ജിദ്ദ: കേരള സർക്കാർ ആഗോള മലയാളി സമൂഹത്തിനായി ആവിഷ്കരിച്ചിട്ടുള്ള ഭാഷാ പഠനവേദിയായ മലയാളം മിഷന്റെ ജിദ്ദ ചാപ്റ്റർ സാരഥികൾ ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അധികൃതരെ സന്ദർശിച്ചു. പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇംറാൻ, സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർ പേഴ്സൺ ഡോ. ഹേമലത രാജ് എന്നിവരുമായി സംഘാടകർ കൂടിക്കാഴ്ച നടത്തി.
ഇന്ത്യൻ പൊതുസമൂഹത്തിനാവശ്യമായ വിവിധ അക്കാദമിക വിഷയങ്ങളെക്കുറിച്ചും മലയാളം മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചനടത്തി. ഇന്ത്യൻ സ്കൂളിൽ ഒന്നാം ക്ലാസു മുതൽ മലയാള ഭാഷാ പഠനം ആരംഭിക്കുക, ആധുനിക കാലത്തിനനുസൃതമായ പശ്ചാത്തല സൗകര്യങ്ങൾ ഏർപ്പെടുത്തുക, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ അധികൃതർക്കു മുമ്പാകെ അവതരിപ്പിക്കുകയും സ്കൂളിനെ സംബന്ധിക്കുന്ന പൊതു വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു. മലയാളം മിഷൻ സൗദി ചാപ്റ്റർ കൺവീനർ ഷിബു തിരുവനന്തപുരം, രക്ഷാധികാരി നസീർ വാവക്കുഞ്ഞു, ജിദ്ദ കോർഡിനേറ്റർ ജുനൈസ് അസൈനാർ, ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് നിഷ നൗഫൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ടിറ്റോ മീരാൻ, സുവിജ സത്യൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ആഗോളാടിസ്ഥാനത്തിൽ 130 ൽ അധികം രാജ്യങ്ങളിൽ മലയാളം മിഷൻ്റെ ആഭിമുഖ്യത്തിൽ വ്യവസ്ഥാ പിതമായി ഭാഷാ പഠനക്ലാസുകൾ നടക്കുന്നുണ്ടെന്നും മൂന്നു ഘട്ടങ്ങളിലായുള്ള പഠനം പത്താം ക്ലാസിനു തുല്യമായി അംഗീകരിച്ചിട്ടുണ്ടെന്നും മലയാളം മിഷൻ ജിദ്ദാ ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.