റിയാദ്: ഹൈഡ്രജൻ സമ്പദ്വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര പങ്കാളിത്ത സംരംഭത്തിൽ സൗദി അറേബ്യ ചേർന്നതായി ഊർജ മന്ത്രാലയം അറിയിച്ചു. ഹൈഡ്രജൻ സമ്പദ്വ്യവസ്ഥയെ വികസിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
ഇതിൽ കണ്ണിചേരാനുള്ള സൗദി അറേബ്യയുടെ തീരുമാനം സുസ്ഥിരത വർധിപ്പിക്കുന്നതിനും ശുദ്ധമായ ഊർജമേഖലകളിൽ നൂതന പരിഹാരവും നവീകരണവും ലക്ഷ്യമിട്ടുമാണ്.
ഈ രംഗത്ത് രാജ്യം വഹിച്ച മികച്ച പങ്ക് സ്ഥിരീകരിക്കുന്ന ഒരു പുതിയ ചുവടുവെപ്പാണിതെന്നും മന്ത്രാലയം പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശുദ്ധ ഹൈഡ്രജൻ ഉൽപാദകരും കയറ്റുമതിക്കാരുമായ രാജ്യങ്ങളിൽ ഒന്നായി മാറാനും 2060 ലോ അതിനുമുമ്പോ സീറോ കാർബൺ സമ്പദ്വ്യവസ്ഥയിലെത്താനുമുള്ള ശ്രമത്തിന്റെ ചുവടുവെപ്പും കൂടിയാണിത്.
സീറോ കാർബൺ സാമ്പത്തിക സമീപനത്തിന്റെ ചട്ടക്കൂടിനുള്ളിൽ ആവശ്യമായ സാങ്കേതികവിദ്യകളുടെ ലഭ്യതയെ ഇത് ആശ്രയിച്ചിരിക്കുന്നുവെന്നും മന്ത്രാലയം പറഞ്ഞു. ഈ പങ്കാളിത്തത്തിലേക്കുള്ള സൗദിയുടെ പ്രവേശനം അന്താരാഷ്ട്ര സഹകരണത്തിന്റെ പങ്കിനെയും കൂടുതൽ സുസ്ഥിരമായ ഊർജ ഭാവി കൈവരിക്കുന്നതിലെ പ്രാധാന്യത്തെയും കുറിച്ചുള്ള ഉറച്ച കാഴ്ചപ്പാടിനെ സ്ഥിരീകരിക്കുന്നു.
കാർബൺ പുറന്തള്ളൽ കുറക്കാൻ ലക്ഷ്യമിടുന്ന ‘ഗ്രീൻ സൗദി അറേബ്യ’, ‘ഗ്രീൻ മിഡിലീസ്റ്റ്’ സംരംഭങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത് സംഭാവന ചെയ്യും. ശുദ്ധമായ ഹൈഡ്രജന്റെ ആഗോള ഡിമാൻഡ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുന്നതിനൊപ്പം ശുദ്ധമായ ഹൈഡ്രജൻ സമ്പദ്വ്യവസ്ഥ വർധിപ്പിക്കുന്നതിന് വ്യവസ്ഥകളും മാനദണ്ഡങ്ങളും ക്രമീകരിക്കുന്നതിന് ഇത് സംഭാവന നൽകുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.