റിയാദ്: സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ നടത്തുന്ന ലേൺ ദ ഖുർആൻ പാഠ്യപദ്ധതിയുടെ ഈ വർഷത്തെ അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷ വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണത്തിൽ നിന്നുമുള്ള ദുഖാൻ, സുഖുറൂഫ്, ശൂറ, ഫുസ്വിലത്ത് എന്നീ നാല് അധ്യായങ്ങളെ ആസ്പദമാക്കിയാണ് പരീക്ഷ. പാഠഭാഗം www.learnthequran.org വെബ്സൈറ്റിൽ ലഭ്യമാണ്. ലോകത്ത് എവിടെയുമുള്ള മലയാളം അറിയുന്ന എല്ലാവർക്കും ഒരേസമയം പങ്കാളികളാകാവുന്ന തരത്തിലാണ് പരീക്ഷയുടെ രീതിയും സമയക്രമവും ക്രമീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച സൗദി സമയം ഉച്ചക്ക് രണ്ട് മുതൽ രാത്രി എട്ട് വരെയും ഇന്ത്യൻ സമയം വൈകീട്ട് 4.30 മുതൽ രാത്രി 10.30 വരെയുമുള്ള ആറ് മണിക്കൂറിനിടക്ക് ഇഷ്ടമുള്ള സമയത്ത് ലോകത്ത് എവിടെനിന്നും പരീക്ഷയിൽ എല്ലാവർക്കും പങ്കാളികളാകാം.
പരീക്ഷയുടെ ലിങ്ക് ലേൺ www.learnthequran.org വെബ്സൈറ്റിൽ ലഭിക്കും. പരീക്ഷയിൽ പ്രവേശിച്ചാൽ രണ്ട് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണം. വെബ്സൈറ്റിൽ പ്രത്യേകം സജ്ജീകരിച്ച എക്സാം സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് പരീക്ഷ നടത്തുന്നത്. പരീക്ഷാർഥികളുടെ കൈവശമുള്ള ഏത് ഡിജിറ്റൽ ഉപകരണത്തിലും വളരെ സുഗമമായി ഉപയോഗിക്കാവുന്ന സോഫ്റ്റ്വെയറാണിത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്ത ഇതേ വെബ്സൈറ്റിൽ പരീക്ഷക്ക് തൊട്ടുമുമ്പ് വരെ രജിസ്റ്റർ ചെയ്യാം.
ഈ വർഷം കാഴ്ചപരിമിതർക്കും പരീക്ഷക്കുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ‘അകക്കണ്ണിൽ തെളിയട്ടെ ഖുർആന്റെ പൊരുൾ’ ശീർഷകത്തിലാണ് കേരളത്തിലെ റിവാഡ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. അവർക്കും ഇതേദിവസം ഇതേസമയത്തു തന്നെയാണ് പരീക്ഷ. പങ്കെടുക്കാൻ +919746877550 നമ്പറിൽ ബന്ധപ്പെടണം. പരീക്ഷയിൽ ഒന്നാംസ്ഥാനത്ത് എത്തുന്ന വിജയിക്ക് ഒരു ലക്ഷം രൂപയും ആദ്യ 10 സ്ഥാനക്കാർക്ക് ഒന്നരലക്ഷം രൂപയുടെ പ്രത്യേക അവാർഡും ലേൺ ദ ഖുർആൻ ഗ്ലോബൽ സംഗമത്തിൽ സമ്മാനിക്കും.
പരീക്ഷയുടെ സൗകര്യപ്രദമായ നടത്തിപ്പിനായി ഹെൽപ് സെൻററുകൾ സജ്ജീകരിച്ചിട്ടുണ്ട്. +966550524242, +966536291683, +9665562508011, +919567649624 എന്നീ വാട്സ്ആപ് നമ്പറുകളിൽ ഈ ഹെൽപ് ലൈൻ സൗകര്യം പ്രവർത്തിക്കും. കെ.എൻ.എം ഓൺലൈൻ മീഡിയ റിനൈ ടി.വി, സൗദി വിഭാഗം പരീക്ഷയുടെ പ്രചാരണ പ്രവർത്തനത്തിൽ പങ്കാളികളാകും.
സൗദിയിലെ മുഴുവൻ പ്രവിശ്യകളിലും ദഅ്വ, കാൾ ആൻഡ് അവയർനെസ് സെൻററുകളുടെ മലയാളവിഭാഗം അതത് പ്രദേശങ്ങളിലെ പഠിതാക്കൾക്കും പരീക്ഷാർഥികൾക്കും ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പരീക്ഷാർഥികൾക്ക് മാർക്കിന്റെ അടിസ്ഥാനത്തിൽ ഗ്രേഡുകൾ രേഖപ്പെടുത്തിയ അംഗീകൃത സർട്ടിഫിക്കറ്റുകൾ പരീക്ഷ ഫലത്തോടൊപ്പം വെബ്സൈറ്റിൽനിന്നും ലഭിക്കും. 2000ത്തിൽ ആരംഭിച്ച ഖുർആൻ പഠന പദ്ധതി 23 വർഷമായി ഇന്ന് ലോകമൊട്ടാകെയുള്ള മലയാളികൾക്കിടയിലെ ഏറ്റവും വലിയ ഖുർആൻ പഠന പദ്ധതിയാണെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ അബ്ദുൽ ഖയ്യൂം ബുസ്താനി, സലിം ചാലിയം, അബ്ദുറസാഖ് സ്വലാഹി, മുഹമ്മദ് സുൽഫിക്കർ, അഡ്വ. അബ്ദുൽജലീൽ മുഹമ്മദ്കുട്ടി കടന്നമണ്ണ, അബ്ദുൽ വഹാബ് പാലത്തിങ്ങൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.