റിയാദ്: സൗദിയിൽ ഞാൻ പ്രതീക്ഷിക്കാത്ത ചിലത് എപ്പോഴും കണ്ടെത്താറുണ്ടെന്ന് ലോകപ്രശസ്ത ഫുട്ബാൾ താരം ലയണൽ മെസ്സി. ഈ മാസം 29ന് റിയാദിൽ തുടങ്ങുന്ന റിയാദ് സീസൺ കപ്പ് ടൂർണമെൻറിൽ പങ്കെടുക്കാൻ അമേരിക്കൻ ടീമായ ഇൻറർ മിയാമിക്കൊപ്പം റിയാദിലെത്തിയതായിരുന്നു അദ്ദേഹം.
സൗദി ടൂറിസം അംബാസഡർ കൂടിയായ മെസ്സി ശേഷം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്. സൗദി അറേബ്യയിലേക്കുള്ള തെൻറ യാത്രകളെ ഇഷ്ടപ്പെടാനുള്ള കാരണം പ്രതീക്ഷിക്കാത്തത് എപ്പോഴും അവിടെ കണ്ടെത്തുന്നു എന്നത് കൊണ്ടാണ്. നിങ്ങൾ അടുത്തിടെ സൗദി അറേബ്യ സന്ദർശിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ അനുഭവവും അതിൽ നിങ്ങൾക്ക് പ്രത്യേകിച്ചും ഇഷ്ടപ്പെട്ട കാര്യങ്ങളും പങ്കിടണമെന്നും മെസി പറഞ്ഞു.
റിയാദ് സീസൺ കപ്പ് ടൂർണമെൻറിൽ പങ്കെടുക്കാൻ വ്യാഴാഴ്ചയാണ് മെസ്സി റിയാദിലെത്തിയത്. അൽഹിലാൽ, അൽ നസ്ർ ടീമുകൾക്കൊപ്പം റിയാദ് സീസൺ കപ്പിനായി മത്സരിക്കാനാണ് മെസ്സിയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ ഇൻറർമിയാമി സംഘം റിയാദിലെത്തിയിരിക്കുന്നത്. 29ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇൻറർ മിയാമി സൗദി എതിരാളി അൽ ഹിലാലിനെ നേരിടും. ഫെബ്രുവരി ഒന്നിന് നടക്കുന്ന ‘ദി ലാസ്റ്റ് ഡാൻസ്’ എന്ന അൽനസ്ർ-ഇൻറർ മിയാമി പോരാട്ടത്തിൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മുഖാമുഖം എറ്റുമുട്ടും.
കുടുംബത്തോടൊപ്പം മെസ്സി മാസങ്ങൾക്ക് മുമ്പ് റിയാദിലെ പൗരാണിക നഗരിയായ ദറഇയ സന്ദർശിച്ചിരുന്നു. അന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് മെസ്സിയെ സ്വാഗതം ചെയ്തത് ശ്രദ്ധേയമായിരുന്നു. സൗദി അറേബ്യയിലേക്കുള്ള രണ്ടാമത്തെ ടൂറിസ്റ്റ് യാത്രയിൽ സൗദി ടൂറിസം അംബാസഡർ ലയണൽ മെസ്സിയെയും കുടുംബത്തെയും സ്വാഗതം ചെയ്യുന്നതായാണ് അന്ന് സൗദി ടൂറിസം മന്ത്രി പറഞ്ഞത്. 2022ലാണ് മെസ്സി സൗദി ടൂറിസത്തിെൻറ അംബാസഡറായത്. ആ സമയത്ത് മെസ്സി ജിദ്ദയിലെ ചരിത്രമേഖലയിൽ പര്യടനം നടത്തുകയും ചെങ്കടലിൽ വിനോദ സഞ്ചാരം നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.