽകി. കേളി കേന്ദ്രകമ്മിറ്റി അംഗങ്ങളായ യു.സി. നൗഫൽ, നിസാറുദ്ധീൻ, രാമകൃഷ്ണൻ, കുടുംബവേദി കേന്ദ്രകമ്മിറ്റി അംഗങ്ങളായ വിജില ബിജു, ലാലി രജീഷ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
ഇതിന് മുന്നോടിയായി റിയാദ് ലജൻഡസ് ടീമും കേളി വാരിയേഴ്സും തമ്മിലുള്ള സൗഹൃദ മത്സരം നടന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റിയാദ് ലജൻഡസ് ടീം വിജയിച്ചു.
ആദ്യകാല ഫുട്ബാൾ കളിക്കാരായ റിയാദ് ലജൻഡസ് ടീം ഒരുകാലത്ത് റിയാദിലെ പ്രമുഖ ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ കളിക്കാരുടെ കൂട്ടായ്മയാണ്. കേളിയുടെ പ്രവർത്തകരും റെഡ്സ്റ്റാർ ക്ലബിലെ ആദ്യകാല കളിക്കാരുമായി ഏറ്റുമുട്ടിയ മത്സരം കാണികളിൽ ആവേശവും ആഹ്ലാദവും പകർന്നു.
മികച്ച കളിക്കാരനായി റിയാദ് ലജൻഡസ് ടീമിലെ ജംഷി മാമ്പടിനെ തെരഞ്ഞെടുത്തു. ജംഷിക്ക് കേളി നൽകുന്ന ഉപഹാരം ടൂർണമെൻറ് ടെക്നിക്കൽ കൺവീനർ ഷറഫുദ്ദീൻ പന്നിക്കോട് കൈമാറി. സൗഹൃദമത്സരത്തിൽ രക്ഷാധികാരി സമിതി അംഗം ടി.ആർ. സുബ്രഹ്മണ്യൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഗഫൂർ ആനമാങ്ങാട്, ജാഫർ ഖാൻ, ഭക്ഷണ കമ്മിറ്റി കൺവീനർ സൂരജ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.