സൗദി കോഫി പ്രചരണ വാർഷികാഘോഷത്തിന് റിയാദ്​ അത്​യാഫ്​ മാളിലെ​ ലുലു ഹൈപർമാർക്കറ്റിൽ തുടക്കം കുറിച്ചപ്പോൾ

സൗദി കോഫി പ്രചരണ വാർഷികാഘോഷത്തിന്​ ലുലുവിൽ തുടക്കം

റിയാദ്​: സൗദി സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ച്​ ലുലു ഹൈപർമാർക്കറ്റ്​ 'സൗദി കോഫി (ഖഹ്​വ) 2022' വാർഷികാഘോഷത്തിന്​ തുടക്കം കുറിച്ചു. രാജ്യത്ത്​ വിളയുന്ന കാപ്പിക്കുരുക്കളുടെ പാചകപരവും സാംസ്കാരികവുമായ പ്രാധാന്യത്തിലേക്കും സൗദിയുടെ ആതിഥ്യമര്യാദയുടെ അടയാളമെന്ന നിലയിൽ തനതായ പരമ്പരാഗതവും പ്രതീകാത്മകവുമായ പ്രാധാന്യത്തിലേക്കും ശ്രദ്ധ ആകർഷിക്കുന്നതിന്​ വിപുലമായ പ്രമോഷൻ പരിപാടിയാണ്​ സംഘടിപ്പിക്കുന്നത്​.

ഖഹ്‌വ എന്ന അറബി പദത്തിൽ നിന്നാണ് കോഫി എന്ന വാക്ക് ഉരുത്തിരിഞ്ഞത്. ലോകത്തിന്​ ഏറ്റവും പ്രിയപ്പെട്ട വിവിധ രുചികളിലുള്ള കാപ്പി സൗദിയിൽ ഉദ്​പാദിപ്പിക്കുകയും സംസ്കരിച്ച്​ വിപണിയിലെത്തിക്കുകയും ചെയ്യുന്നുണ്ട്​. യാതൂഖ്​, നജ്​ദയ, ജബാലിയ, റെഡ്​ ഗോൾഡ്​ തുടങ്ങിയ നിരവധി ഇനങ്ങളുണ്ട്​. സൗദി കോഫി മേളയുടെ ഈ വർഷം മുഴുവൻ നീളുന്ന ആഘോഷം റിയാദ്​ അത്​യാഫ്​ മാളിലെ ലുലു ഹൈപർമാർക്കറ്റിൽ സാംസ്കാരിക മന്ത്രാലയത്തിന്‍റെയും ​സൗദി കോഫി സംരംഭക സംഘത്തിന്‍റെയും പാചക കല കമീഷന്‍റെയും ലുലു ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ ഉദ്​ഘാടനം ചെയ്യപ്പെട്ടു.

ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്​ ചടങ്ങിനെത്തിയവരെ വരവേറ്റു. രാജ്യത്തുടനീളം പ്രചാരത്തിലുള്ള 'അറബിക് കോഫി' എന്ന പേര്​​ 'സൗദി കോഫി' എന്നാക്കി മാറ്റാനുള്ള സൗദി അധികൃതരുടെ നീക്കത്തിനൊപ്പം കൈകോർത്ത്​​ ലുലു ഇത്തരമൊരു മേളയിലൂടെ കാപ്പിയുടെ സൗദി പൈതൃകം അടിവരയിട്ടുറപ്പിക്കുകയാണ്​ ചെയ്യുന്നതെന്ന്​ വാർത്താക്കുറിപ്പിൽ പറഞ്ഞു.

തദ്ദേശീയ പൈതൃക പെരുമയുള്ള 'സൗദി ഖവ്‌ലാനി' കാപ്പിയിലാണ്​ പ്രത്യേകമായും​ മേള ശ്രദ്ധയൂന്നുന്നത്​. ജീസാനിലെ പച്ചപ്പ് നിറഞ്ഞ താഴ്‌വരകളിൽ പരമ്പരാഗതമായി കൃഷി ചെയ്യുകയും സംസ്‌കരിക്കുകയും ചെയ്​തുവരുന്ന 'ഖവ്‌ലാനി' ഖവ്‌ലാൻ എന്ന ദേശത്തെ പുരാതന ഗോത്രങ്ങൾ തലമുറകളായി കൈമാറിവരുന്ന ഒരു നാടൻ കാപ്പിക്കുരുവാണ്​. ഏതാണ്ട്​ 300 വർഷത്തിലേറെയായ പാരമ്പര്യമുള്ള ഖവ്‌ലാനി ലോകത്തിലെ ഏറ്റവും പ്രശസ്തമായ കാപ്പിക്കുരുകളിലൊന്നായി കണക്കാക്കപ്പെടുന്നു. ലോകത്ത്​ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന ജീസാൻ പ്രദേശത്തിന്‍റെ പച്ച സ്വർണം എന്നാണ്​ ഈ കാപ്പിക്കുരു വിശേഷിപ്പിക്കപ്പെടുന്നത്​. ലോകത്തെ ഏറ്റവും വലിയ കാപ്പി ഉദ്​പാദകരായി നിലകൊള്ളുന്ന സൗദി അറേബ്യ കോഫിയുടെ ഏറ്റവും മികച്ച ഉപഭോക്താക്കളുടെ രാജ്യം കൂടിയാണ്​. സൗദി കോഫി വർഷാഘോഷത്തിൽ ഒരു പ്രധാന പ്രൊമോട്ടറായി ലുലു തുടരുമെന്നും സൗദി കാപ്പി പൈതൃകത്തിന്‍റെ ദൃശ്യ ഓർമപ്പെടുത്തലായി പുനരുപയോഗിക്കാവുന്ന ബാഗുകൾ, പേപ്പർ കപ്പുകൾ, ഫേഷ്യൽ ടിഷ്യു തുടങ്ങിയവ ലുലുവിന്‍റെ എല്ലാ ശാഖകളിലും ഉപഭോക്താക്കൾക്ക്​ നൽകുമെന്നും അതിലെല്ലാം 'സൗദി കോഫി 2022'ന്‍റെ വ്യതിരിക്തമായ കലാസൃഷ്ടികൾ പതിപ്പിക്കുമെന്നും ഷഹീം മുഹമ്മദ്​ പറഞ്ഞു. 

Tags:    
News Summary - Lulu kicks off Saudi coffee campaign anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.