ജിദ്ദ: മക്ക ഹറമിലെ മതാഫ് വികസനപദ്ധതി കെട്ടിടത്തിന് സൗദി പോർട്ടികോ (റുവാഖ് അൽസൗദി) എന്ന പേരിടുമെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഇതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. വർധിച്ചുവരുന്ന തീർഥാടകരെ ഉൾക്കൊള്ളാനാണ് മതാഫ് വിപുലീകരണ പദ്ധതി നടപ്പിലാക്കിയത്. അബ്ബാസി പോർട്ടിക്കോയ്ക്ക് പിന്നിലാണ് മതാഫ് വിപുലീകരണ പദ്ധതി നടപ്പിലാക്കിയത്. മത്വാഫ് മുറ്റം വിപുലീകരിക്കാൻ സൗദി സ്ഥാപകനായ അബ്ദുൽ അസീസ് രാജാവാണ് ആദ്യം ഉത്തരവിട്ടത്. അങ്ങനെയാണ് സൗദി പോർട്ടിക്കോ വന്നത്.
വർധിച്ചുവരുന്ന തീർഥാടകരെ ഉൾക്കൊള്ളുന്നതിനായി സഊദ് രാജാവിന്റെ ഭരണകാലത്താണ് അതിന്റെ പണികൾ ആരംഭിച്ചത്. പോർട്ടിക്കോയുടെ നിർമാണം ഫൈസൽ രാജാവിന്റെയും ഖാലിദ് രാജാവിന്റെയും കാലഘട്ടത്തിലും തുടർന്നു. ഫഹദ് രാജാവിന്റെയും അബ്ദുല്ല രാജാവിന്റെയും കാലഘട്ടത്തിലും തുടർന്ന മത്വാഫ് വികസന പ്രവർത്തനങ്ങൾ സൽമാൻ രാജാവിന്റെ കാലഘട്ടം വരെയെത്തി. സൗദി പോർട്ടിക്കോ അബ്ബാസി പോർട്ടിക്കോയുടെ ചുറ്റും വലയം ചെയ്യുന്നതാണെന്നും അൽസുദൈസ് പറഞ്ഞു. മത്വാഫ് വികസനത്തിലൂടെ മസ്ജിദുൽ ഹറാമിൽ മുമ്പ് കണ്ടിട്ടില്ലാത്ത വിശാലതയാണ് ഉണ്ടായത്. നാല് നിലകളോട് കൂടിയാണ് മതാഫ് വികസനം പൂർത്തിയാക്കിയിരിക്കുന്നത്. നിലവിൽ സൗദി പോർട്ടികോയിൽ 2,87,000 പേർക്ക് നമസ്കരിക്കാനും മണിക്കൂറിൽ 1,08,000 പേർക്ക് ത്വവാഫ് ചെയ്യാനും സൗകര്യമുണ്ട്.
ഉയർന്ന നിലവാരത്തോടും കൃത്യമായ എൻജിനീയറിങ് മാനദണ്ഡങ്ങൾക്കനുസൃതവുമായാണ് സൗദി പോർട്ടിക്കോ ഒരുക്കിയിരിക്കുന്നത്. എല്ലാ സാങ്കേതിക, സേവനങ്ങളുടെയും സൗണ്ട്, ലൈറ്റിങ് സംവിധാനങ്ങളുടെയും ലഭ്യത അതിന്റെ സവിശേഷതയാണെന്നും ഇരുഹറം കാര്യാലയം മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.