ജുബൈൽ: സൗദിയിലെ പ്രമുഖ റീട്ടെയിലർ സ്ഥാപനമായ ലുലുവും ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്കായുള്ള സൗദി അറേബ്യയുടെ ഫിനാൻഷ്യൽ സിസ്റ്റം സൊല്യൂഷൻ പ്രൊവൈഡറായ 'മനാഫിത്തും' കൈകോർക്കുന്നു. ഗുണഭോക്താക്കൾക്ക് 'മനാഫിത്ത്' കാർഡുകൾ ഉപയോഗിച്ച് ഷോപ്പിങ്ങിനുള്ള അവസരമാണ് ലുലുവിൽ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ 2,10,000 മനാഫിത്ത് കാർഡ് ഉടമസ്ഥരായ കുടുംബങ്ങൾക്ക് ലുലു സ്റ്റോറുകളിലുടനീളം അവരുടെ കാർഡുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുവാനും ഇടപാടുകൾ നടത്തുവാനും കഴിയും.
ലുലു സൗദി ഹൈപ്പർ മാർക്കറ്റുകളുടെ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ബഷർ അൽ ബെഷർ, മനാഫിത്ത് സൗദിയ സി.ഇ.ഒ മജീദ് അൽ ഫജാർ എന്നിവർ ലുലു ഡയറക്ടർ ഷെഹിം മുഹമ്മദിന്റെ സാന്നിധ്യത്തിൽ ഇത് സംബന്ധിച്ച് കരാറിൽ ഒപ്പിട്ടു.
'ഈ സഹകരണം ഞങ്ങളുടെ ഓർഗനൈസേഷന് അഭിമാനകരമായ നിമിഷമാണ്. സൗദി അറേബ്യയിലുടനീളം ഉയർന്ന നിലവാരമുള്ളതും തന്ത്രപ്രധാനവുമായ റീട്ടെയിൽ ലൊക്കേഷനുകളുള്ള ലുലു പ്രാദേശിക സമൂഹത്തെ പരിപാലിക്കുന്നതിൽ ഏറെ മുന്നിലാണ്. ഇത് സാധ്യമാക്കുന്നതിനുള്ള ലുലുവിന്റെ മഹത്തായ ശ്രമങ്ങളെ പിന്തുണക്കുന്നതിനൊപ്പം സാങ്കേതിക പരിഹാരങ്ങളിലൂടെ ഗുണഭോക്താക്കൾക്ക് മികച്ച സേവനം നൽകാനും ഞങ്ങൾക്ക് കഴിയുന്നുവെന്ന്' മജീദ് അൽ ഫജാർ പറഞ്ഞു. കുടുംബങ്ങൾക്ക് അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിന് താങ്ങാവുന്ന വിലയിൽ ഉയർന്ന നിലവാരമുള്ള സാധനങ്ങൾ നല്കാൻ കഴിയുന്നത് സന്തോഷകരമാണെന്ന് ഷെഹിം മുഹമ്മദ് അഭിപ്രായപ്പെട്ടു.
ലോകമെമ്പാടും പ്രവർത്തിക്കുന്ന 203 സ്റ്റോറുൾ വഴി വിശാലമായ ഉൽപ്പന്ന ശ്രേണിക്ക് പേരുകേട്ട സ്ഥാപനമാണ് ലുലു. സാമൂഹ്യ സംരംഭങ്ങൾ, സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നിവ സ്ഥാപനത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്ന ഘടകങ്ങളാണെന്നും ലുലു മേധാവികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.