റിയാദ്: സൗദി അറേബ്യ നികുതി സമ്പ്രദായം നവീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി സകാത് ആൻഡ് ടാക്സ് അതോറിറ്റിയുമായി (ZATCA) ഇലക്ട്രോണിക് ബില്ലുകൾ ബന്ധിപ്പിക്കുന്നതിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ ജനുവരി ഒന്നു മുതൽ നടപ്പാകും. അതോടെ രാജ്യത്തെ കൂടുതൽ സ്വകാര്യ വാണിജ്യ സ്ഥാപനങ്ങൾക്ക് ഇ-ഇൻവോയ്സിങ് നിയമം ബാധകമാവും. ഈ നീക്കം സാമ്പത്തിക സുതാര്യത വർധിപ്പിക്കുന്നതാണ്. രാജ്യത്തുടനീളമുള്ള നികുതി പ്രക്രിയകൾ കാര്യക്ഷമമാക്കാൻ സഹായിക്കുകയും ചെയ്യും.
പുതിയ നിയന്ത്രണങ്ങൾ പ്രകാരം, ഇലക്ട്രോണിക് ഇൻവോയ്സുകൾ ഇപ്പോൾ നികുതിക്ക് വിധേയമാണ്, ഇത് സൗദി അറേബ്യയിലുടനീളമുള്ള സ്ഥാപനങ്ങളെ നടപ്പാക്കാൻ പ്രേരിപ്പിക്കുന്നതാണ്. 20 ദശലക്ഷം റിയാലിൽ കൂടുതൽ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങളുടെ ബില്ലിങ് ജനുവരി ഒന്നിനകം ടാക്സ് അതോറിറ്റിയുടെ ‘ഫത്തൂറ’ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കണം. ഇങ്ങനെ നേരിട്ട് ബന്ധിപ്പിക്കുന്ന നടപടികൾ ഒന്നാം ഘട്ടത്തിൽ തന്നെ തുടങ്ങിയിരുന്നു. രണ്ടും മൂന്നും ഘട്ടങ്ങൾ കൂടി വന്നതോടെ കൂടുതൽ സ്ഥാപനങ്ങൾക്ക് ഇനി ഈ പ്രക്രിയകൾ പൂർത്തിയാക്കേണ്ടിവരും. അതിനുള്ള സഹായങ്ങൾ നൽകാൻ ഈ രംഗത്തെ സർവിസ് കമ്പനികൾ തയാറെടുപ്പ് പൂർത്തിയാക്കികഴിഞ്ഞു.
രാജ്യത്തെ പോയൻറ് ഓഫ് സെയിൽ (POS) സോഫ്റ്റ്വെയറുകളുടെയും മെഷീനുകളുടെയും പ്രമുഖ ദാതാവായ അദ്വ അൽഷുഗ ഈ പ്രക്രിയകൾ തടസ്സമില്ലാതെ പൂർത്തിയാക്കി കൊടുക്കുന്ന സ്ഥാപനമാണെന്ന് മാനേജ്െമൻറ് വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലവിൽ 30,000-ലധികം കച്ചവട സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന അദ്വ അൽഷുഗയുടെ ZKPOS ഇലക്ട്രോണിക് ബില്ലിങ് സോഫ്റ്റ്വെയർ, പുതിയ ചട്ടങ്ങൾ പാലിക്കുന്നതിന് ഏറ്റവും പുതിയ അപ്ഡേറ്റിന് വിധേയമാണ്. പിഴകൾ ഒഴിവാക്കുന്നതിനായി തങ്ങളുടെ സോഫ്റ്റ്വെയർ ഉടൻ പുതുക്കാനും അപ്ഡേറ്റ് ചെയ്യാനും സ്വകാര്യ സ്ഥാപനങ്ങൾ ഇനിയും വൈകാൻ പാടില്ല.
ഇ-ഇൻവോയ്സ് ലിങ്കിങ് നടപ്പാക്കുന്നത് സൗദി അറേബ്യയുടെ നികുതി സമ്പ്രദായത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ഇത് മെച്ചപ്പെട്ട സാമ്പത്തിക സുതാര്യതക്കും കാര്യക്ഷമമായ നികുതി പ്രക്രിയകൾക്കും വഴിയൊരുക്കുന്നതാണെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.