റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ആരംഭിച്ച 'ഇന്ത്യ ഫെസ്റ്റ്' റിയാദിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് ഉദ്‌ഘാടനം ചെയ്യുന്നു.

റിപ്പബ്ലിക് ദിനാഘോഷവുമായി ലുലു ഗ്രൂപ്പും; സൗദിയിലെ ഹൈപർമാർക്കറ്റുകളിൽ 'ഇന്ത്യ ഫെസ്റ്റി'ന്​ തുടക്കം

ജിദ്ദ: ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോടൊപ്പം മികച്ച ഓഫറുകൾ പ്രഖ്യാപിച്ച്​ ലുലു ഗ്രൂപ്പ്​ രംഗത്ത്. സൗദിയിലെ ലുലു ശാഖകളിൽ 'ഇന്ത്യ ഫെസ്​റ്റി​'ന്​ തുടക്കമായി. ജനുവരി 27 വരെ നീണ്ടുനിൽക്കുന്ന ഫെസ്​റ്റിനോട്​ അനുബന്ധിച്ച് ഭക്ഷ്യ വിഭവങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവക്ക് മികച്ച ഓഫറുകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് ഫെസ്​റ്റ്​ ഉദ്‌ഘാടനം ചെയ്തു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഒരു പ്രധാന ഘടകമാണ് ഭക്ഷ്യസുരക്ഷയെന്ന്​ അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരി അതിന്റെ ഏറ്റവും മൂർദ്ധന്യാവസ്ഥയിലായിരുന്ന സമയത്ത് പോലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഭക്ഷ്യ വിതരണ ശൃംഖലകൾ കൃത്യമായി പരിപാലിക്കപ്പെട്ടിരുന്നു. അരി, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുൾപ്പെടെ എല്ലാ ഇന്ത്യൻ ഉൽ‌പ്പന്നങ്ങളും ഈ കാലയളവിൽ സൗദിയിൽ ലഭ്യമാക്കുന്നതിൽ ലുലു ഗ്രൂപ്പ് വളരെ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ലുലു ഗ്രൂപ്പ് പുതിയ ഔട്ട്‌ലെറ്റുകൾ തുറക്കുന്നുവെന്നത് ഏറെ സന്തോഷകരമാണ്. രാജ്യത്തെ സ്വദേശികൾക്കിടയിൽ ലുലു ഹൈപ്പർമാർക്കറ്റുകളുടെ ജനപ്രീതി വർധിച്ചുവരുന്നതിന്റെ സൂചനയാണ് ഇത് കാണിക്കുന്നതെന്നും ഡോ. ഔസാഫ് സഈദ് പറഞ്ഞു. ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഷഹീം മുഹമ്മദ്, വിവിധ സർക്കാർ ഉദ്യോഗസ്ഥർ, ലുലു ഹൈപ്പർമാർക്കറ്റ് റിയാദ് അവന്യൂ മാളിലെ ജീവനക്കാർ എന്നിവർ സംബന്ധിച്ചു. ജിദ്ദയിൽ ആക്ടിങ് കോൺസുൽ ജനറൽ വൈ. സാബിർ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലഘുചടങ്ങുകളാണ് രണ്ടിടങ്ങളിലും ഒരുക്കിയത്.

ഇന്ത്യൻ സംസ്കാരത്തിന്റെ സൗന്ദര്യവും വൈവിധ്യവും ഇതുപോലുള്ള ഒരു ഉത്സവത്തിലൂടെ ഒരുക്കാനായതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ഓഫീസുകളിലൂടെ 200 ദശലക്ഷം റിയാലിന്റെ ഉൽപ്പന്നങ്ങൾ ഓരോ വർഷവും സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യയുടെ മഹത്തായ സംസ്കാരവും പാരമ്പര്യവും ഭക്ഷ്യവിഭവങ്ങളുമെല്ലാം സൗദിയിലെ 200 ഓളം രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങളിലേക്ക് ഇതുവഴി എത്തിക്കാൻ കഴിയുന്നുവെന്നതിൽ തങ്ങൾക്ക് ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ പഴങ്ങളും പച്ചക്കറികളും മുതൽ മാംസം വരെയും പരമ്പരാഗത വസ്ത്രങ്ങളായ സാരികളും ചുരിദാറുകളുമടക്കം വിവിധ വിഭാഗങ്ങളിലായി 7,000 ലധികം ഉൽപ്പന്നങ്ങളാണ് ഫെസ്റ്റിന്റെ ഭാഗമായി ലുലുവിൽ ഒരുക്കിയിരിക്കുന്നത്. ഭക്ഷ്യ വിഭവങ്ങളായ ബിരിയാണി, വിവിധ കറികൾ‌, നാടൻ വിഭവങ്ങൾ എന്നിവ ചൂടോടെയും പരമ്പരാഗത മധുരപലഹാരങ്ങൾ‌ എന്നിവയ്‌ക്കായി പ്രത്യേകം കൗണ്ടറുകൾ തന്നെ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിൽ സ്വന്തമായി ഭക്ഷ്യ സംസ്കരണ പ്ലാന്റുകളും വിതരണ ഓഫീസുകളുമുള്ള ലുലു കാലത്തിനനുസരിച്ചുള്ള പുതിയ ശ്രേണി ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനുള്ള വിപുലമായ ശ്രമങ്ങൾ നടത്തി വരുന്നു. ഗൾഫ് രാജ്യങ്ങൾ, ഇന്ത്യ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങി 10 രാജ്യങ്ങളിലായി അതിവേഗം വളരുന്ന റീട്ടെയിൽ ശൃംഖലയായി ലുലു ഗ്രൂപ്പ് വളർന്നിട്ടുണ്ട്. നിലവിൽ 198 ലധികം സ്റ്റോറുകളിലായി 55,000 ത്തിലധികം ജീവനക്കാർ പ്രവർത്തിക്കുന്നതായും ലുലു മാനേജ്‌മെന്റ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-15 01:56 GMT