ജിദ്ദ: കോവിഡിനെ തുടർന്നുണ്ടായ നീണ്ട ഇടവേളക്ക് ശേഷം മക്കയിലെ മസ്ജിദുൽ ഹറാം ജമാഅത്ത് നമസ്കാരത്തിന് എത്തുന്ന പൊതുജനത്തിന് തുറന്നുകൊടുത്തു. ഞായറാഴ്ച സുബ്ഹി നമസ്കാരം മുതലാണ് ഹറം കവാടങ്ങൾ തുറന്നത്. ഉംറ തീർഥാടനം രണ്ടാം ഘട്ടവും ആരംഭിച്ചു. കോവിഡിനെ തുടർന്ന് ഏഴ് മാസത്തോളമായി പുറത്തുനിന്ന് നമസ്കരിക്കാനെത്തുന്നവർക്ക് ഹറമിൽ പ്രവേശനാനുമതി ഇല്ലായിരുന്നു. കർശനമായ കോവിഡ് പ്രോേട്ടാക്കോൾ പാലിച്ചാണ് ആളുകളെ ഹറമിലേക്ക് പ്രവേശിപ്പിച്ചത്.
ഉംറ തീർഥാടകരോടൊപ്പം വിദേശികളും സ്വദേശികളായ നിരവധി പേർ മസ്ജിദുൽ ഹറാമിൽ നമസ്കാരം നിർവഹിച്ചു. ഇഅ്തമർനാ ആപ്പിലുടെ അനുമതി നേടിയവരാണിവർ. സമൂഹ അകലം പാലിച്ചാണ് പൊതുജനം നമസ്കാരം നിർവഹിച്ചത്. വരികൾക്കിടയിൽ അകലം പാലിക്കാൻ പ്രത്യേക ലൈനുകൾ തിരിച്ചു. അത് വ്യക്തമാക്കുന്ന സ്റ്റിക്കറുകൾ പതിച്ചു.
14 ദിവസം നീണ്ടു നിൽക്കുന്ന ഉംറ തീർഥാടനം രണ്ടാംഘട്ടത്തിൽ പ്രതിദിനം 15,000 തീർഥാടകർക്കാണ് അനുമതി. 40,000 പേർക്ക് പ്രതിദിന നമസ്കാരത്തിനും അനുമതിയുണ്ട്. രണ്ടാംഘട്ടത്തിൽ രണ്ടാഴ്ചക്കിടെ 2,20,000 തീർഥാടകരെയാണ് അനുവദിക്കുന്നത്. ആകെ 5,60,000 പേർക്ക് ഹറമിൽ നമസ്കരിക്കാനും അനുമതി നൽകും.
ഉംറ പുനരാരംഭിച്ച ഒക്ടോബർ നാലിലെ ആദ്യഘട്ടത്തിൽ പ്രതിദിനം 6,000 പേർക്കായിരുന്നു ഉംറ നിർവഹിക്കാൻ അനുമതി. അതാണ് രണ്ടാം ഘട്ടത്തിൽ 15,000 ആയി ഉയർത്തുന്നത്. തീർഥാടകർക്കും നമസ്കാരിക്കാനെത്തുന്നവർക്കും പോകുന്നതിനും വരുന്നതിനും പ്രത്യേക കവാടങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
ഉംറ തീർഥാടകരുടെ എണ്ണം കൂടുന്നതോടൊപ്പം ഹറമിൽ നമസ്കരിക്കാൻ ആളുകളെത്തുമെന്നതിനാൽ തീർഥാടകരുടെ സേവനത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും മുൻകരുതലുകളും ഇരുഹറം കാര്യാലയം, ഹജ്ജ് ഉംറ മന്ത്രാലയം, ആരോഗ്യ വകുപ്പ് എന്നിവ സ്വീകരിച്ചിരുന്നു. നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും സേവനങ്ങൾ വേഗത്തിലാക്കുന്നതിനും സാധ്യമായ സാേങ്കതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നു. നമസ്കരിക്കാനെത്തുന്നവർക്ക് ഹറമിലേക്കും തിരിച്ചും ബസ് സർവിസുകളും ഏർപ്പെടുത്തിയിട്ടുണ്ട്.
ശുചീകരണ ജോലികളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. ദിവസവും 10 തവണയാണ് ഹറമും പരിസരവും അണുമുക്തമാക്കുകയും ശുചീകരിക്കുകയും ചെയ്യുന്നത്. ഇതിനായി 40,000 തൊഴിലാളികളെയും നിയോഗിക്കുകയും സ്മാർട്ട് റോബോട്ട് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഹറമിലെ പ്രവേശന കവാടങ്ങളിൽ സ്റ്റെറിലൈസറുകൾ ഒരുക്കിയിട്ടുണ്ട്. സംസം വിതരണത്തിന് ആറ് സ്ഥലങ്ങളും നിശ്ചിയിട്ടുണ്ട്. അണുമുക്തമാക്കിയ സംസം നിറച്ച ബോട്ടിലുകൾ വിതരണം ചെയ്യുന്നതായി പ്രത്യേക ആളുകളെയും നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.